സ്പേസ് എക്സ് ക്രൂ 10 ഡോക്കിങ് വിജയകരം; പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു
സുനിത വില്യംസിന്റെ സംഘം ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്കു മടങ്ങും
ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ 10 ഡോക്കിങ് വിജയകരം. പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു. ഇന്ത്യന്‍ സമയം10.30 ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കും. പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റുകൾക്ക് മുൻപ് ഇന്ത്യൻ സമയം രാവിലെ 9.34 നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചത്.
സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവർ പുതിയ സംഘത്തെ സ്വീകരിക്കും. സുനിത വില്യംസിന്റെ സംഘം ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്കു മടങ്ങും. ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-9 പേടകം വേർപെടുന്നതും പേടകം ഫ്ലോറിഡക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച നിർണായക വിവരങ്ങൾ നാസ ഇന്ന് പുറത്തുവിടും.
ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് , തക്കുയ ഒനിഷി , കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത് . സുനിത വില്യംസ് , ബുച്ച് വിൽമോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങും.