ലോകത്തെ ഞെട്ടിച്ച കൊള്ള; തുമ്പ് കിട്ടാതെ പൊലീസ്, ലൂവ്ര് മ്യൂസിയത്തിലേത് ആരേയും ഞെട്ടിക്കുന്ന മോഷണം !

എട്ട് മിനുട്ട് കൊണ്ടാണ് കൊള്ള നടത്തിയത്

Update: 2025-10-21 13:30 GMT

പാരീസ്: എട്ട് മിനുട്ട് നേരം കൊണ്ട് കോടികളുടെ അമൂല്യ രത്‌നങ്ങളുമായി കടന്നു കളഞ്ഞവരുടെ തയ്യാറെടുപ്പും മോഷണം നടപ്പാക്കിയതിലെ കൃത്യതയും ഏതൊരാളേയും ഞെട്ടിക്കുന്നതാണ്. നൂറ്റാണ്ടിന്റെ കൊള്ളയെന്നാണ് ഞായറാഴ്ച ലൂവ്ര് മ്യൂസിയത്തിലെ മോഷണത്തെ വിശേഷിപ്പിക്കുന്നത്. കോടികൾ വിലവരുന്ന അമൂല്യ രത്‌നങ്ങൾ കൊള്ള ചെയ്യപ്പെട്ടിട്ടും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും കിട്ടിയിട്ടില്ല. നാല് പേരാണ് മോഷണസംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ വശത്തുള്ള റോഡിൽ യന്ത്രഗോവണി സ്ഥാപിച്ച് നിർത്തിയിട്ടുള്ള ട്രക്കിൽ നിന്നാണ് മോഷ്ടാക്കൾ മ്യൂസിയത്തിലേക്ക് പ്രവേശിച്ചത്. രാവിലെ 9.30 നാണ് മോഷ്ടാക്കൾ കോണിയിലൂടെ മ്യൂസിയത്തിലേക്ക് കയറി തുടങ്ങിയത്. 9.34 ന് അറ്റകുറ്റപ്പണികൾ നടക്കുന്ന മ്യൂസിയത്തിന്റെ ഭാഗത്തുകൂടെ മോഷ്ടാക്കൾ അകത്തുകയറി. ബാൽക്കണിയിലെ ജനാല തകർത്ത് അപ്പോളോ ഗാലറിയിലേക്കു നേരിട്ടു പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്തു 9 രത്‌നങ്ങൾ കവർന്നു. അതിവേഗം തിരിച്ചിറങ്ങി മ്യൂസിയത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Advertising
Advertising

മോഷ്ടാക്കളുടെ കൈയ്യിൽ നിന്ന് വീണുപോയ ഒരു രത്‌നം മ്യൂസിയത്തിന് പുറത്ത് നിന്ന് കിട്ടിയിട്ടുണ്ട്. മ്യൂസിയത്തിന് അകത്ത് കയറിയ മോഷ്ടാക്കൾ തൊളിലാളികളുടെ വേഷത്തിലായിരുന്നു എന്നാണ് വിവരം. 9.38 ഓടെ പുറത്തിറങ്ങിയ മോഷ്ടാക്കൾ മ്യൂസിയത്തിനകത്തേക്ക് കയറാൻ ഉപയോഗിച്ച കോണി കത്തിക്കാൻ ശ്രമിച്ചു. യമഹ ടിമാക്‌സ് സ്‌കൂട്ടറിൽ കയറിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടാൻ സ്‌കൂട്ടർ തെരഞ്ഞെടുത്തതിലും പ്ലാനിങ് മികവ് കാണാം. പാരീസിലെ തിരക്കേറിയ നിരത്തുകളിലൂടെ വേഗത്തിൽ രക്ഷപ്പെടാൻ സ്‌കൂട്ടറാണ് നല്ലത് എന്ന നിഗമനത്തിലാണ് രക്ഷപ്പെടാൻ സ്‌കൂട്ടർ തെരഞ്ഞെടുത്തത്.

ഇത്രവലിയ മോഷണം നടന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. മോഷ്ടാക്കൾ നഗരത്തിന് പുറത്തേക്കുള്ള എ 6 ഹൈവേ വഴി രക്ഷപ്പെടാനാണ് സാധ്യത എന്നുമാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള രത്‌നങ്ങൾ ഉൾപ്പടെയുള്ള കളവ് പോയതിന് പിന്നാലെ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. പകൽ സന്ദർശകർ ഉള്ള സമയം മോഷണത്തിനായി എന്തിന് തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News