ഒരേ ജൂത രക്തം; സെലന്‍സ്കിയെ ഹിറ്റ്ലറിനോട് ഉപമിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി

ലാവ്‍റോവിന്‍റെ പരാമര്‍ശം ക്ഷമിക്കാനാവാത്തതും അതിരു കടന്നതും ചരിത്രപരമായ തെറ്റുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് പറഞ്ഞു

Update: 2022-05-02 09:53 GMT
Editor : Jaisy Thomas | By : Web Desk

റഷ്യ: യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിനോട് താരതമ്യം ചെയ്ത് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‍റോവ്. സെലൻസ്‌കിയും ഹിറ്റ്‌ലറും നാസികളാണെന്നും അവരിൽ ജൂത രക്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇറ്റാലിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ യുക്രൈനെ 'ഡീനാസിഫൈ' ചെയ്യാനുള്ള റഷ്യയുടെ ശ്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ലാവ്‍റോവിന്‍റെ പ്രതികരണം. രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ചില വ്യക്തികൾ ജൂതന്മാരാണെങ്കിലും യുക്രൈനില്‍ നാസി ഘടകങ്ങൾ ഉണ്ടായിരിക്കുമെന്ന് സെർജി ലാവ്‌റോവ് വിശദീകരിച്ചു. ലാവ്‍റോവിന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

Advertising
Advertising

ലാവ്‍റോവിന്‍റെ പരാമര്‍ശം ക്ഷമിക്കാനാവാത്തതും അതിരു കടന്നതും ചരിത്രപരമായ തെറ്റുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് പറഞ്ഞു. "ജൂതന്മാർ ഹോളോകോസ്റ്റിൽ (രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ്) സ്വയം കൊലപ്പെടുത്തിയില്ല. യഹൂദർക്കെതിരായ വംശീയതയുടെ ഏറ്റവും താഴ്ന്ന തലമെന്നാല്‍ യഹൂദന്മാരെ തന്നെ യഹൂദവിരുദ്ധത ആരോപിക്കുന്നതാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.''ലാവ്‌റോവ് ഹോളോകോസ്റ്റിന്‍റെ വിപരീതമാണ് പ്രചരിപ്പിക്കുന്നത്. ഹിറ്റ്‌ലർ യഹൂദ വംശജനാണെന്ന തികച്ചും അടിസ്ഥാനരഹിതമായ അവകാശവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ഇരകളെ കുറ്റവാളികളാക്കി മാറ്റുന്നു. ചരിത്രത്തെ പൂർണമായും വളച്ചൊടിക്കുന്നതും നാസിസത്തിന്‍റെ ഇരകളോടുള്ള അവഹേളനവുമാണ്'' യെയർ ലാപിഡ് പറഞ്ഞു. ലാവ്‌റോവിന്‍റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് റഷ്യൻ അംബാസഡറെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News