നേർക്കുനേർ പോരാടാൻ ധൈര്യമുണ്ടോ? പുടിനെ വെല്ലുവിളിച്ച് ഇലോൺ മസ്‌ക്

റഷ്യൻ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതയ്ക്ക് പൂർണ പിന്തുണയുമായി ഇലോൺ മസ്‌ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു

Update: 2022-03-15 03:15 GMT
Advertising

റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വെല്ലുവിളിച്ച് ടെസ്‌ല മേധാവിയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നുവെന്നാണ് മസ്കിന്‍റെ ട്വീറ്റ്. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും മസ്ക് ട്വീറ്റില്‍ വ്യക്തമാക്കുന്നു. വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിലാണ് മസ്‌ക് ഉപയോഗിച്ചിരിക്കുന്നത്. 

ഈ പോരാട്ടത്തിന് നിങ്ങള്‍ക്ക് സമ്മതമാണോ എന്ന് റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ ക്രെംലിന്‍ റഷ്യയെ ടാഗ് ചെയ്‌തുകൊണ്ട് മറ്റൊരു ട്വീറ്റും മസ്ക് പങ്കുവെച്ചിട്ടുണ്ട്. സിറിലിക് ലിപിയിലാണ് മസ്കിന്‍റെ ട്വീറ്റ്. നിങ്ങള്‍ നല്ലവണ്ണം ചിന്തിച്ചിട്ടാണോ? എന്ന ഫോളോവേഴ്സിന്‍റെ ചോദ്യത്തിന് ഞാൻ തികച്ചും ഗൗരവത്തോടെയാണ് സംസാരിക്കുന്നതെന്ന് മസ്ക് മറുപടിയും നല്‍കുന്നുണ്ട്. 

റഷ്യന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയുമായി ഇലോണ്‍ മസ്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്താണ് മസ്ക് സഹായിച്ചത്. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു.

ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയതിനു പിന്നാലെ മസ്കിന് നന്ദിയറിയിച്ച് ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ സ്പേസ് എക്സ് നിർമിച്ച സാറ്റലൈറ്റ് സഞ്ചയമാണ് സ്റ്റാർലിങ്ക്. സുനാമിയില്‍ ടോംഗയിലെ ടെലികമ്മ്യൂണിക്കേഷൻ ശൃംഖല സാരമായി ബാധിക്കപ്പെട്ടപ്പോഴും ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിനായി മസ്‌ക് 50 സാറ്റലൈറ്റ് ടെർമിനലുകൾ സംഭാവന നൽകിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News