തുടരുന്ന വ്യോമാക്രമണം; യുക്രൈനിൽ റഷ്യ വർഷിച്ചത് 84 ക്രൂയിസ് മിസൈലുകൾ

യുഎൻ പൊതുസഭയിൽ റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം

Update: 2022-10-11 13:09 GMT
Advertising

കിയവ്: യുക്രൈനിൽ വൻ വ്യോമാക്രമണം നടത്തിയ റഷ്യ 84   മിസൈലുകളാണ് തൊടുത്തുവിട്ടത്. റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. റഷ്യൻ ആക്രമണം ഞെട്ടിപ്പിച്ചെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചു.

യുഎൻ പൊതുസഭയിൽ റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. യുക്രൈനിയൻ നഗരങ്ങളിൽ റഷ്യ നടത്തിയെ മിസൈൽ ആക്രമണങ്ങളെ അപലപിച്ച അമേരിക്ക പുടിൻ നടത്തുന്ന നിയമവിരുദ്ധ യുദ്ധത്തിന്റെ നേർക്കാഴ്ചയാണ് മിസൈൽ ആക്രമണമെന്ന് പ്രതികരിച്ചു.

യുക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സഹായങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഉറപ്പാക്കി. ഖാർക്കീവ്, കിയവ്, സാപ്രോഷ്യ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മിസൈൽ ആക്രമണം നടന്നത്. അതേസമയം റഷ്യയെ ക്രിമയയുമായി ബന്ധിപ്പിക്കുന്ന പാലത്തിൽ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന്റെ തിരിച്ചടിയാണ് നിലവിലെ ആക്രമണങ്ങളെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിന്റെ പ്രതികരണം.

അതേസമയം യുദ്ധത്തെ അപലപിക്കാത്ത ചൈനയും ഇന്ത്യയും സംഘർഷം കുറയ്ക്കാൻ ആഹ്വാനം ചെയ്തു. യുക്രൈനിലെ മിസലൈാക്രമണത്തിന് റഷ്യൻ അനുകൂല ഹക്കാർമാരുടെ സൈബർ ആക്രമണത്തിൽ യുഎസിലെ നിരവധി വിമാനത്താവളങ്ങളുടെ വെബ്‌സൈറ്റുകൾ ഏറെ നേരം സ്തംഭിച്ചു.

അനാവശ്യ യാത്രകൾ ഒഴിവാക്കാൻ യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈൻ ഭരണകൂടം പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. കിയവിലെ ഇന്ത്യൻ എംബസിയാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. യുക്രൈനിൽ താമസിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് എംബസിക്ക് വിവരം നൽകാനും ഉത്തരവുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിക്ക് ഇവരെ രക്ഷിക്കാനുള്ള സന്നാഹമൊരുക്കാനാണിത്.

യുക്രൈനിലെ പുതിയ ആക്രമണങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ആക്രമണങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News