മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിവുള്ള പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഞാന്‍ മാത്രം: ട്രംപ്

'ഈ ഭരണം മൂന്നാം ലോക മഹായുദ്ധത്തിൽ എത്തും. കാരണം അവർ ശരിയായി കാര്യങ്ങള്‍ സംസാരിക്കുന്നില്ല'

Update: 2023-03-15 07:40 GMT
Advertising

ന്യൂയോര്‍ക്ക്: മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിയുന്ന ഏക പ്രസിഡന്‍റ് സ്ഥാനാർഥി താനാണെന്ന് ഡോണൾഡ് ട്രംപ്. 2024ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിങ്കളാഴ്ച അയോവയിൽ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് കൂടിയായ ട്രംപ്​.

മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഇതിനേക്കാൾ അപകടകരമായ ഒരു കാലം ലോകത്ത് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചു. ആണവ യുദ്ധത്തിലേക്കാണ് സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

"ഈ ഭരണം മൂന്നാം ലോക മഹായുദ്ധത്തിൽ എത്തും. കാരണം അവർ ശരിയായി കാര്യങ്ങള്‍ സംസാരിക്കുന്നില്ല. നന്നായി പെരുമാറേണ്ട സമയത്ത് അവർ കർക്കശക്കാരായി മാറുന്നു. കർക്കശമായി പെരുമാറേണ്ട സമയത്ത് അവർ നന്നായി പെരുമാറുന്നു. അതായത് അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. ഇതെല്ലാം ഒരു ലോകയുദ്ധത്തിൽ അവസാനിക്കും" - ട്രംപ് പറഞ്ഞെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.

2024ൽ താൻ അമേരിക്കന്‍ പ്രസിഡന്‍റായാല്‍ റഷ്യ - യുക്രൈന്‍ തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് ട്രംപ്​ അവകാശപ്പെട്ടു. വ്‌ളാദിമിർ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News