ഇസ്രായേലികളും പറയുന്നു: 'ഗസ്സ ഹമാസ് തന്നെ ഭരിക്കണം'

യുദ്ധത്തിനുശേഷം ഗസ്സ ആരു ഭരിക്കണമെന്ന സര്‍വേ ചോദ്യത്തിന്, ഇസ്രായേല്‍ എന്നു പ്രതികരിച്ചവര്‍ വളരെ കുറച്ചുപേരേയുള്ളൂവെന്നതാണു ശ്രദ്ധേയമായ കാര്യം

Update: 2025-02-12 13:45 GMT
Editor : Shaheer | By : Web Desk

തെല്‍ അവീവ്: ഗസ്സയില്‍ ഒന്നര വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍നിന്ന് എന്തു നേടിയെന്ന ചോദ്യം ഇസ്രായേലില്‍ ശക്തമാണ്. ഹമാസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ചു നടന്ന ആക്രമണത്തിനൊടുവില്‍ ഫലസ്തീന്‍ സംഘം കൂടുതല്‍ ശക്തരായെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. യുഎസ് ഭരണകൂടത്തിന്റെ ഏറ്റവും ഒടുവിലത്തെ വിലയിരുത്തല്‍ പ്രകാരം 15,000ത്തോളം അംഗങ്ങളാണു പുതുതായി അല്‍ഖസ്സാം ബ്രിഗേഡ്സില്‍ ചേര്‍ന്നത്. ഇസ്രായേല്‍ സൈന്യം പിന്മാറിയയിടങ്ങളിലെല്ലാം ഹമാസ് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുകയും യുദ്ധത്തിലുണ്ടായ നഷ്ടങ്ങളെല്ലാം നികത്തുകയും ചെയ്തെന്നാണ് യുദ്ധകാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കന്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുന്‍പ് തുറന്നുസമ്മതിച്ചത്. വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയുള്ള ബന്ദി കൈമാറ്റം ഹമാസിന്റെ ശക്തിപ്രകടനമായി മാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുകയും ചെയ്തതാണ്.

Advertising
Advertising

ഇപ്പോഴിതാ ഇസ്രായേലിലും ഹമാസിനു ജനപിന്തുണ വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഗസ്സ ഭരിക്കേണ്ടത് ഹമാസ് തന്നെയാണെന്നാണ് വലിയൊരു വിഭാഗം അറബ് ഇസ്രായേലികളും വിശ്വസിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹമാസിനുള്ള പിന്തുണ മൂന്നിരട്ടിയായി വര്‍ധിച്ചെന്നു വ്യക്തമാക്കുന്നു ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട്, അഥവാ ഐഡിഐ നടത്തിയ പുതിയ സര്‍വേ. യുദ്ധത്തിലും വെടിനിര്‍ത്തല്‍ കരാറിലും ഹമാസാണു നേട്ടമുണ്ടാക്കിയതെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം തീവ്ര വലതുപക്ഷവും ഇസ്രായേലിലുണ്ട്.

വിറ്റെര്‍ബി ഫാമിലി സെന്റര്‍ ഫോര്‍ പബ്ലിക് ഒപീനിയനുമായി സഹകരിച്ചാണ് ഐഡിഐയുടെ പോളിസി റിസര്‍ച്ച് വിഭാഗം ഇസ്രായേല്‍ പൗരന്മാര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ജനുവരി 28നും ഫെബ്രുവരി രണ്ടിനും ഇടയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 755 പേരാണ് പങ്കെടുത്തത്. ഇതില്‍ ബഹുഭൂരിഭാഗവും ജൂതന്മാരാണ്; 604 പേര്‍. 151 അറബ് ഇസ്രായേലികളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ജറൂസലം പോസ്റ്റ് സര്‍വേയുടെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുദ്ധത്തിനുശേഷം ഗസ്സ ആരാണു ഭരിക്കേണ്ടതെന്നായിരുന്നു സര്‍വേയിലെ ഒരു ചോദ്യം. വിവിധ രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള സംയുക്ത സൈന്യം എന്നായിരുന്നു ബഹുഭൂരിപക്ഷവും മറുപടി നല്‍കിയത്. ഇസ്രായേല്‍ ഭരിക്കണമെന്ന നിലപാടുള്ളവര്‍ വളരെ കുറച്ചുപേരു മാത്രമേയുള്ളൂവെന്നതാണു കൗതുകമുണര്‍ത്തുന്നത്. ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇസ്രായേലില്‍ വര്‍ധിക്കുന്നുവെന്നതാണ് അതിലേറെ ശ്രദ്ധേയമായ കാര്യം. അറബ് ഇസ്രായേലികളാണ് ഇതില്‍ കൂടുതല്‍ പേരും. 29 ശതമാനം അറബ് വംശജരാണ് ഈ അഭിപ്രായം പങ്കുവച്ചത്. സെപ്റ്റംബറിനു മുന്‍പ് വെറും എട്ടു ശതമാനം പേര്‍ക്കുണ്ടായിരുന്ന നിലപാടാണ് ഇപ്പോള്‍ 30 ശതമാനത്തോളം പേരും ഏറ്റുപിടിച്ചിരിക്കുന്നത്.

