ബ്രിട്ടനിൽ സിഖ് വനിത മാനഭംഗത്തിനിരയായ സംഭവം: വൻ പ്രതിഷേധം, നീതിയാവശ്യപ്പെട്ട് വംശീയവിരുദ്ധ സംഘടനകൾ
തീവ്ര വലതുപക്ഷ പ്രചാരണങ്ങൾ വംശീയ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാർഥികളെയും മനുഷ്യത്വരഹിതമായി കാണുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി
ലണ്ടൻ: വെസ്റ്റ് മിഡ്ലാൻഡ്സിലെ ഓൾഡ്ബറിയിൽ 20കാരിയായ സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതിൽ വ്യാപക പ്രതിഷേധം. സിഖ് സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതിന് പിന്നാലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ വെള്ളക്കാരായ രണ്ടുപേർ പിന്തുടർന്നിരുന്നതായും വംശീയാധിക്ഷേപം നടത്തിയിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാൽപ്പത് ദക്ഷിണേഷ്യൻ കറുത്തവർഗക്കാർ, കുടിയേറ്റക്കാർ, അഭയാർഥികൾ, വംശീയ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി.
വംശീയാധിക്ഷേപവും ഭയാനകമായ ലൈംഗികാതിക്രമവും നേരിട്ടിട്ടും സംഭവിച്ചതെല്ലാം ലോകത്തിന് മുന്നിൽ വിളിച്ചുപറയാൻ മുന്നോട്ടുവന്ന അതിജീവിതയുടെ ധൈര്യത്തെ പ്രശംസിച്ച ഇവർ നിരുപാധികം തങ്ങൾ അവർക്കൊപ്പമുണ്ടാകുമെന്ന് പ്രതിഞ്ജയെടുക്കുകയും ചെയ്തു. തീവ്ര വലതുപക്ഷ പ്രചാരണങ്ങൾ വംശീയ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാർഥികളെയും മനുഷ്യത്വരഹിതമായി കാണുന്നുവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
വെളുത്ത വംശീയ മേധാവിത്വ പ്രചാരണങ്ങൾക്ക് പേരുകേട്ട ടോമി റോബിൻസന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികൾ ലണ്ടനിലെ തെരുവുകളിൽ ഇസ്ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ, വംശീയ മുദ്രാവാക്യങ്ങളുമായി മാർച്ച് നടത്തിയ അതേ ദിവസം തന്നെയാണ് ഓൾഡ്ബറി സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നത്. തന്റെ പ്രാദേശിക സമൂഹം കാണിച്ച ചേർത്തുപിടിക്കലിലും സ്നേഹത്തിലും തനിക്ക് നന്ദിയുണ്ടെന്നും സന്തോഷമായെന്നും അതിജീവിത സിഖ് ഫെഡറേഷൻ വഴിയുള്ള പ്രസ്താവനയിലൂടെ അറിയിച്ചു.