Writer - അൻഫസ് കൊണ്ടോട്ടി
anfas123
വാഷിങ്ടൺ: അമേരിക്കയിലെ മാഗ പ്രസ്ഥാനത്തിന്റെ (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുകൂലിയും ആക്ടിവിസ്റ്റുമായ മാർജറി ടെയ്ലർ ഗ്രീനിനുള്ള പിന്തുണ പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർജറിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തിരിച്ചറിവില്ലാത്ത വിഡ്ഢിയെന്നാണ് ട്രംപ് ഇവരെ വിളിച്ചത്. തീവ്ര വലതുപക്ഷ നിയമസഭാംഗമായ മാർജറിയ്ക്ക് നൽകിയ പിന്തുണ അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേയാണ് ട്രംപിന്റെ ഈ നടപടി. ജീവിതച്ചെലവ്, ജെഫ്രി എപ്‌സ്റ്റൈൻ വിവാദം എന്നിവയിൽ ട്രംപ് കടുത്ത വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപ് മാർജറിയെ തള്ളിപ്പറയുന്നത്.
'കോൺഗ്രസ് വനിതയായ മാർജറി ടെയ്ലർ ഗ്രീനിന് നൽകിയിരുന്ന എല്ലാ പിന്തുണയും ഞാൻ അവസാനിപ്പിക്കുകയാണ്'. ട്രംപ് പറഞ്ഞു.
'എപ്പോഴും പരാതി പറഞ്ഞുകൊണ്ടേയിരിക്കുന്ന സ്വഭാവക്കാരിയായാണ് അവളെ എനിക്ക് കാണാനാകുന്നത്. അവളുടെ സ്വഭാവം എല്ലാവർക്കും മടുത്തിരിക്കുകയാണ്.' ജോർജിയയിൽ മാർജറിക്കെതിരെ നിൽക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥിക്ക് യോഗ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ എന്തു വിലകൊടുത്തിട്ടാണെങ്കിലും പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു.
താൻ ട്രംപിനെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു എക്സ് പോസ്റ്റിലൂടെ മാർജറിയുടെ പ്രതികരണം. താൻ കോൺഗ്രസിനെ പിന്തുണച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നും അത് കാരണമാണ് അദ്ദേഹം തനിക്കെതിരിൽ തിരിഞ്ഞിരിക്കുന്നതെന്നും മാർജറി പറഞ്ഞു.
അമേരിക്കയിലെ തീപ്പൊരി നേതാവായിരുന്ന മാർജറി അടുത്ത കാലത്ത് വരെ ട്രംപിന്റെ കടുത്ത അനുകൂലിയായിരുന്നു. കഴിഞ്ഞ കാലങ്ങളത്രയും ട്രംപ് ചെയ്യുന്നതെല്ലാം ശരിയെന്നായിരുന്നു മാർജറിയുടെ പക്ഷം.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് വിശേഷിപ്പിച്ച് മാർജറി രംഗത്തെത്തിയതോടെയാണ് മാർജറിയും ട്രംപും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. നേരത്തെ, ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിലും മാർജറി വിമർശനം ഉന്നയിച്ചിട്ടുണ്ട്.