അർബുദ ചികിത്സക്ക് കോവിഡ് വാക്‌സിൻ ഗുണകരമായെന്ന് പഠനം

നാസോഫറിംഗൽ അർബുദ മരുന്നുകൾ കോവിഡ് വാക്‌സിൻ ഉപയോഗിച്ചവരിൽ കൂടുതൽ ഫലപ്രദമായെന്നാണ് ഗവേഷകർ

Update: 2022-11-11 13:39 GMT
Advertising

കോവിഡ് വാക്‌സിൻ അർബുദ ചികിത്സക്ക് ഗുണകരമായെന്ന് പഠനം. ജർമനിയിലെ ബോൺ, ചൈനയിലെ ഷാൻഷി സർവകലാശാലകൾ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാസോഫറിംഗൽ അർബുദ മരുന്നുകൾ കോവിഡ് വാക്‌സിൻ ഉപയോഗിച്ചവരിൽ കൂടുതൽ ഫലപ്രദമായെന്നാണ് ഗവേഷകർ അറിയിച്ചത്. തൊണ്ടയ്ക്ക് ബാധിക്കുന്നതാണ് നാസോഫറിംഗൽ അർബുദം. ഇതിനെതിരെയുള്ള ചികിത്സ വാക്‌സിൻ സ്വീകരിക്കാത്ത രോഗികളേക്കാൾ വാക്‌സിനെടുത്തവർക്കാണ് ഫലപ്രദമാകുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

'പല അർബുദ കോശങ്ങളും ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കഴിവുള്ളവയാണ്. ഇങ്ങനെയുള്ളവയെ തടയാൻ മരുന്നുകൾ ഉപയോഗിക്കാനാകും. ട്യൂമറിനെതിരെ കൂടുതൽ ഫലപ്രദമായി പോരാടാൻ ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കും' ബോൺ യൂണിവേഴ്‌സിറ്റി പ്രസ്താവനയിൽ പറഞ്ഞു.

 

കോവിഡ് വാക്‌സിൻ രോഗപ്രതിരോധ സംവിധാനത്തിന് സഹായകരമായാണ് പ്രവർത്തിക്കുക. ആൻറി പിഡി വൺ തെറാപ്പിയെന്ന രോഗ പ്രതിരോധ രീതിയ്ക്ക് വാക്‌സിൻ ഉപദ്രവകരമാകുമോയെന്ന് നേരത്തെ ഭയന്നിരുന്നവെന്ന് ബോൺ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുളാർ മെഡിസിൻ ആൻഡ് എക്‌സ്പിരിമെൻറൽ ഇമ്യൂണോളജിയിലെ ഡോ. ജിയാൻ ലീ പറഞ്ഞു.

23 ആശുപത്രികളിൽ നാസോഫറിംഗൽ അർബുദ രോഗത്തിന് ചികിത്സക്കപ്പെട്ട 1537 പേരെ നിരീക്ഷിച്ചാണ് പഠനം നടന്നതെന്ന് സയൻസ് അലേർട്ട് റിപ്പോർട്ട് ചെയ്തു. 373 പേർ അർബുദ രോഗ ചികിത്സക്ക് മുമ്പേ ചൈനയിൽ നിന്ന് നിർമിച്ച സിനോവോക് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. വാക്‌സിൻ സ്വീകരിച്ചവർ നന്നായി ആൻറി പിഡി വൺ തെറാപ്പിയോട് പ്രതികരിച്ചതായി ബോൺ യൂനിവേഴ്‌സിറ്റിയിലെ ഇമ്യൂണോളജിസ്റ്റ് ക്രിസ്റ്റിയൻ കുർട്‌സ് പറഞ്ഞു. അവർക്ക് ഗുരുതര അനന്തര ഫലങ്ങൾ നേരിടേണ്ടി വന്നില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ലോകത്തിലെങ്ങും കോവിഡ് വാക്‌സിൻ ചർച്ച വിഷയമാണ്. മില്യൺ കണക്കിന് ജനങ്ങളെ വാക്‌സിൻ കോവിഡ് മഹാമാരി മൂലമുള്ള മരണത്തിൽ നിന്ന് രക്ഷിച്ചതായാണ് നിരീക്ഷിക്കപ്പെടുന്നത്.

A study conducted by Bonn and Shaanxi Universities has shown that the Covid vaccine is beneficial for cancer treatment

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News