36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിലേക്ക് അജ്ഞാത വസ്തു ഇടിച്ചുകയറി; പൈലറ്റിന് പരിക്ക്,അടിയന്തര ലാന്‍ഡിങ്
വിമാനത്തില്‍ ഇടിച്ചതെന്താണെന്നതിനെക്കുറിച്ച് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല
photo|nypost
ന്യൂയോര്‍ക്ക്: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ, വിമാനത്തിലേക്ക് അജ്ഞാത വസ്തു ഇടിച്ചുകയറി പൈലറ്റിന് പരിക്ക്.യുണൈറ്റഡ് എയർലൈൻസിന്റെ പൈലറ്റിന് പരിക്കേറ്റിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ കോക്പിറ്റിനും കേടുപാടുകള്‍ സംഭവിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.134 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
പൈലറ്റിന്റെ കൈകളിൽ നിന്ന് മുറിവും രക്തം ഒഴുകുന്നതുമായ ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡെൻവറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള പോകുകയായിരുന്ന യുണൈറ്റഡ് ഫ്ലൈറ്റ് 1093, അപകടത്തിന് പിന്നാലെ 26,000 അടി താഴ്ചയിലേക്ക് പോയി. എന്നാല്‍ സുരക്ഷിതമായി സാൾട്ട് ലേക്ക് സിറ്റിയില്‍ ലാന്‍ഡ് ചെയ്തെന്നും യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ക്രമീകരിക്കുകയും വിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ബഹിരാകാശ അവശിഷ്ടങ്ങളോ ഉൽക്കയോ ആകാം വിൻഡ്‌ഷീൽഡ് ഇടിച്ചതെന്നാണ് ചില വ്യോമയാന വിദഗ്ധരുടെ അഭിപ്രായം.എന്നാല്‍ 2023 ലെ എഫ്‌എഎ റിപ്പോർട്ട് അനുസരിച്ച്, ബഹിരാകാശ അവശിഷ്ടങ്ങളിൽ നിന്നുള്ള ഗുരുതരമായ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും വിദഗ്ധർ പറയുന്നു. ഒരു വാണിജ്യ വിമാനത്തിലും ഇതുവരെ ബഹിരാകാശ അവശിഷ്ടങ്ങൾ ഇടിച്ചിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഭിപ്രായപ്പെട്ടു.അങ്ങനെ സംഭവിച്ചാൽ പോലും, അതിനുള്ള സാധ്യത ഒരു ട്രില്യണിൽ ഒന്നിൽ താഴെയാണ്.
വൈദ്യുത തകരാറുകളും വിൻഡ്‌ഷീൽഡ് വിള്ളലുകൾക്ക് കാരണമാകാറുണ്ട്. പക്ഷേ തകർന്ന ഗ്ലാസും പൊള്ളലേറ്റ അടയാളങ്ങളും കാണിക്കുന്നത് എന്തോ ഒരു വസ്തു വിമാനത്തില്‍ ഇടിച്ചു എന്നതിന്‍റെ സൂചനയാണെന്നാണ് ചിലര്‍ പറയുന്നു.
പക്ഷികൾ, ആലിപ്പഴം, മറ്റ് വസ്തുക്കൾ എന്നിവ വിമാനം താഴ്ന്നുപറക്കുന്ന സമയത്തേ അപകടമുണ്ടാക്കാറുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വിമാനത്തില്‍ എന്താണ് ഇടിച്ചതെന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.