സെലൻസ്‌കി സ്വേച്ഛാധിപതി, മാറിയില്ലെങ്കിൽ രാജ്യം നശിക്കുമെന്ന് ട്രംപ്

ദശലക്ഷക്കണക്കിന് പേരാണ് ഒരു കാര്യവുമില്ലാതെ മരിച്ചതെന്നും ട്രംപ് പറഞ്ഞു

Update: 2025-02-20 05:13 GMT

വാഷിംഗ്ടൺ: യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ ഡോണള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള വാഗ്വാദം രൂക്ഷമാകുന്നതിനിടെയാണ് സെലൻസ്കിയെ തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയെന്ന് വിശേഷിപ്പിച്ചത്. സൗദി അറേബ്യയിൽ നടത്തിയ യുഎസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രൈനെ ഒഴിവാക്കിയതിനെതിരെ സെലന്‍സ്കി രംഗത്തുവന്നിരുന്നു. മോസ്കോ നൽകുന്ന തെറ്റായ വിവരങ്ങളിലാണ് യുഎസ് പ്രസിഡന്‍റ് ജീവിക്കുന്നതെന്നായിരുന്നു സെലൻസ്കി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ വിമര്‍ശനം.

Advertising
Advertising

സെലന്‍സ്കി എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ രാജ്യം തന്നെ നശിക്കുമെന്നും ട്രംപ് പറഞ്ഞു. തന്‍റെ സാമൂഹ്യമാധ്യമമായ ട്രൂത്തിലൂടെയായിരുന്നു പരാമര്‍ശം. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ ഒരു വയലിന്‍ പോലെ നിയന്ത്രിക്കാന്‍ സെലന്‍സ്കിക്ക് സാധിക്കുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു അധ്വാനവും ഇല്ലാതെ പ്രസിഡന്‍റായി അങ്ങനെ വിലസണം. അത്ര മാത്രമേ സെലൻസ്‌കിയ്ക്ക് ഉള്ളൂ. തനിക്ക് യുക്രൈനെ ഇഷ്ടമാണ്. എന്നാൽ സെലൻസ്‌കി രാജ്യത്തെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് പേരാണ് ഒരു കാര്യവുമില്ലാതെ മരിച്ചതെന്നും ട്രംപ് പറഞ്ഞു.

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഫോണിൽ വിളിച്ച് തനിക്ക് പിന്തുണ നൽകിയതായി സെലൻസ്കി അറിയിച്ചു. സെലെൻസ്‌കിയുടെ അഞ്ച് വർഷത്തെ ഭരണ കാലാവധി 2024 മേയ് മാസത്തിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ 2022 ഫെബ്രുവരിയിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിക്കുകയും തെരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതുമുതൽ യുക്രൈൻ പട്ടാള നിയമത്തിൻ കീഴിലാണ്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും ട്രംപിൻ്റെ സ്വേച്ഛാധിപതി പരാമര്‍ശത്തെ വിമർശിച്ചു. ജർമൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് ഇതിനെ അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ സെലൻസ്‌കിയുടെ തെറ്റായ പരാമര്‍ശങ്ങളോടുള്ള നേരിട്ടുള്ള പ്രതികരണമാണ് ട്രംപിൻ്റെ പോസ്റ്റെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപിൻ്റെ അഭിപ്രായത്തിന് പിന്നാലെ റഷ്യ ഇപ്പോൾ ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിക്കുകയാണെന്ന് യുക്രൈന്‍ മുൻ പ്രധാനമന്ത്രി അർസെനി യാറ്റ്സെന്യുക് ബിബിസിയോട് വ്യക്തമാക്കി. സെലെൻസ്‌കി തികച്ചും നിയമാനുസൃതമായ പ്രസിഡൻ്റാണെന്നും സൈനിക നിയമപ്രകാരം തങ്ങൾക്ക് തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News