കൂട്ടപ്പിരിച്ചുവിടലില്ല, മികച്ച ഉറക്കം മാത്രം; തൊഴില്‍ക്ഷമത വര്‍ധിപ്പിക്കാന്‍ പുത്തന്‍ തന്ത്രവുമായി ടെക് സ്റ്റാര്‍ട്ടപ്പ് ഉടമ
ലക്ഷക്കണക്കിന് രൂപ വിലവരുന്ന പ്രീമിയം സ്മാര്‍ട്ട് കിടക്കകളാണ് തന്റെ ജീവനക്കാര്‍ക്കായി വാങ്ങി നല്‍കിയത്
ന്യൂയോര്‍ക്ക്: എഐയുടെ വരവോടെ ടെക് സ്ഥാപനങ്ങള്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ വാര്‍ത്തകളാണ് ലോകമെങ്ങും നിന്ന് വരുന്നത്. എന്നാല്‍, യുഎസിലെ ഒരു ഐടി സ്റ്റാര്‍ട്ടപ്പ് ഉടമ തന്റെ ജീവനക്കാരുടെ ക്ഷമത വര്‍ധിപ്പിക്കാന്‍ ചെയ്ത കാര്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴില്‍ക്ഷമതയും വര്‍ധിപ്പാക്കാന്‍ സ്മാര്‍ട്ട് മാട്രസ് വാങ്ങി നല്‍കിയിരിക്കുകയാണ് 'ഫാക്ടറി' എന്ന എ.ഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ ആയ മതാന്‍ ഗ്രിന്‍ബെര്‍ഗ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന പ്രീമിയം സ്മാര്‍ട്ട് കിടക്കകളാണ് തന്റെ ജീവനക്കാര്‍ക്കായി വാങ്ങി നല്‍കിയത്.
എഐയുടെ വരവോടെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്ന കമ്പനി ഉടമകളില്‍ നിന്നും തികച്ചും വ്യത്യസ്തനാവുകയാണ് ഇദ്ദേഹം. ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതുപോലെ തന്നെ വിശ്രമവും പ്രധാനമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ തീരുമാനം. മികച്ച ഉറക്കം ലഭിക്കുന്നതിലൂടെ മികച്ച കഴിവ് പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തന്റെ ടീമിലെ എല്ലാ ജീവനക്കാര്‍ക്കും മികച്ച ഉറക്കം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കമ്പനിയില്‍ വെറും 30 ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സമയത്താണ് ഗ്രിന്‍ബെര്‍ഗ് 3,000 ഡോളര്‍ വിലവരുന്ന സ്മാര്‍ട്ട് കിടക്കകള്‍ ജീവനക്കാര്‍ക്കായി വിതരണം ചെയ്തത്. താപനില നിയന്ത്രിക്കാനും ഉയരം ക്രമീകരിക്കാനും സാധിക്കുന്ന കിടക്കകളാണ് നല്‍കിയിരിക്കുന്നത്. നല്ല ഉറക്കം മാത്രമല്ല, നല്ല ഭക്ഷണവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഭക്ഷണത്തിലും ചില നിയന്ത്രണങ്ങള്‍ അദ്ദേഹം തന്റെ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പഞ്ചസാരയ്ക്ക് ഓഫീസില്‍ പൂര്‍ണ നിയന്ത്രണമാണുള്ളത്. പഞ്ചസാരയ്ക്കു പകരം പ്രോട്ടീന്‍ ചിപ്‌സ്, കാന്‍ഡ് മാച്ച തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023ല്‍ ആരംഭിച്ച 'ഫാക്ടറി' എന്ന ഈ സ്റ്റാര്‍ട്ടപ്പ്, വളരെ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 150 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നേടിയത്. നിലവില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സ്മാര്‍ട്ട് കിടക്ക നല്‍കിയിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ എല്ലാവര്‍ക്കും നല്‍കുകയോ അല്ലെങ്കില്‍ തുല്യമായ പണം നല്‍കുകയോ ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.