ജോലിയില്ലാത്തവർ വിഷമിക്കണ്ട; ചൈനയിൽ ജോലി ചെയ്യുന്നതായി അഭിനയിക്കാൻ വാടകമുറി തയ്യാർ

ദിവസവും 29.9 യുവാൻ കൊടുത്താൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വർക്ക്‌ സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്

Update: 2025-01-17 09:17 GMT

ബെയ്‌ജിങ്‌: രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ അവസരമാക്കിയെടുത്തിരിക്കുകയാണ് ചൈനക്കാർ. തൊഴിലില്ലായ്മ അപമാനമായി തോന്നുന്നവർക്ക് ശാശ്വത പരിഹാരവുമായി ചൈനയിൽ സംരംഭകർ. 30 യുവാൻ (350 ഇന്ത്യൻ രൂപ) കൊടുത്താൽ പണിയെടുക്കുന്നതായി അഭിനയിക്കാൻ ഒരു ഓഫീസ് സ്പേസ് നേടാം. ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നവർക്ക് മാനസിക സന്തോഷത്തിനും ആളുകളെ ബോധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഓഫീസിൽ സ്പേസ് വാടകയ്ക്ക് നൽകുന്നത്.

വടക്കൻ ചൈനയിലെ ഹെബെയിൽ ഇത്തരം സേവനത്തെക്കുറിച്ചുള്ള പരസ്യം കഴിഞ്ഞദിവസം വൈറലായിരുന്നു. ദിവസവും 29.9 യുവാൻ കൊടുത്താൽ, രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഉച്ചഭക്ഷണം ഉൾപ്പെടെ ഒരു വർക്ക്‌ സ്പേസാണ് വീഡിയോ വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ തൊഴിലില്ലായ്മ കുടുംബാംഗങ്ങളോട് വെളിപ്പെടുത്താൻ തയ്യാറാകാത്തവർക്ക് ഈ സേവനങ്ങൾ ഉപകരിക്കുമെന്നും വീഡിയോ പറയുന്നു. “ഒരു ദിവസം 29.9 യുവാൻ നൽകിയാൽ, ഉച്ചഭക്ഷണം ഉൾപ്പെടെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നിങ്ങൾക്ക് ഇവിടെ ‘ജോലി’ ചെയ്യാം” -വീഡിയോ പങ്കുവെച്ചവർ പറയുന്നു.

Advertising
Advertising

അതേസമയം, സ്ഥലത്തിനുപുറമെ ബോസായി വേഷമിട്ട് ലെതർ കസേരയിലിരുന്ന് ഫോട്ടോഷൂട്ട് നടത്താൻ 50 യുവാൻ ഈടാക്കി യുവാവ് രംഗത്തെത്തി. സ്വന്തമായുള്ള ഒരു ഓഫീസ് സ്ഥലം പുതിയ ബിസിനസിനായി ഉപയോഗിക്കുകയാണ് യുവാവ്. പല വലിയ കമ്പനികളും തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും അതുകൊണ്ട് തനിക്ക് അധികമായിയുണ്ടായിരുന്ന ഓഫീസ് സ്പേസ് തൊഴില്ലാത്തവർക്ക് താമസിക്കാനും ഉപയോഗിക്കാനും നൽകണമെന്ന തീരുമാനത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നും ഉടമ പറഞ്ഞു.

ജോലി ചെയ്യുന്നതായി അഭിനയിക്കുന്ന ആശയം സോഷ്യൽ മീഡിയകളിൽ ഇതോടകം ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഭിന്നമായ അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. തൊഴിലില്ലായ്മയുടെ മാനസികസം​ഘർഷം അനുഭവിക്കുന്നവർക്ക് ഇതൊരു ലഘു പരിഹാരമാണെന്ന് അഭിപ്രായമുള്ളവരുണ്ട്. എന്നാൽ, ഇങ്ങനെയുള്ള പരിഹാരങ്ങൾ പുതിയ ജോലി നേടാനുള്ള ശ്രമങ്ങൾ വൈകിപ്പിക്കുമെന്ന് പറയുന്നവരുണ്ട്.

ചൈനയിൽ തൊഴില്ലായ്മ രൂക്ഷപ്രശ്നമായി മാറിയിട്ടുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ചൈനയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വളരെ പിന്നിലാണ്. 2023 ജൂണിൽ മാത്രം 16-24 പ്രായമുള്ളവർക്കിടയിൽ 21.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. സാമ്പത്തിക മാന്ദ്യവും ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർദ്ധിച്ചതും തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാക്കിയെന്നാണ് റിപ്പോർട്ടുകൾ. 2024ൽ മാത്രം 11.8 ദശലക്ഷം പേരാണ് കോളേജ് ബിരുദം പൂർത്തീകരിച്ചത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News