സൈന്യത്തിലിറങ്ങേണ്ടി വരുമോ? കൂട്ടത്തോടെ റഷ്യ വിടാന്‍ ജനം, വിമാന ടിക്കറ്റുകൾ വിറ്റു തീർന്നു

ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്‌ളിൽ ടോപ് ട്രൻഡിങ്ങാണ്

Update: 2022-09-22 11:41 GMT
Editor : abs | By : Web Desk

മോസ്‌കോ: നിർബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂട്ടത്തോടെ രാജ്യം വിടാൻ റഷ്യക്കാർ. റഷ്യയിൽനിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. അർമീനിയ, ജോർജിയ, അസർബൈജാൻ, കസാഖിസ്താൻ എന്നിവിടങ്ങളിലേക്കുള്ള വൺവേ ടിക്കറ്റുകളാണ് വിറ്റവയെല്ലാം. ബഹുഭൂരിപക്ഷവും തിരിച്ച് ടിക്കറ്റെടുത്തിട്ടില്ല.

ശനിയാഴ്ച വരെ ഇസ്താംബൂളിലേക്കുള്ള എല്ലാ ടിക്കറ്റുകളും ബുക്കു ചെയ്യപ്പെട്ടതായി തുർക്കിഷ് എയർലൈൻസ് വെളിപ്പെടുത്തി. അതിനിടെ, 18നും 65നും ഇടയിലുള്ള പൗരന്മാർക്ക് വിമാനടിക്കറ്റ് നൽകരുതെന്ന് ഗവൺമെന്റ് ആവശ്യപ്പെട്ടതായി നിരവധി മാധ്യമ പ്രവർത്തകർ ട്വീറ്റു ചെയ്തു. ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്‌ളിൽ ടോപ് ട്രൻഡിങ്ങായി.

Advertising
Advertising

യുക്രൈനെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ പേർ അണിനിരക്കണമെന്ന് ടെലിവിഷൻ അഭിസംബോധനയിൽ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ അണി നിരക്കാൻ മുപ്പത് ലക്ഷം പേരെ വിളിക്കുമെന്നാണ് പുടിന്റെ പ്രസംഗ ശേഷം പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു അറിയിച്ചിരുന്നത്. പാർഷ്യൽ മൊബിലൈസേഷൻ (നിശ്ചിത ശതമാനം പേർ സൈന്യത്തിന്റെ ഭാഗമാകൽ) ആവശ്യമാണ് എന്നായിരുന്നു പുടിൻ പറഞ്ഞിരുന്നത്.

ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. യുദ്ധം ഏഴു മാസം പിന്നിടുമ്പോൾ യുക്രൈനിലെ പല സ്ഥലങ്ങളിൽനിന്നും വിദേശ സേനയ്ക്ക് പിന്മാറേണ്ടി വന്നിട്ടുണ്ട്. സൈനിക തിരിച്ചടി നേരിട്ടതോടെ കിഴക്കൻ-തെക്കുകിഴക്കൻ യുക്രൈനിൽ ഹിതപരിശോധന നടത്താൻ റഷ്യ ഒരുങ്ങുന്നുണ്ട്. റഷ്യയുടെ ഭാഗമാകണോ എന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെള്ളിയാഴ്ച ആരംഭിക്കും. വോട്ടെടുപ്പ് ഫലം അനുകൂലമായാൽ യുക്രൈനിന്റെ പതിനഞ്ചു ശതമാനം പ്രദേശം റഷ്യൻ ഫെഡറേഷന്റെ ഭാഗമാകും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News