ഒരു കിലോ കഞ്ചാവ് കടത്തിയെന്ന് കേസ്: സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

രാജ്യാന്തര തലത്തിലെ എതിര്‍പ്പുകളെ അവഗണിച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

Update: 2023-04-26 08:41 GMT

സിംഗപ്പൂര്‍: ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി. 46കാരനായ തങ്കരാജു സുപ്പയ്യയെ ആണ് തൂക്കിലേറ്റിയത്. രാജ്യാന്തര തലത്തിലെ എതിര്‍പ്പുകളെ അവഗണിച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ചാംഗി ജയിൽ കോംപ്ലക്‌സിലാണ് ശിക്ഷ നടപ്പാക്കിയത്. 1017.9 ഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 2017ല്‍ തങ്കരാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 2018ല്‍ കോടതി വധശിക്ഷ വിധിച്ചു.

എന്നാല്‍ തങ്കരാജുവില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നില്ല. ഫോണിലൂടെ ഇയാള്‍ മയക്കുമരുന്ന് വിതരണം ഏകോപിപ്പിച്ചെന്നാണ് കേസ്. തങ്കരാജുവിന്റെ കുടുംബം ദയാഹരജി നൽകുന്നതിനിടെ വീണ്ടും വിചാരണയ്‌ക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തങ്കരാജുവിനെതിരായ കുറ്റം സംശയാതീതമായി തെളിഞ്ഞതാണെന്ന് സിംഗപ്പൂര്‍ ആഭ്യന്തര വകുപ്പ് അവകാശപ്പെട്ടു. അതേസമയം നിരപരാധിയെയാണ് തൂക്കിലേറ്റിയതെന്നാണ് ഉയരുന്ന വിമര്‍ശനം. വധശിക്ഷ പുനഃപരിശോധിക്കണമെന്ന യുഎൻ മനുഷ്യാവകാശ ഓഫീസിന്റെ അഭ്യർത്ഥന ഉള്‍പ്പെടെ അവഗണിച്ചാണ് ശിക്ഷ നടപ്പാക്കിയത്.

Advertising
Advertising

മയക്കുമരുന്ന് കേസുകളില്‍ സിംഗപ്പൂരിലെ നിയമങ്ങള്‍ കര്‍ശനമാണ്. എന്നാൽ വധശിക്ഷയോട് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വിയോജിച്ചു. കുറ്റകൃത്യങ്ങളെ തടയുമെന്ന മിഥ്യാധാരണ കാരണമാണ് കുറച്ച് രാജ്യങ്ങള്‍ വധശിക്ഷ തുടരുന്നതെന്ന് യുഎന്‍ ഹൈകമ്മീഷണര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് പ്രതികരിച്ചു.

രണ്ട് വർഷത്തിലേറെ ഇടവേളയ്ക്ക് ശേഷം 2022 മാർച്ചിലാണ് സിംഗപ്പൂർ വധശിക്ഷ പുനരാരംഭിച്ചത്. ആറ് മാസത്തിനിടയിലെ ആദ്യത്തെ വധശിക്ഷയാണിത്. ഒരു വര്‍ഷത്തിനിടയിലെ പന്ത്രണ്ടാമത്തെയും.

Summary- Singapore on Wednesday hanged a prisoner convicted of conspiracy to smuggle one kilogram of cannabis, authorities said, ignoring international calls for the city-state to abolish capital punishment.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News