​ഫലസ്തീൻ മുതൽ ഖത്തർ വരെ, 10,631 ആക്രമണങ്ങൾ; 2025ൽ ഇസ്രായേൽ ആക്രമിച്ച രാജ്യങ്ങൾ ഇവയാണ്...

2025ൽ ഇസ്രായേൽ ഏറ്റവും വലിയ മനുഷ്യക്കുരുതിയും ആക്രമണവും നടത്തിയത് ​ഫലസ്തീനിലാണ്. ഇവിടെ ആകെ 8332 ആക്രമണങ്ങളാണ് ഈ വർഷം സയണിസ്റ്റ് രാജ്യം നടത്തിയത്.

Update: 2025-12-29 17:39 GMT

വാഷിങ്ടൺ: ​രണ്ട് വർഷത്തിലേറെയായി വംശഹത്യ നേരിടുന്ന ​ഗസ്സയുൾപ്പെടുന്ന ഫല്സ്തീൻ കൂടാതെ മറ്റ് വിവിധ രാജ്യങ്ങളിലും ഇസ്രായേൽ സമാനതകളില്ലാത്ത ആക്രമണമാണ് 2025ൽ നടത്തിയത്. ഇക്കാലയളവിൽ ലോകത്ത് മറ്റ് രാജ്യങ്ങളെ ആക്രമിച്ച രാഷ്ട്രങ്ങളിൽ ഒന്നാമതും ഇസ്രായേലാണ്. ഈ ഏകപക്ഷീയ ആക്രമണങ്ങളിൽ പതിനായിരങ്ങളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയതും മുറിവേൽപ്പിച്ചതും. ഫലസ്തീൻ ഉൾപ്പെടെ ആറ് രാജ്യങ്ങളെയാണ് ഇസ്രായേൽ 2025ൽ ആക്രമിച്ചത്. ഇറാൻ, ലബനാൻ, സിറിയ, യമൻ, ഖത്തർ എന്നിവയാണ് മറ്റുള്ളവ.

2025 ജനുവരി ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെ ഈ ആറ് രാജ്യങ്ങളിലായി 10,631ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയതെന്ന് സ്വതന്ത്ര സംഘർഷ നിരീക്ഷക പ്ലാറ്റ്ഫോമായ ആംഡ് കോൺഫ്ലിക്ട് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ (എസിഎൽഇഡി) പറയുന്നു. ഒരു വർഷത്തിനിടെ നടന്ന ഏറ്റവും വിശാലമായ സൈനിക ആക്രമണമാണിത്. വ്യോമ- ഡ്രോൺ ആക്രമണങ്ങൾ, ഷെൽ- മിസൈൽ ആക്രമണങ്ങൾ, റിമോട്ട് സ്ഫോടനങ്ങൾ, മറ്റ് സൈനിക ആക്രമണങ്ങൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്.

Advertising
Advertising

ഏറ്റവും വലിയ ആക്രമണം ​ഗസ്സയിൽ

2025ൽ ഇസ്രായേൽ ഏറ്റവും വലിയ മനുഷ്യക്കുരുതിയും ആക്രമണവും നടത്തിയത് ​ഫലസ്തീനിലാണ്. ഇവിടെ ആകെ 8332 ആക്രമണങ്ങളാണ് ഈ വർഷം സയണിസ്റ്റ് രാജ്യം നടത്തിയത്. അതായത് ദിവസേന ശരാശരി 25 ആക്രമണങ്ങൾ. ഇതിൽ 7024 എണ്ണവും ​ഗസ്സയിലാണ്. വെസ്റ്റ്ബാങ്കിൽ 1308 ആക്രമണങ്ങളും ഉണ്ടായി.

ഇസ്രായേൽ ആക്രമണത്തിൽ ഈ വർഷം ​ഗസ്സയിൽ 25,000ലേറെ ആളുകൾ കൊല്ലപ്പെടുകയും 62,000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഇക്കാലയളവിൽ ​ഗസ്സയിൽ 1000ലേറെ തവണയാണ് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചത്. ഇതിൽ 450ലേറെ ഫലസ്തീനികളെ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഗസ്സയിൽ വെടിനിർത്തൽ ലംഘനവും ആക്രമണം ഇപ്പോഴും തുടരുകയാണ് ഇസ്രായേൽ. 2023 ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 71,000ലേറെ ജീവനുകളാണ് ഇസ്രായേൽ സേന ​ഗസ്സയിൽ ഇല്ലാതാക്കിയത്.

ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ മാർച്ച് 18ഓടെ ഇസ്രായേൽ ലംഘിക്കുകയും ​ഗസ്സയിലുടനീളം ആക്രമണം തുടരുകയുമായിരുന്നു. ഭക്ഷ്യസഹായം തേടുന്നവർക്കെതിരെ ഉൾപ്പെടെ ഇസ്രായേൽ മനുഷ്യമനഃസാക്ഷിയെ ‍ഞെട്ടിക്കുന്ന ക്രൂരത നടത്തി. ​ഗസ്സയിലെ താമസസ്ഥലങ്ങളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാകെ തകർത്ത ഇസ്രായേൽ ഇരുപത് ലക്ഷം ആളുകളെയാണ് പലായനം ചെയ്യിച്ചത്. ജെനിൻ, തൂൽകറം, നൂർ ഷംസ് അഭയാർഥി ക്യാമ്പുകൾ ഉൾപ്പെടെ വെസ്റ്റ് ബാങ്കിലുടനീളവും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതു കൂടാതെയാണ് ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ റിപ്പോർട്ടിൽ എസിഎൽഇഡി ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ,‌ 2025ൽ ഫലസ്തീനികൾക്ക് നേരെ 1680 ഇസ്രായേലി കുടിയേറ്റ ആക്രമണളാണുണ്ടായതെന്ന് ഓഫീസ് ഫോർ ദ കോഡ‍ിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സിന്റെ കണക്കിൽ പറയുന്നു. അതായത് ദിവസേന അഞ്ച് വീതം ആക്രമണങ്ങൾ.

ലബനാനിലെ ആക്രമണം

ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും അത് ലംഘിച്ച് ലബനാനിനെ ഇസ്രായേൽ നിരവധി തവണ ആക്രമിച്ചു. ഒരു വർഷത്തിനിടെ 1653 തവണയാണ് ലബനാനിന്റെ വിവിധയിടങ്ങളിലേക്ക് ഇസ്രായേലിന്റെ ബോംബുകളും ഡ്രോണുകളും മിസൈലുകളുമടക്കം പാഞ്ഞത്. നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

2024 നവംബറിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷവും ഇസ്രായേൽ നിരന്തരം ആക്രമണങ്ങൾ നടത്തി. പ്രധാനമായും തെക്കൻ ലബനാൻ കേന്ദ്രീകരിച്ചായിരുന്നു ഇത്. പിന്നീട് ബെക്കാ താഴ്‌വരയിലേക്കും തലസ്ഥാനമായ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും ആക്രമണം വ്യാപിച്ചു. ഇപ്പോഴും ഇസ്രായേലി സൈന്യം തെക്കൻ ലെബനനിലെ അഞ്ച് ഇടങ്ങളിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഇറാനിലെ ആക്രമണം

12 ദിവസത്തെ സംഘർഷത്തിനിടെ, ഇറാനിലെ നിരവധി ജനവാസ കേന്ദ്രങ്ങളാണ് ഇസ്രായേൽ ആക്രമിച്ചത്. ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും ഇസ്രായേൽ കൊലപ്പെടുത്തി. ജൂൺ 22ന്, അമേരിക്കയും ഈ ആക്രമണത്തിൽ പങ്കുചേർന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലും ഇസ്രായേൽ ബോംബിട്ടു. എസിഎൽഇഡി കണക്കനുസരിച്ച്, ഇറാനിലെ 31 പ്രവിശ്യകളിൽ 28 എണ്ണത്തിൽ ഇസ്രായേൽ വ്യോമ- ഡ്രോൺ ആക്രമണങ്ങൾ നടത്തി. 379 ആക്രമണങ്ങളാണ് ഇക്കാലയളവിൽ ഇസ്രായേൽ ഇറാനിൽ നടത്തിയത്.

