വാഷിംഗ്ടൺ: ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം ലംഘിച്ച് മുന്നേറാൻ ശ്രമിച്ച ചൈനീസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ ദൗത്യം ഉപേക്ഷിച്ച് മടങ്ങി. 'റിച്ച് സ്റ്റാറി' എന്ന കപ്പലാണ് യുഎസ് നാവികസേനയുടെ ഉപരോധം അവഗണിച്ച് ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ശേഷം തിരികെ പോയത്.
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധം നിലവിൽ വന്നതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. ചൊവ്വാഴ്ച കടലിടുക്ക് കടക്കാൻ ശ്രമിച്ച എട്ട് കപ്പലുകളിൽ ഒന്നായിരുന്നു റിച്ച് സ്റ്റാറി. തുടക്കത്തിൽ ഉപരോധം മറികടന്നുവെന്ന് തോന്നിച്ചെങ്കിലും, ബുധനാഴ്ച ഉച്ചയോടെ കപ്പൽ പെട്ടെന്ന് യു-ടേൺ എടുത്ത് തിരികെ ഹോർമുസ് കടലിടുക്കിലേക്ക് തന്നെ പ്രവേശിക്കുകയായിരുന്നുവെന്ന് ഷിപ്പിങ് ഡാറ്റകള്‍ വ്യക്തമാക്കുന്നു.
2023-ൽ തന്നെ അമേരിക്ക കറുത്ത പട്ടികയിൽ ഉൾപ്പെടുത്തിയ കപ്പലാണിത്. മേഖലയിലെ എണ്ണ നീക്കം നിരീക്ഷിക്കുന്ന ഇൻവെസ്റ്റർമാരും ഷിപ്പിംഗ് കമ്പനികളും ഈ കപ്പലിന്റെ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് വീക്ഷിച്ചിരുന്നത്. ഹംരിയ തുറമുഖത്ത് നിന്ന് കയറ്റിയ ഏകദേശം 250,000 ബാരൽ മെഥനോൾ ആണ് റിച്ച് സ്റ്റാറിയിലുള്ളത്. ഒമാൻ ഉൾക്കടലിലെ ഇറാനിയൻ തുറമുഖമായ ചബഹാറിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളെ ചൊവ്വാഴ്ച യുഎസ് ഡിസ്ട്രോയർ കപ്പൽ തടഞ്ഞിരുന്നു. അതേസമയം, അലീഷ്യ , അജിയോസ് ഫനൗറിയോസ് I എന്നീ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പ്രവേശിച്ചതായും ഷിപ്പിംഗ് ഡാറ്റകൾ സൂചിപ്പിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിൽ ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.ഉപരോധം ആരംഭിച്ച തിങ്കളാഴ്ച മുതൽ ഒരു കപ്പലും കടത്തിവിട്ടിട്ടില്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്. നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും അമേരിക്കൻ നിരീക്ഷണത്തിലാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമാകുമോ എന്ന ആശങ്കയും ശക്തമാണ്.
ഈ ഉപരോധം എണ്ണക്കമ്പനികൾക്കും ഇൻഷുറൻസ് മേഖലയ്ക്കും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രായേൽ സൈനിക നീക്കം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം 130-ൽ അധികം കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയിരുന്നു.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിക്കാറായെന്ന് ട്രംപ് പ്രതികരിച്ചു. ഫോക്സ് ബിസിനസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിലെ ഉപരോധം ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായെന്നാണ് ട്രംപ് പറഞ്ഞത്. ഇറാൻ-യു.എസ് രണ്ടാംഘട്ട ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നിർണായകമായ ചില നീക്കങ്ങൾ നടന്നേക്കാമെന്നും ചർച്ചകളുമായി മുന്നോട്ട് പോകാനാണ് തങ്ങൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. അതിനിടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ചൈനയെ അനുവദിക്കില്ലെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ റഷ്യയും ചൈനയും രംഗത്തെത്തി.