വെടിനിര്‍ത്തല്‍ കരാറിലൂടെ നേട്ടമുണ്ടാക്കിയത് ഹമാസാണെന്ന പൊതുബോധം സര്‍വേയിലും പ്രതിഫലിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം ശതമാനവും വ്യക്തമാക്കിയത് കരാറില്‍ വിജയിച്ചത് ഹമാസ് ആണെന്നായിരുന്നു. 47.5 ശതമാനം പേരാണ് ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലിനെക്കാളും ഹമാസിനു ഗുണം ചെയ്തെന്ന് അഭിപ്രായപ്പെട്ടത്. ജൂത വിഭാഗത്തില്‍ തീവ്ര വലതുപക്ഷമാണ് ഇത്തരമൊരു അഭിപ്രായമുള്ളവരില്‍ കൂടുതലുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മിതവാദികളും ഇവരെ പിന്താങ്ങുന്നു. എന്നാല്‍, ഇരുപക്ഷവും തുല്യനേട്ടമുണ്ടാക്കിയെന്ന നിലപാടാണ് ഇടതുപക്ഷക്കാര്‍ക്ക് പൊതുവില്‍. ഇതില്‍ കൂടുതലും അറബ് വംശജരാണെന്നതും ശ്രദ്ധേയമാണ്. അതേസമയം, കരാറിലൂടെ ഗുണമുണ്ടായത് ഇസ്രായേലിനാണെന്നു വിശ്വസിക്കുന്നവര്‍ 21 ശതമാനം മാത്രമാണുളളത്.

വെടിനിര്‍ത്തല്‍ അടുത്ത ഘട്ടത്തിലേക്കു നീങ്ങണമെന്നാണ് വലതുപക്ഷവും കൂടുതലായും ആഗ്രഹിക്കുന്നത്. അവര്‍ക്കിടയില്‍ 51 ശതമാനവും ഈ നിലപാടുള്ളവരാണ്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. 73 ശതമാനം ജൂത സ്ത്രീകളാണ് വെടിനിര്‍ത്തല്‍ കരാര്‍ തുടരണമെന്ന് ആവശ്യപ്പെടുന്നത്. പുരുഷന്മാരില്‍ 58 ശതമാനവും. ഇതിനു പുറമെ മിതവാദികളും വലതുപക്ഷവും വന്‍ തോതിലും കരാര്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന അഭിപ്രായത്തെ പിന്താങ്ങുന്നു. അറബികളില്‍ 94 ശതമാനം സ്ത്രീകളും 89 പുരുഷന്മാരും അടുത്ത ഘട്ടം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ ഐഡിഎഫ് മേധാവിയായിരുന്ന ഹെര്‍സി ഹലേവി മാത്രം രാജിവച്ചാല്‍ പോരെന്ന പൊതുവികാരമാണ് സര്‍വേയില്‍ ഉയര്‍ന്നത്. ഇസ്രായേല്‍ ചാരസംഘമായ മൊസാദിന്റെയും സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത്തിന്റെയും തലവന്മാരും ഒഴിഞ്ഞുപോകണമെന്നാണ് ആവശ്യമുയരുന്നത്. ഇവര്‍ക്കെല്ലാം സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ് ഇവര്‍ കാരണമായി പറയുന്നത്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിഞ്ഞുപോയ ശേഷം മാത്രം മതി ഉദ്യോഗസ്ഥരുടെ നടപടിയെന്ന നിലപാടുള്ള ചെറിയൊരു വിഭാഗവുമുണ്ട്.

ഇസ്രായേലിലെ ദേശീയ സുരക്ഷയിലും പൗരന്മാര്‍ക്ക് വലിയ ആശങ്കയുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയിലുള്ള ശുഭാപ്തി വിശ്വാസം ഡിസംബറില്‍ 51 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 41ലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ജൂതന്മാരാണ് കൂടുതലായും ആത്മവിശ്വാസക്കുറവ് പങ്കുവച്ചത്. ഡിസംബറിലെ 56 ശതമാനം ഇപ്പോള്‍ 52 ആയി കുറഞ്ഞിരിക്കുന്നു. എന്നാല്‍, അറബ് ജൂതന്മാരിലെ സുരക്ഷിതത്വബോധം 23ല്‍നിന്ന് 35 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയിലും പ്രതീക്ഷയില്ലാത്തവരുടെ എണ്ണം കൂടുകയാണ്. ഡിസംബറിലെ 37 ശതമാനം ഇപ്പോള്‍ 35 ആയി കുറഞ്ഞിരിക്കുന്നു. 15.5 ശതമാനം ഇടതുപക്ഷക്കാരും 24 ശതമാനം മിതവാദികളും 44 ശതമാനം വലതുപക്ഷവുമാണ് ഇപ്പോഴും ജനാധിപത്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്.

Summary: Support for Hamas control over Gaza rose 20% among Arab Israelis according to new survey

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News