പങ്കാളിയുടെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്ത് യുവതി; തലയിൽ കൈവെച്ച് നെറ്റിസൺസ്

പ്രണയം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ടാറ്റൂ എന്നും ഒരിക്കലും ഈ തീരുമാനത്തിൽ തനിക്ക് കുറ്റബോധമുണ്ടാവില്ലെന്നും അന പറയുന്നു

Update: 2023-11-10 14:54 GMT

പ്രണയത്തിന് കണ്ണില്ല എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. പ്രണയത്തിലാവുമ്പോൾ നാം വേറൊന്നിനെ പറ്റിയും ചിന്തിക്കാറില്ലെന്നും ആ ഒരാളിലേക്ക് മാത്രമായി ലോകം ചുരുങ്ങും എന്നുമൊക്കെയാണ് ഇത് കൊണ്ടർഥമാക്കുന്നത്. ഇത് നൂറ് ശതമാനം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിൽ ഒരു യുവതി. പ്രണയത്തിന്റെ തീവ്രത കാട്ടാൻ പങ്കാളിയുടെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്യുകയാണ് ഇവർ ചെയ്തത്.

കെവിൻ എന്ന് നെറ്റി നിറഞ്ഞ് വലിയ അക്ഷരങ്ങളിലാണ് ഇൻഫ്‌ളുവൻസർ കൂടിയായ അന സ്റ്റാൻസ്‌കോവ്‌സ്‌കി ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്തത് ഇവർ ഇൻസ്റ്റഗ്രാമിൽ വീഡിയോ ആയി പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ടാറ്റൂ ചെയ്യുന്ന സമയം അന വേദന കൊണ്ട് പുളയുന്നതായാണ് വീഡിയോയിൽ ഉള്ളതെങ്കിലും വീഡിയോയ്ക്ക് അവസാനം ടാറ്റൂ കണ്ട് വലിയ സന്തോഷവും സംതൃപ്തിയുമൊക്കെയാണ് അനയ്ക്ക്. തനിക്ക് കെവിനോടുള്ള പ്രണയം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ടാറ്റൂ എന്നും ഒരിക്കലും ഈ തീരുമാനത്തിൽ തനിക്ക് കുറ്റബോധമുണ്ടാവില്ലെന്നും അന പറയുന്നു.

Advertising
Advertising

"ഞാൻ പ്രണയത്തിലാണ്. എന്റെ പങ്കാളിയുമായും ഇപ്പോഴിതാ അയാളുടെ പേരിലുള്ള ടാറ്റൂവുമായും. നിങ്ങളൊരാളെ ആത്മാർഥമായി പ്രണയിക്കുന്നുണ്ടെങ്കിൽ അതയാളെ ബോധ്യപ്പെടുത്തുക തന്നെ വേണം. എനിക്ക് തോന്നുന്നത് ഒരാളുടെ പേര് മുഖത്ത് ടാറ്റൂ ചെയ്യാൻ അയാളുടെ പങ്കാളി വിസമ്മതിക്കുന്നു എങ്കിൽ അവർ നിങ്ങളെ സ്‌നേഹിക്കുന്നില്ല എന്നാണ്. ഇങ്ങനെയൊക്കെയല്ലേ സ്‌നേഹം കാണിക്കാൻ നമുക്ക് പറ്റൂ?" അന ചോദിക്കുന്നു.

എന്നാൽ ടാറ്റൂ ചെയ്തതിൽ അനയ്ക്ക് വലിയ സന്തോഷവും അഭിമാനവുമൊക്കെയാണെങ്കിലും 'ഞങ്ങൾ ഓകെ അല്ലെങ്കിലോ' എന്നതാണ് നെറ്റിസൺസിന്റെ ആറ്റിറ്റിയൂഡ്. രൂക്ഷ വിമർശനമാണ് യുവതിക്ക് നേരെ സമൂഹമാധ്യമങ്ങളിലുയരുന്നത്.

അന മാനസികാരോഗ്യത്തിന് ചികിത്സ തേടണം എന്നാണ് പ്രധാന വിമർശനം. പ്രണയത്തിന് യാതൊരു ഗ്യാരന്റിയുമില്ലെന്നും കെവിനുമായി ബ്രേക്ക് അപ് ആയാൽ ടാറ്റൂ എന്ത് ചെയ്യുമെന്നുമൊക്കെയാണ് ആളുകളുടെ ചോദ്യം. വീഡിയോ ഫേക്ക് ആണെന്ന് വാദിക്കുന്നവരും കുറവല്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News