ശ്രീലങ്കയിൽ സ്‌കൂളുകളും അടച്ചു; അവശ്യസർവീസല്ലാത്ത സർക്കാർ ജീവനക്കാരോട് വീട്ടിലിരിക്കാൻ നിർദേശം

ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം

Update: 2022-05-21 02:44 GMT
Editor : Lissy P | By : Web Desk
Advertising

കൊളംബോ:ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്തതിനാലാണ് സർക്കാർ ഉദ്യോഗസ്ഥരോട് ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടത്. ദിവസങ്ങളായി ഇന്ധനത്തിനായി ആയിരക്കണക്കിനാളുകൾ വരിനിൽക്കുകയാണ്. അടുത്തിടെയായി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം. ഇന്ധനമാവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രധാന റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം വിദേശകടത്തിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. അതിനിടെ രാഷ്ട്രീയ സ്ഥിരതക്കായി പുതിയ സർക്കാറിൽ ഒമ്പത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഗോടബയ രാജപക്‌സെ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ച് ഒരാഴ്ചക്കുശേഷമാണ് മന്ത്രിമാർ ചുമതലയേറ്റത്.

അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതിന് ഏകദേശം 75 ബില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണെന്നും എന്നാൽ രാജ്യത്തിന്റെ ട്രഷറിയിൽ 1 ബില്യൺ ഡോളർ പോലും കണ്ടെത്താൻ പാടുപെടുകയാണെന്നും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച പ്രതിഷേധക്കാർക്കെതിരെ രാജപക്സെയുടെ അനുയായികൾ  രാജ്യവ്യാപകമായി അക്രമമാണ് നടത്തിയത്. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News