സ്വര്‍ണവുമായി സിംഗപ്പൂരിലേക്ക് പറന്ന് ശതകോടീശ്വരന്മാര്‍; കാരണമെന്ത്?
25-60 ടണ്‍ സ്വര്‍ണം സംഭരിക്കാന്‍ ശേഷിയുള്ള സ്വകാര്യ നിലവറയാണ് 'ദി റിസര്‍വ്'. നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണവും വെള്ളിയും ഇവിടെ സൂക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
സിംഗപ്പൂര്‍: സിംഗപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന, രത്‌നക്കല്ലുകളാല്‍ തിളങ്ങുന്ന ബഹുനില കെട്ടിടം. തൊട്ടടുത്തുള്ള പാതയിലൂടെ കടന്നുപോകുന്ന ആരുടെയും കണ്ണ് പെട്ടെന്ന് അതിലൊന്ന് ഉടക്കിപ്പോകും. കഴിഞ്ഞ കുറച്ചുനാളായി ആ കെട്ടിട സമുച്ചയത്തില്‍ തിരക്കോട് തിരക്കാണ്. എയര്‍പോര്‍ട്ടില്‍നിന്നു വരുന്ന കാര്‍ഗോ വാഹനങ്ങളാണു കെട്ടിടത്തിനു മുന്നില്‍ വരിനില്‍ക്കുന്നത്.
'ദി റിസര്‍വ്' എന്നു പേരുള്ള, ലോകത്തെ തന്നെ ഏറ്റവും വലിയ സംഭരണശേഷിയുള്ള നിലവറകളിലൊന്നാണ് ആ 'ഗോള്‍ഡന്‍ ടവര്‍'. സ്വര്‍ണം നിറച്ച ചരക്കുവാഹനങ്ങളാണ് ദിവസവും അവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ ജീവിക്കുന്ന ശതകോടീശ്വരന്മാരുടെ കരുതല്‍ സ്വര്‍ണശേഖരമാണ് 'ദി റിസര്‍വ്' ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്.
Watch video report here:
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റത്തിനു പിന്നാലെ ആഗോളതലത്തില്‍ ഉടലെടുത്ത സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങള്‍ തന്നെയാണ് ഈ കൗതുകമുണര്‍ത്തുന്ന നീക്കത്തിനു പിന്നിലുമുള്ളത്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ്, അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും നിലവറകളില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ശതകോടീശ്വരന്‍മാര്‍ തങ്ങളുടെ സ്വത്തുക്കള്‍ സുരക്ഷിതമാക്കാന്‍ പുതിയ താവളങ്ങള്‍ തേടുന്നത്. ഒടുവില്‍ സുരക്ഷിത കേന്ദ്രമായി സിംഗപ്പൂരിനെ കണ്ടെത്തുന്നതും വെറുതെയല്ല.
'കിഴക്കിന്റെ ജനീവ' എന്നാണു സിംഗപ്പൂര്‍ അറിയപ്പെടുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സുസ്ഥിരത, ശക്തവും സുതാര്യവുമായ നിയമവ്യവസ്ഥ, നിഷ്പക്ഷമായ ആഗോള രാഷ്ട്രീയ നിലപാട് തുടങ്ങിയ സവിശേഷതകളാണ് ആ വിളിപ്പേരിനു പിന്നില്‍. ഈ ചെറിയ ദ്വീപ് രാഷ്ട്രത്തെ സുരക്ഷിതകേന്ദ്രമായി ആഗോള സമ്പന്നര്‍ കാണുന്നതും അതുകൊണ്ടുതന്നെയാണ്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 'ദ റിസര്‍വ്' ആണ് അവരെല്ലാം സുരക്ഷിത നിലവറയായി തിരഞ്ഞെടുത്തിരിക്കുന്നത്. 25-60 വരെ ടണ്‍ സ്വര്‍ണം സംഭരിക്കാന്‍ ശേഷിയുള്ള സ്വകാര്യ നിലവറയാണ് 'ദി റിസര്‍വ്'. മൂന്ന് നിലയിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് സേഫ് ഡെപ്പോസിറ്റ് ബോക്‌സുകളും അവിടെയുണ്ട്. നിലവില്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണവും വെള്ളിയും കെട്ടിടത്തില്‍ സംഭരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് അധികാരമേറ്റ ശേഷം റിസര്‍വില്‍ സ്വര്‍ണവും വെള്ളിയും സംഭരിക്കാന്‍ അനുമതി തേടി ശതകോടീശ്വരന്മാരുടെ നീണ്ട ക്യൂ ആണ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍, കേന്ദ്രത്തില്‍ സ്വര്‍ണവും വെള്ളിയും സൂക്ഷിക്കാന്‍ താല്‍പര്യം അറിയിച്ച് സമീപിക്കുന്നവരുടെ എണ്ണത്തില്‍ 88 ശതമാനം 'ദി റിസര്‍വ്' സ്ഥാപകന്‍ ഗ്രിഗര്‍ ഗ്രിഗേഴ്‌സണ്‍ വെളിപ്പെടുത്തിയത്. സ്വര്‍ണ-വെള്ളി ബാറുകളുടെ വില്‍പ്പന 200 ശതമാനം വര്‍ധിച്ചതായും അദ്ദേഹം പറയുന്നു.
