Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ കഥ ലോകത്തെ മാറ്റിമറിച്ച കഥകളിൽ ഒന്നാണ്. ഒരുപാട് യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ദീർഘദർശിയായ ബിസിനസ്മാനായിരുന്നു സ്റ്റീവ്. സ്റ്റീവ് ഓരോ തവണ സ്റ്റേജിലേക്ക് വരുമ്പോഴും പുതിയ ആശയങ്ങളിലേക്ക് ജനങ്ങൾ കാത് കൂർപ്പിച്ചു. എന്നാൽ കാൻസറിനോട് മല്ലിടുന്ന സ്റ്റീവ് ജോബ്‌സിന്റെ അവസാന നാളുകളിൽ അദ്ദേഹം പൂർണ്ണമായും മറ്റെന്തോ കാര്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
2011 ഒക്ടോബർ അഞ്ചിനാണ് ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് കാൻസർ രോഗത്തോട് പോരാടി ലോകത്തിനോട് വിട പറഞ്ഞു. എന്നാൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്റ്റീവ് തന്റെ ഐപാഡ് തുറന്ന് ഒരു ഇമെയിൽ അയച്ചു. അദ്ദേഹം തന്നെയായിരുന്നു അതിന്റെ സ്വീകർത്താവ്. അതൊരു സ്വകാര്യ കുറിപ്പായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ലോറീൻ, ടിം കുക്ക്, ജോണി ഐവ് എന്നിവർ ചേർന്ന് ആരംഭിച്ച സ്റ്റീവ് ജോബ്‌സ് ആർക്കൈവ് എന്ന വെബ്‌സൈറ്റ് ജനങ്ങൾക്ക് സുപരിചിതമാണെന്ന് കരുതിയ ഒരു മനുഷ്യന്റെ അവിശ്വസനീയമാംവിധം ദുർബലവും മാനുഷികവുമായ വശം നമുക്ക് കാണിച്ചു തരുന്നു.
'അയക്കുന്നത്: സ്റ്റീവ് ജോബ്സ്, sjobs@apple.com
സ്വീകർത്താവ്: സ്റ്റീവ് ജോബ്സ്, sjobs@apple.com
തീയതി: വ്യാഴാഴ്ച, സെപ്റ്റംബർ 2, 2010 രാത്രി 11:08 ന്
ഞാൻ കഴിച്ച ഭക്ഷണമൊന്നും ഞാൻ വളർത്തിയവയല്ല, വസ്ത്രങ്ങളൊന്നും ഞാൻ നിർമിച്ചവയല്ല, സംസാരിക്കുന്ന ഭാഷ പോലും ഞാൻ സൃഷ്ടിച്ചതോ ശുദ്ധീകരിച്ചതോ അല്ല, ഞാൻ ഉപയോഗിക്കുന്ന ഗണിതം ഞാൻ കണ്ടെത്തിയതല്ല, ഞാൻ നിർവചിച്ച നിയമങ്ങളോ സ്വാതന്ത്ര്യമോ അല്ല എന്നെ സംരക്ഷിച്ചത്. ഞാൻ സൃഷ്ടിക്കാത്ത സംഗീതമാണ് ഞാൻ ആസ്വദിച്ചത്. ചികിത്സ ആവശ്യമായി വന്നപ്പോൾ അതിജീവിക്കാൻ സ്വയം എന്നെ സഹായിക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് ഞാൻ. ഞാൻ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയിലെ ട്രാൻസിസ്റ്റർ, മൈക്രോപ്രോസസർ, പ്രോഗ്രാമിങ് എന്നിവയൊന്നും ഞാൻ നിർമിച്ചവയല്ല. എന്റെ വംശത്തെ ഞാൻ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു. ജീവിച്ചാവും മരിച്ചാലും അവരെയാണ് ഞാൻ എല്ലാ നല്ലതിനും മുഴുവനായി ആശ്രയിക്കുന്നത്.' സ്റ്റീവ് ജോബ്സ് തനിക്ക് തന്നെ അയച്ച മെയിലിൽ എഴുതി.
നമ്മുടെ ജീവിതം മനുഷ്യരാശിയുടെ ഒരു സഹകരണ പദ്ധതിയാണെന്നതിന്റെ എളിമയുള്ളതും നന്ദിയുള്ളതുമായ ഒരു അംഗീകാരമാണ് ഈ കുറിപ്പ്. നമ്മുടെ സ്വന്തം സ്‌ക്രീനുകൾക്കപ്പുറത്തേക്ക് നോക്കാനും, നമ്മൾ ഓരോ ദിവസവും ആശ്രയിക്കുന്ന ഭൂതകാലവും വർത്തമാനവുമായ ആളുകളുടെ വിശാലമായ, അദൃശ്യ ശൃംഖലയെ കാണാനുമുള്ള ഒരു ഓർമപ്പെടുത്തലാണിത്. അദ്ദേഹം ഒരിക്കലും പങ്കുവെക്കാൻ ഉദേശിച്ചിട്ടില്ലാത്ത ഏറ്റവും പ്രചോദനാത്മകമായ കാര്യമാണിത്. ഒരുപക്ഷേ ആളുകൾ അദേഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച കാര്യവും അതായിരിക്കാം.