സിറിയയിലെ ആക്രമണം

കഴിഞ്ഞ ഒരു വർഷത്തിനിടെ സിറിയയിൽ 200ലധികം ആക്രമണങ്ങൾ ഇസ്രായേൽ നടത്തി. തെക്കൻ ഗവർണറേറ്റുകളായ ഖുനൈത്ര, ഡെറാ, ദമസ്കസ് എന്നിവിടങ്ങളിലായിരുന്നു അവയിൽ ഭൂരിഭാഗവും. ഇറാനിയൻ സൈനിക സ്ഥാപനങ്ങൾ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് വർഷങ്ങളായി സിറിയയെ ആക്രമിച്ചുവരികയാണ് ഇസ്രായേൽ.

യമന് നേരെയുണ്ടായ ആക്രമണം

48 ആക്രമണങ്ങളാണ് 2025ൽ യമന് നേരെ ഇസ്രായേൽ നടത്തിയത്. 2025 ഓഗസ്റ്റ് 28ന് തലസ്ഥാനമായ സൻആയിൽ നടന്ന ഹൂത്തി നേതൃത്വത്തിലുള്ള സർക്കാർ യോഗത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സൻആ അന്താരാഷ്ട്ര വിമാനത്താവളം, ഹുദൈദ തുറമുഖം, നിരവധി വൈദ്യുത നിലയങ്ങൾ എന്നിവയുൾപ്പെടെ യമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ ആക്രമിച്ചു.

ഖത്തറിനെതിരായ ആക്രമണം

​ഗസ്സയിൽ യുഎസ് നിർദേശിച്ച വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള യോഗത്തിനിടെ സെപ്തംബർ ഒമ്പതിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം നടത്തി. ഖത്തരികളും വിദേശികളും താമസിക്കുന്ന നിരവധി വിദേശ എംബസികൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, കോമ്പൗണ്ടുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ദോഹയിലെ വെസ്റ്റ് ബേ ലഗൂൺ പ്രദേശത്തായിരുന്നു ആക്രമണം. മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ, മൂന്ന് അം​ഗരക്ഷകർ, ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥൻ എന്നിവരടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കടലിലെ ആക്രമണങ്ങൾ

2025ൽ, നിരവധി അന്താരാഷ്ട്ര ഫ്രീഡം ഫ്ലോട്ടിലകൾ മാനുഷിക സഹായവുമായി ഗസ്സയിലേക്ക് പുറപ്പെട്ടിരുന്നു. മെയ് രണ്ടിന് ഗസ്സയിലേക്ക് കപ്പൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ, ഫ്രീഡം ഫ്ലോട്ടിലയെ കൺസൈൻസിൽ മാൾട്ട തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ (26 കിലോമീറ്റർ) അകലെ ഇസ്രായേൽ സായുധ ഡ്രോണുകൾ രണ്ടു തവണ ആക്രമണം നടത്തി. തീപിടിത്തമുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പൊള്ളലേറ്റു.

സെപ്തംബർ ഒമ്പതിന്, ​ഗസ്സയിലേക്ക് പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയ്ക്ക് നേരെ ടുണീഷ്യൻ തുറമുഖമായ സിഡി ബൗ സെയ്ദിൽ വച്ച് ഡ്രോൺ ആക്രമണമുണ്ടായി. ഒക്ടോബറിൽ കുറച്ചുകൂടി കടുത്ത ആക്രമണമാണുണ്ടായത്. ​ഗസ്സയിലേക്ക് സഹായവുമായി പോയ ​ഗ്ലോബൽ സുമൂദ് ഫ്ലോട്ടില തടഞ്ഞ ഇസ്രായേൽ സേന സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 443 ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ് ഷിയാസ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍.2012 മാധ്യമപ്രവര്‍ത്തന രംഗത്ത്. ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയം, കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പത്ര- ഓണ്‍ലൈന്‍ മീഡിയകളിൽ പ്രവര്‍ത്തനപരിചയം

By - Web Desk

contributor

Similar News