സുഡാനിലെ ആഭ്യന്തര കലാപം: രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1500 പേർ, സംഭവിക്കുന്നത്...

ആർ‌എസ്‌എഫിന്റെ കനത്ത ഉപരോധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്

Update: 2025-10-30 04:37 GMT

Photo: getty images

ഖാർത്തൂം: സുഡാനിലെ പടിഞ്ഞാറൻ ദാർഫര്‍ മേഖലയിലെ എൽ-ഫാഷർ നഗരം പിടിച്ചടക്കുന്നതിനിടെ വിമത സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു.

മേഖലയുടെ നിയന്ത്രണത്തിനായി സുഡാൻ സൈന്യവുമായി പോരാടുന്ന ആർ‌എസ്‌എഫ്, സാധാരണക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 1500 പേരാണ് കൊല്ലപ്പെട്ടത്. ആർ‌എസ്‌എഫിന്റെ കനത്ത ഉപരോധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇങ്ങനെ മൂന്ന് ദിവസങ്ങളിലായി നടന്ന വെടിവപ്പിലാണ് 1,500 പേരെ കൊലപ്പെടുത്തിയതെന്ന് സുഡാൻ ഡോക്ടർമാരുടെ നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യത. 

Advertising
Advertising

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 26,000 പേരെങ്കിലും നഗരം വിട്ട് 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്ക് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കനുസരിച്ച് എൽ-ഫാഷറിൽ ഏകദേശം 1,77,000 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ 18 മാസമായി എൽ-ഫാഷറിലേക്കുള്ള ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും പ്രവേശനം വിമത സംഘം തടഞ്ഞിരിക്കുകയാണ്. 

രാജ്യത്തെ ആഭ്യന്തരയുദ്ധമൊക്കെ നിരീക്ഷിക്കുന്ന ഡോക്ടർമാരുടെ സംഘം, ഇപ്പോഴത്തെ സാഹചര്യത്തെ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. ഒന്നര വർഷങ്ങള്‍ക്ക് മുമ്പ് എൽ-ഫാഷറിൽ നടന്നതിന്റെ തുടർച്ചയാണ് ഇന്ന് ലോകം കാണുന്ന കൂട്ടക്കൊലകളും ബോംബാക്രമണങ്ങളെന്നും സംഘം പറയുന്നു. പട്ടിണി, നിയമവിരുദ്ധമായ വധശിക്ഷ എന്നിവയിലൂടെ 14,000-ത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും സംഘം ഓര്‍മിപ്പിക്കുന്നു. 

സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികൾക്കുമെതിരായ ക്രൂരമായ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർഎസ്എഫിന്റെ ​കയ്യിലാണിപ്പോൾ നഗരം. രാജ്യത്തിന്റെ വിശാലമായ പടിഞ്ഞാറൻ മേഖലയായ ദാർഫുറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആർഎസ്‌എഫ് കഴിഞ്ഞ 18 മാസമായി തലസ്ഥാനമായ എൽ ഫാഷറിൽ ഉപരോധം ഏർപ്പെടുത്തിവരികയായിരുന്നു. യഥാർത്ഥ ജനാധിപത്യത്തിന് കീഴിൽ സുഡാനെ ഏകീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആർ‌എസ്‌എഫ് പറയുന്നു.

എൽ ഫാഷറിലെ ‘കൂലിപ്പടയാളി’കളുടെയും ‘മിലിഷ്യകളു’ടെയും പിടിയിൽനിന്ന് നഗരത്തിന്മേൽ നിയന്ത്രണം വ്യാപിപ്പിച്ചതായി അർധ സൈന്യത്തെ പിന്തുണക്കുന്ന പ്രാദേശിക മിലിഷ്യയായ പോപ്പുലർ റെസിസ്റ്റൻസ് പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എഫുകാർ നഗരത്തിലേക്ക് കൂടുതൽ അതിക്രമിച്ച് കയറി സാധാരണക്കാർക്ക് രക്ഷപ്പെടാനുള്ള വഴികൾ അടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ മേധാവി ടോം ​​ഫ്ളെച്ചര്‍ പറഞ്ഞു. 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News