കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് രണ്ടുവയസുകാരി

ഓടിയെത്തിയ അയല്‍ക്കാര്‍ കാണുന്നത് വായില്‍ പാമ്പിനെയും കടിച്ചുപിടിച്ചുനില്‍ക്കുന്ന കുട്ടിയെയാണ്

Update: 2022-08-17 14:13 GMT
Editor : Lissy P | By : Web Desk
Advertising

അംഗാര:പാമ്പെന്ന് കേട്ടാലേ പേടിച്ചോടുന്നവരാണ് ഭൂരിഭാഗം പേരും. അപ്പോൾ പാമ്പ് മുന്നിലെത്തിയാലോ...പറയുകയും വേണ്ട. എന്നാൽ തുർക്കിയിലെ ഒരു രണ്ടുവയസുകാരി തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു എന്ന് മാത്രമല്ല അതിനെ കൊല്ലുകയും ചെയ്തു. തുർക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് news.com.au റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയെ അയൽവാസികൾ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കുട്ടിയെ പേര് വെളിപ്പെടുത്തിയിട്ടില്ല. എസ്.ഇ എന്നാണ് പെൺകുട്ടിയെ വിശേഷിപ്പിക്കുന്നത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെൺകുട്ടി ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് വീട്ടുകാരും അയൽക്കാരും എത്തിയത്. ഓടിയെത്തിയ അയൽക്കാർ കണ്ട് കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുട്ടിയുടെ വായയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന പാമ്പിനെയാണ് കണ്ടത്. പാമ്പിനെ മാറ്റിയപ്പോഴാണ് കുട്ടിയുടെ ചുണ്ടിൽ കടിയേറ്റ പാട് കണ്ടത്. പാമ്പിന് ഏകദേശം 50സെന്റീ മീറ്റർ നീളമുണ്ടായിരുന്നതായി കുട്ടിയുടെ പിതാവ് മെഹ്മത് എർകാൻ പറഞ്ഞതായി ഔട്ട്ലറ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ താൻ ജോലി സ്ഥലത്തായിരുന്നെന്നും അയൽവാസികളാണ് കാര്യങ്ങൾ വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

45 ഇനം പാമ്പുകൾ തുർക്കിയിൽ കാണപ്പെടുന്നുണ്ടെന്നും അവയിൽ 12 എണ്ണം വിഷമുള്ളവയാണെന്നും പെൺകുട്ടിയെ കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നും  ന്യൂസ് വീക്ക് റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News