തലച്ചോര്‍ തിന്നുന്ന അമീബ; ദക്ഷിണ കൊറിയയില്‍ പുതിയ രോഗം, ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ശ്വാസോച്ഛ്വാസത്തിലൂടെ അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുകയും പിന്നീട് തലച്ചോറിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ സ്ഥിതി ഗുരുതരമാകുന്നു

Update: 2022-12-27 12:43 GMT
Editor : ijas | By : Web Desk
Advertising

മനുഷ്യ തലച്ചോറിനെ ബാധിക്കുന്ന രോഗം ബാധിച്ച് ദക്ഷിണ കൊറിയയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. തലച്ചോറിനെ കാർന്നു തിന്നുന്ന 'നെഗ്ലേറിയ ഫൗലേറി'യെന്ന അമീബ മൂലമുണ്ടായ അണുബാധയാണ് 'തലച്ചോര്‍ തിന്നുന്ന അമീബ' എന്ന പേരില്‍ അറിയപ്പെടുന്നത്. കൊറിയന്‍ വംശജനായ അമ്പത് വയസ്സുകാരനാണ് രോഗം ബാധിച്ച് മരിച്ചതെന്ന് കൊറിയന്‍ രോഗ പ്രതിരോധ ഏജന്‍സി അറിയിച്ചു. തായ്‍ലന്‍റില്‍ നിന്നും രാജ്യത്ത് മടങ്ങിയെത്തിയ ഉടനെയാണ് 'നെഗ്ലേറിയ ഫൗലേറി' ഇദ്ദേഹത്തിന്‍റെ തലച്ചോറിനെ ബാധിച്ചത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 1937ല്‍ യു.എസിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് മാസം തായ്‍ലന്‍റില്‍ ചെലവഴിച്ചതിന് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ഇയാള്‍ കൊറിയയില്‍ മടങ്ങിയെത്തുന്നത്. നാട്ടിലെത്തിയ ദിവസം മെനിഞ്ചൈറ്റിസിന്‍റെ ലക്ഷണങ്ങൾ കണ്ടിരുന്നു. പനി, കടുത്ത തലവേദന, ഛര്‍ദ്ദി, കഴുത്ത് വലിഞ്ഞുമുറുകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ അടുത്ത ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇക്കഴിഞ്ഞ ബുധനാഴ്ച മരണപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും കൊറിയന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ലോകമെമ്പാടുമുള്ള ശുദ്ധജല തടാകങ്ങള്‍ നദികള്‍ കനാലുകള്‍ കുളങ്ങൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന ഒരു അമീബയാണ് നെഗ്ലേറിയ ഫൗലേറി. ശ്വാസോച്ഛ്വാസത്തിലൂടെ അമീബ മനുഷ്യശരീരത്തിൽ പ്രവേശിക്കുകയും പിന്നീട് തലച്ചോറിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നതിലൂടെ ഗുരുതരമാകുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പകരില്ല. അതേ സമയം രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കുന്നതില്‍ നിന്നും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞിട്ടുണ്ട്. രോഗ വ്യാപനം കുറവാണെങ്കിലും ജലാശയങ്ങളിലെ നീന്തലിലൂടെ രോഗം പിടിപ്പെടാന്‍ സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു.

2018ല്‍ അമേരിക്ക, ഇന്ത്യ, തായ്‍ലന്‍റ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 381 നെഗ്ലേറിയ ഫൗലേറി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News