നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യൻ നാവികരുടെ മോചനം വൈകുന്നു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നൈജീരിയയിൽ വിഷയം രാഷ്ട്രീയ ചർച്ചയായതോടെ നാവികരുടെ മോചനം പ്രതിസന്ധിയിലാണ്

Update: 2023-01-09 01:09 GMT
Editor : afsal137 | By : Web Desk

നൈജീരിയയിൽ തടവിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ നാവികരുടെ മോചനം വൈകുന്നു. നാവികരെ നാളെ കോടതിയിൽ ഹാജരാക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നൈജീരിയയിൽ വിഷയം രാഷ്ട്രീയ ചർച്ചയായതോടെ നാവികരുടെ മോചനം പ്രതിസന്ധിയിലാണ്. 

കഴിഞ്ഞ നവംബറിൽ ഇക്വിറ്റോറിയൽ ഗിനിയിൽ നിന്ന് നൈജീരിയിലെത്തിച്ച നാവികർ നിയമനടപടി നേരിടുകയാണ്. 16 ഇന്ത്യക്കാരടക്കം 26 പേരാണ് കപ്പലിലുണ്ടായിരുന്നത്. നൈജീരിയയിലേക്ക് കൈമാറും മുൻപ് മോചനം സാധ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നാവികർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എംബസി അതിനുളള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സാധ്യമായില്ല. നിലവിൽ നൈജീരിയയിൽ വിചാരണ തടവുകാരായി കഴിയുന്നത് 16 ഇന്ത്യക്കാരാണ്.

Advertising
Advertising

ഇവരെത്തിയ നോർവീജിയൻ കമ്പനിയുടെ എം.ടി ഹിറോയിക് ഐഡൻ എന്ന കപ്പൽ സമുദ്രാതിർത്തി ലംഘിച്ചു എന്നതായിരുന്നു ആദ്യം ആരോപിച്ചിരുന്ന കുറ്റം. നൈജീരിയൻ നാവികരെ കടൽകൊളളക്കാരെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് നീങ്ങിയതോടെയാണ് ആദ്യം നാവികർ ഇക്വിറ്റോറിയൽ ഗിനിയുടെ തടവിലായത്. ഭീമമായ പിഴയൊടുക്കി ഗിനിയിൽ നിന്ന് മോചനം സാധ്യമായെങ്കിലും നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സുദ്രാതിർത്തി ലംഘിച്ചു എന്നതിന് പുറമെ ക്രൂഡ് ഓയിൽ മോഷണക്കുറ്റമടക്കം ചുമത്തിയാണ് നിലവിൽ നിയമനടപടി തുടരുന്നത്. നാവികരെ രണ്ട് സംഘങ്ങളായി തിരിച്ചാകും കോടതിയിൽ ഹാജരാക്കുക. ഫെബ്രുവരിയിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാവികരുടെ അറസ്റ്റ് മുഖ്യവിഷയമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതുകൊണ്ടുതന്നെ നിയമനടപടികളും അതിനനുസരിച്ച് നീളുമോയെന്ന ആശങ്കയുമുണ്ട്. രാജ്യാന്തര ശ്രദ്ധ നേടിയ വിഷയത്തിൽ കൂടുതൽ നയതന്ത്ര നീക്കങ്ങൾ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News