Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തായ്‌ലൻഡ്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ദീർഘകാലത്തെ അതിർത്തി തർക്കത്തെ തുടർന്ന് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇത് ആളപായത്തിനും നയതന്ത്ര തകർച്ചയ്ക്കും പുതിയ സൈനിക നടപടികൾക്കും കാരണമായി. പുരാതന ക്ഷേത്രങ്ങൾക്ക് സമീപമുള്ള പ്രദേശിക അവകാശവാദങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഘർഷം കുഴിബോംബ് സ്ഫോടനങ്ങൾ, വെടിവെപ്പ്, വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള സായുധ സംഘർഷങ്ങൾക്ക് വഴിവെച്ചു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി. ഇത് കംബോഡിയൻ അംബാസഡറെ പുറത്താക്കാനും എല്ലാ വടക്കുകിഴക്കൻ അതിർത്തി ക്രോസിംഗുകളും അടച്ചുപൂട്ടാനും തായ്‌ലൻഡ് നിർബന്ധിതമായി. നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കിയും ബാങ്കോക്കിലെ എംബസി ഒഴിപ്പിച്ചും കംബോഡിയ തിരിച്ചടിച്ചു. അതിർത്തി പ്രവിശ്യകളായ സുരിൻ, ഒഡാർ മീഞ്ചെ എന്നിവയ്ക്ക് സമീപമുള്ള നിരവധി സംഘർഷ കേന്ദ്രങ്ങളിൽ സൈനിക ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഒരു തായ് എഫ്-16 യുദ്ധവിമാനം കംബോഡിയയിലെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.
ഇരു രാജ്യങ്ങളും വളരെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളായ ടാ മുയെൻ, ടാ മോൻ തോം ക്ഷേത്രങ്ങൾക്ക് ചുറ്റും വ്യാഴാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. തായ് സൈനികർ ഒരു ഡ്രോൺ കണ്ടതിനെ തുടർന്ന് കംബോഡിയൻ സൈന്യം ആദ്യം വെടിയുതിർത്തതായും പിന്നീട് ആറ് സായുധ സൈനികർ അടുത്തേക്ക് വരുന്നതായും തായ് സൈന്യം അറിയിച്ചു. വെടിവയ്പ്പിന് ശേഷം പ്രതികരിച്ചതായി തായ് വിഭാഗം പറഞ്ഞു. എന്നാൽ തായ് 'സായുധ ആക്രമണത്തിൽ' നിന്ന് തങ്ങളുടെ സൈന്യം ദേശീയ പ്രദേശം സംരക്ഷിക്കുകയാണെന്ന് കംബോഡിയ അവകാശപ്പെട്ടു.