ട്രംപിന്റെ താരിഫ് യുദ്ധത്തിനു പിന്നാലെ ഉടലെടുത്ത ആഗോളരാഷ്ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയിട്ടുണ്ട്. ട്രംപ് ഭരണകൂടവും ചൈനയും തമ്മിലുള്ള തീരുവ-പകരച്ചുങ്കം ഏറ്റുമുട്ടലുകള്‍, യൂറോപ്യന്‍ യൂനിയനുനേര്‍ക്കുള്ള ട്രംപിന്റെ താരിഫ് ഭീഷണികള്‍ എന്നിവ ഒരു ഭാഗത്ത്. ഇതിനെല്ലാമിടയില്‍ ഇനിയും അയവില്ലാത്ത പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. ഇതെല്ലാം സ്വര്‍ണത്തിന്റെ മൂല്യവും ആവശ്യവും കൂട്ടിയിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡുകളെല്ലാം ഭേദിച്ചു കുതിച്ചുയര്‍ന്നതിനും പിന്നിലും ഇതേ കാരണങ്ങള്‍ തന്നെയാണുള്ളത്.
2030ഓടെ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 8,900 ഡോളറില്‍ എത്തിനില്‍ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അഥവാ 10 ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ ഏകദേശം 7.5 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏകദേശം 92,000ത്തിനടുത്താണ് അത്രയും സ്വര്‍ണത്തിന് ഇന്നു വിലവരുന്നത്. 2026ല്‍ തന്നെ സ്വര്‍ണവില 5,000 ഡോളര്‍ തൊടുമെന്നു പ്രവചിക്കുന്നവരുമുണ്ട്.
സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള ഓഹരികളും ഫണ്ടുകളുമാണ് പേപ്പര്‍ ഗോള്‍ഡ് എന്ന് അറിയപ്പെടുന്നത്. ഇത്തരം പേപ്പര്‍ ഗോള്‍ഡിനെ അപേക്ഷിച്ച് ഫിസിക്കല്‍ ഗോള്‍ഡ് ബാറുകള്‍ക്കാണ് അതിസമ്പന്നര്‍ മുന്‍ഗണന നല്‍കുന്നത്. പേപ്പര്‍ ഗോള്‍ഡിനെ അപേക്ഷിച്ച് ഫിസിക്കല്‍ ഗോള്‍ഡിനു വെല്ലുവിളികള്‍ കുറവാണെന്നതാണ് അതിനു പ്രധാന കാരണം. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ സ്വര്‍ണങ്ങളും ആസ്തിയും കൊണ്ടുനടക്കുന്നതിലും സുരക്ഷിതം 'റിയല്‍' സ്വര്‍ണം തന്നെ സൂക്ഷിക്കുന്നതാണെന്നാണ് അവര്‍ കരുതുന്നത്.
സിംഗപ്പൂരിനെ ഒരു 'സേഫ് ഡെസ്റ്റിനേഷന്‍' ആയി അവരെല്ലാം പരിഗണിക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആഗോള വ്യാപാര കേന്ദ്രങ്ങളിലൊണ് സിംഗപ്പൂര്‍. അതുകൊണ്ടുതന്നെ അവിടേക്ക് മുഴുസമയവും വ്യോമഗതാഗതവുമുണ്ട്. ബിസിനസ് ഭീമന്മാരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണത്. സ്വര്‍ണം എളുപ്പത്തില്‍ എത്തിക്കാനും സംഭരിക്കാനുമെല്ലാമാകും. ഇതിനു പുറമെയാണ്, സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദ നിലപാടുകളും ആഗോളരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന നയങ്ങളും. ഭരണകൂടത്തിന്റെ സുതാര്യമായ വ്യാപാര നയങ്ങളും നികുതി ആനുകൂല്യങ്ങളുമെല്ലാം സിംഗപ്പൂരിനെ അതിസമ്പന്നരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.
Summary: Why the ultra-rich parking their gold in Singapore in rush?