യുക്രൈനിലെ റഷ്യൻ അധിനിവേശം; ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾക്കു നേരെ ഷെല്ലാക്രമണം തുടരുന്നു

ചുമരുകൾക്ക് കേടുപാടുകളുണ്ടാവുകയും ജനാലകൾ പൊട്ടിത്തെറിക്കുകയും ചെയ്തു

Update: 2022-03-12 12:08 GMT
Advertising

യുക്രൈന്റെ തെക്കൻ നഗരമായ മൈക്കോളൈവിലുണ്ടായ ഷെല്ലാക്രമണത്തിൽ കാൻസർ ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങൾക്ക് തകരാറുകളുണ്ടായി. ആക്രമണസമയത്ത് നൂറുകണക്കിന് രോഗികൾ ആശുപത്രിയിലുണ്ടായിരുന്നെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ആശുപത്രിയിലെ പ്രധാന ഡോക്ടർ മാക്സിം ബെസ്നോസെങ്കോ പറഞ്ഞു. ചുമരുകൾക്ക് കേടുപാടുകളുണ്ടാവുകയും ജനാലകൾ പൊട്ടിത്തെറിക്കുകയും ചെയ്തു.

കിയവിൽ നിന്നും 470 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൈക്കോളൈവ്. ബുധനാഴ്ച തെക്കൻ നഗരമായ മരിയുപോളിലെ മെറ്റേർണിറ്റി ആശുപത്രിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയതായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.

യുക്രൈൻ തലസ്ഥാനമായ കിയവ് അടക്കമുള്ള നഗരങ്ങൾ സമ്പൂർണമായി പിടിച്ചടക്കാനായി വ്‌ളാദ്മിർ പുടിൻ പുതിയ തന്ത്രങ്ങൾ മെനയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നഗരങ്ങൾ ആക്രമിച്ചു കീഴടക്കാൻ വിദഗ്ധരായ സിറിയൻ പോരാളികളെ യുദ്ധത്തിനായി എത്തിക്കാനാണ് റഷ്യൻനീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നത്. വൻ ആയുധസന്നാഹങ്ങളുമായെത്തിയിട്ടും യുക്രൈൻ നഗരങ്ങളിൽ വൻ പ്രത്യാക്രമണമാണ് റഷ്യൻപടയ്ക്ക് നേരിടേണ്ടിവന്നത്.

നിരവധി നഗരങ്ങൾ കടന്ന് തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശങ്ങൾ വരെ എത്തിയിട്ടുണ്ടെങ്കിലും നഗരത്തിലേക്ക് കടക്കാൻ ഇനിയുമായിട്ടില്ല. കനത്ത ചെറുത്തുനിൽപ്പാണ് യുക്രൈൻസൈന്യം തുടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റഷ്യയുടെ പുതിയ യുദ്ധതന്ത്രം. സിറിയൻ നഗരങ്ങളിൽ ആക്രമണവിദഗ്ധരായ സംഘത്തെയാണ് റഷ്യ കിയവ് ദൗത്യത്തിനായി ഇറക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News