ഇറാൻ പ്രസിഡന്റിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ; ഖബറടക്കം 23ന് ജന്മനാട്ടിൽ

വിലാപയാത്ര നാളെ തെഹ്റാനിലെത്തും

Update: 2024-05-21 15:45 GMT

തെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും മറ്റുള്ളവരുടെയും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ പ​ങ്കെടുത്ത് പതിനായിരങ്ങൾ. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

മുതിർന്ന ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും ഉൾപ്പെടെ പതിനായിരക്കണക്കിന് ഇറാനികൾ നഗരത്തിലെ രക്തസാക്ഷി സ്ക്വയറിൽ ഒത്തുകൂടി. വിലാപയാത്ര ചൊവ്വാഴ്ച വൈകുന്നേരത്തോടെ മധ്യ ഇറാനിയൻ നഗരമായ കോമിലെത്തി. ഇവിടെയാണ് ഇബ്രാഹിം റഈസി പഠിച്ചിരുന്ന ആരാധനാലയങ്ങളും മതപഠന ശാലകളുമുള്ളത്.

കോമിലെ ചടങ്ങുകൾക്ക് ശേഷം ബുധനാഴ്ച മൃതദേഹങ്ങൾ തലസ്ഥാനമായ തെഹ്റാനിലേക്ക് കൊണ്ടുപോകും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പ്രാർഥനക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും ചടങ്ങിൽ പ​ങ്കെടുക്കും.

Advertising
Advertising

അതിനുശേഷം റഈസിയുടെ ഖബറടക്കം ജന്മനാടായ മഷ്ഹദിൽ വ്യാഴാഴ്ച നടക്കും. പ്രസിഡന്റിന് അർഹിക്കുന്ന യാത്രയപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് മഷ്ഹദിലെ ജനത.

ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാൻ, ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. നിലവിൽ അട്ടിമറിയുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രസിഡന്റിന്റെയും സംഘത്തിന്റെയും യാത്രയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഹെലികോപ്റ്ററിലാണ് ഇവർ സഞ്ചരിച്ചത്. കൂടാതെ കാലാവസ്ഥ പ്രതികൂലമായിട്ടും എന്തുകൊണ്ട് യാത്രക്ക് അനുമതി നൽകി എന്ന ചോദ്യവും ബാക്കിയാണ്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News