‘മറൈൻ പരിശീലകയെ വിഴുങ്ങാനൊരുങ്ങി തിമിംഗലം’; വൈറൽ വിഡിയോക്ക് പിന്നിലെന്ത്
സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം പരിശീലകയായ ജസീക്കയെ തിമിംഗലം വിഴുങ്ങിയെന്നായിരുന്നു അവകാശപ്പെട്ടത്
വാഷിങ്ടൺ: പ്രകടനം നടത്തുന്നതിനിടയിൽ മറൈൻ പരിശീലകയെ തിമിംഗലം വിഴുങ്ങുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ എക്സിലടക്കം വൈറലയായിരുന്നു. ജസീക്ക റാഡ്ക്ളിഫ് എന്ന പരിശീലകയെ തിമിംഗലം ആക്രമിക്കുന്നതും വെള്ളത്തിന്റെ അടിയിലേക്ക് വലിച്ചുകൊണ്ടു പോകുന്നതും വെള്ളത്തിൽ രക്തം കലരുന്നതുമാണ് വിഡിയോയിലുള്ളത്. പസഫിക്ക് ബ്ളൂ മറൈൻ പാർക്കിലാണ് സംഭവം നടന്നതെന്നായിരുന്നു വിഡിയോയിൽ വ്യക്തമാക്കിയിരുന്നത്.
ലോകത്തെ നടുക്കിയ ഈ വീഡിയോ ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പസഫിക്ക് എന്ന ബ്ളൂ മറൈൻ പാർക്കിലെ കുളത്തിൽ ഓർക്ക തിമിംഗലത്തിനൊപ്പം പ്രകടനം കാഴ്ചവെക്കുകയാണ് ജസീക്ക റാഡ്ക്ളിഫ് എന്ന പരിശീലക. കൈയടിക്കുന്ന കാണികൾക്കുമുന്നിൽ വെള്ളത്തിൽനിന്ന് പൊങ്ങിവന്ന തിമിംഗലം, ഉടനടി ജസീക്കയുടെമേൽ ചാടിവീഴുകയും അവരെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. അവസാനം ചോരയിൽ കുളിച്ച് വെള്ളത്തിനുപുറത്തുവരികയാണ് ജസീക്ക. ഇത്രയുമാണ് വീഡിയോയുടെ ഉള്ളടക്കം.
മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും ജസീക്ക മരിച്ചെന്നുമവകാശപ്പെട്ടു. ലോകത്തെ നടുക്കിയ ഈ വീഡിയോ കൃത്രിമമായി രൂപപ്പടുത്തിയതാണെന്നും അല്ലെന്നുമുള്ള വാദവും നിലനിൽക്കുന്നുണ്ടായിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എക്സുമെല്ലാം ഏറ്റെടുത്ത ഈ വീഡിയോയുടെ സത്യാവസ്ഥയാണിപ്പോൾ പുറത്തുവരുന്നത്.
പസഫിക്ക് ബ്ളൂ മറൈൻ എന്ന പേരിൽ ഒരു പാർക്കോ ജസീക്ക റാഡ്ക്ളിഫ് എന്ന പേരിൽ ഒരു പരിശീലകയോ ഇല്ലെന്ന് വാർത്താ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. 2010-നു ശേഷം ഇത്തരമൊരു അപകടം എവിടെയുമുണ്ടായിട്ടില്ല എന്നും രേഖകൾ വ്യക്തമാക്കി. വിഡിയോയിലെ ദൃശ്യങ്ങളും ശബ്ദവും സാങ്കൽപ്പികവും എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതുമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിഡിയോയിലെ ചലനങ്ങൾ അസ്വാഭാവികവും അപാകതകൾ നിറഞ്ഞതുമാണെന്ന് ഫോറൻസിക് അനാലിസിസുകളും ചൂണ്ടിക്കാട്ടുന്നു. ഏതായാലും വിഡിയോ കണ്ട് അമ്പരന്നിരിക്കുന്നവർക്ക് അത് എ.ഐയുടെ വിരുത് മാത്രമാണെന്നോർത്ത് ഇനി ആശ്വസിക്കാം.