Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി 40 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണത്തിനിടെ ഗസ്സയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതായി ഇസ്രായേൽ ടെലിവിഷനും ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളാണ് വിവരം കൈമാറിയത്.
ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളിൽ പകുതിയോളം പേരെ തിരികെ നൽകുന്നതിന് പകരമായി 60 ദിവസത്തേക്ക് യുദ്ധം താൽക്കാലികമായി നിർത്തുന്ന 'വിറ്റ്കോഫ് ചട്ടക്കൂട്' മതിയാകില്ലെന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാനുമായുള്ള യുഎസിന്റെ നിലവിലുള്ള ആണവ ചർച്ചകൾക്കും സൗദി അറേബ്യയുമായുള്ള സാധാരണവൽക്കരണ ചർച്ചകൾക്കും സഹായകമാകുമെന്ന് യുഎസ് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ പിന്തുണയോടെ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ ഒരു വംശഹത്യ യുദ്ധം നടത്തിവരികയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ എല്ലാ ആഹ്വാനങ്ങളും ഉത്തരവുകളും അവഗണിച്ചാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ഏകദേശം 182,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 11,000 ത്തിലധികം പേരെ കാണാതായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.