Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂയോർക്: യുഎൻ ജനറൽ അസംബ്ലിയിൽ പട്ടിണികിടക്കുന്ന ഫലസ്തീൻ കുഞ്ഞിന്റെ പടമുയർത്തി തുർക്കി പ്രസിഡന്റ് ഉർദുഗാൻ. 'ഏതുതരം മനുഷ്യ മനസ്സാക്ഷിക്കാണ് ഇതിനെ പിന്തുണക്കാൻ സാധിക്കുക എന്ന് ഉർദുഗാൻ ചോദിച്ചു. ലോകത്ത് കുട്ടികൾ പട്ടിണികിടന്ന് മരിക്കുന്നത് കണ്ടിട്ട് ആർക്കാണ് മിണ്ടാതിരിക്കാൻ സാധിക്കുക എന്നും ഉർദുഗാൻ ചോദിച്ചു.
'നമ്മുക്ക് എല്ലാവർക്കും മക്കളും പേരമക്കളുമുണ്ട്. യൂറോപ്പിലായാലും അമേരിക്കയിലായാലും നമ്മുടെ കുഞ്ഞിന്റെ വിരലിൽ ഒരു റോസിന്റെ മുള്ള് കുത്തിയാൽ മാതാപിതാക്കൾ എന്ന നിലക്ക് നമ്മുടെ ഹൃദയം പിടയും. എന്നാൽ ഗസ്സയിൽ കുഞ്ഞുങ്ങളുടെ കാലും കയ്യുമൊക്കെ അനസ്തേഷ്യ പോലുമില്ലാതെ ഛേദിക്കപ്പെടുകയാണ്. മനുഷ്യത്വത്തിന്റെ ഏറ്റവും ദുർബലമായ അവസ്ഥയാണിത്.' ഉർദുഗാൻ പറഞ്ഞു.
'നമ്മുടെ ഓരോരുത്തരുടെയും മുന്നിൽ 700 ദിവസത്തിലേറെയായി ഗസ്സയിൽ വംശഹത്യ നടക്കുന്നു. കഴിഞ്ഞ 23 മാസമായി ഇസ്രായേൽ ഓരോ മണിക്കൂറിലും ഒരു കുട്ടിയെ കൊല്ലുന്നു. ഇവ കേവലം സംഖ്യകളല്ല; ഓരോരുത്തരും ഓരോ ജീവനാണ്, ഒരു നിരപരാധിയായ വ്യക്തിയാണ്.' ഉർദുഗാൻ കൂട്ടിച്ചേർത്തു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ന്യൂയോർക്കിൽ ഇല്ലാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച ഉർദുഗാൻ തുർക്കി 'ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതക്കുവേണ്ടിയാണ്' സംസാരിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞു.