‘റോഹിങ്ക്യൻ മുസ്‍ലിംകൾക്ക് നേരെയുള്ള അക്രമം ഉടൻ അവസാനിപ്പിക്കണം’ മ്യാൻമറിനോട് യു.എൻ

ഭയപ്പെടുത്തുന്നതും അസ്വസ്ഥയുണ്ടാക്കുന്നതുമായ റിപ്പോർട്ടുകളാണ് മ്യാൻമറിൽ നിന്ന് ലഭിക്കുന്നതെന്ന് യു.എൻ

Update: 2024-05-25 04:35 GMT
Editor : Anas Aseen | By : Web Desk
Advertising

ജനീവ: മ്യാൻമറിൽ റോഹിങ്ക്യൻ ജനതയ്​ക്ക് നേരെ സൈന്യം തുടരുന്ന വംശഹത്യയിൽ മുന്നറിയിപ്പുമായി യു.എൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോഹിങ്ക്യൻ ജനത തിങ്ങിപ്പാർക്കുന്ന റാഖൈൻ സംസ്ഥാനത്തെ ബുത്തിഡൗങ്ങ് പട്ടണത്തിന് തീയിട്ടിരുന്നു.

റോഹിങ്ക്യകളെ കൊന്നൊടുക്കുന്നതും അവരുടെ സ്വത്തുക്കൾ കത്തിക്കുന്നതും​ സൈന്യം തുടരുകയാണെന്നാണ് റിപ്പോർട്ട്. ‘ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ റിപ്പോർട്ടുകളാണ് മ്യാൻമറിൽ നിന്ന് ലഭിക്കുന്നത്. അക്രമങ്ങൾ വ്യാപിക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് മുന്നറിയിപ്പ് നൽകി. സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് ജീവനുംകൊണ്ട് 45,000 രോഹിങ്കികൾ പലായനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.അക്രമം ഉടൻ അവസാനിപ്പിക്കണം, എല്ലാ പൗരന്മാരെയും യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു. 

രണ്ടുലക്ഷത്തോളം റോഹിങ്കിയൻ ജനത തിങ്ങിപ്പാർക്കുന്ന ബുത്തിഡൗങ് നഗരം പൂർണമായും സൈന്യം കത്തിച്ചത്. സൈനികാതിക്രമത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് പോലും പുറം ലോകത്തിന് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.നഗരം പൂർണമായും അടച്ച് സൈന്യം നഗരത്തിൽ നിന്ന് പുറത്തുപോവാനുള്ള പാലത്തിന് തീയിടുകയും ചെയ്തു.തീ ഗോളമായി മാറിയ നഗരത്തിൽ നിന്ന് ഏകദേശം 200,000 ആളുകൾ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ഭക്ഷണമോ മരുന്നുകളോ അവശ്യ സാധനങ്ങളോ ഇല്ലാതെ പാടങ്ങളിലും പറമ്പുകളിലും ഒളിച്ചിരിക്കുകയാണെന്നും റോഹിങ്ക്യൻ അവകാശ പ്രവർത്തരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റി​​പ്പോർട്ട് ചെയ്യുന്നു. അതെ സമയം സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെഎണ്ണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

നഗരത്തിൽ നിന്ന് ഒരാളെ പോലും രക്ഷപ്പെടാൻ സൈന്യം അനുവദിക്കുന്നില്ല.സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലായ പ്രദേശത്ത് നിന്ന് ഒരു വിവരവും പുറംലോകമെത്താതിരിക്കാനുള്ള നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ്, ടെലഫോൺ സംവിധാനങ്ങൾ പൂർണമായും റദ്ദാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിലെ ബുത്തിഡൗങ് നഗരത്തിലാണ് സൈന്യത്തിന്റെ നരനായാട്ട്.സൈനികർ റോഹിങ്ക്യകളുടെ വീടുകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ആളുകളെ രക്ഷപ്പെടാൻ പോലും അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫോണുകൾ പിടിച്ചെടുത്തു. മറ്റിടങ്ങളിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കമ്യൂണിക്കേഷൻ സംവിധാനങ്ങൾ പൂർണമായും റദ്ദാക്കിയതോടെ ബന്ധുക്കൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനൊപ്പം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും അന്താരാഷ്ട്ര നിരീക്ഷണ ഗ്രൂപ്പുകൾക്കും കൃത്യമായി പരിശോധിക്കാനും കഴിയാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

സൈന്യത്തി​ന്റെ നരനായാട്ടിനിരയായ ജനങ്ങൾ നരകയാതന അനുഭവിക്കു​കയാണെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. തൻ്റെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും ബുത്തിഡൗങിലാണെന്നും എന്നാൽ ശനിയാഴ്ച മുതൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും, ബംഗ്ലാദേശിൽ അഭയാർത്ഥിയായി താമസിക്കുന്ന റോഹിങ്ക്യൻ കവി ഫാറൂഖ് സിഎൻഎന്നിനോട് പറഞ്ഞു. കുടുംബം നാടുവിട്ടുപോയെന്നും എന്റെ വീട് സൈന്യം കത്തിച്ചുവെന്നും ബന്ധു പിന്നീട് തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രദേശത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾ നഗരത്തെ വൻ തീപിടുത്തം വിഴുങ്ങിയതായും തീ ഇനിയും കെട്ടിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തു.രാജ്യത്തെ റോഹിങ്ക്യകൾക്കെതരെ സൈന്യം വളരെക്കാരലമായി തുടരുന്ന അതിക്രമങ്ങളടെയും നിർബന്ധിത കുടിയിറക്കലിന്റെയും തുടർച്ചയാണ് പുതിയ സംഭവ വികാസങ്ങൾ.കനത്ത ആക്രമണമാണ് സാധാരണക്കാർക്ക് നേരെ സൈന്യം അഴിച്ചുവിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത് മുതൽ സൈന്യം വ്യാപകമായ ആഭ്യന്തര യുദ്ധം നടത്തിവരികയാണ്.

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News