യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഷോൺ കിങ് ഇസ്‌ലാംമതം സ്വീകരിച്ചു

ഫലസ്തീൻ അനുകൂല പോസ്റ്റുകളെ തുടർന്ന് 60 ലക്ഷത്തിലേറെ ഫോളോവർമാരുള്ള ഷോൺ കിങ്ങിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു

Update: 2024-03-11 13:10 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: യു.എസ് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ജെഫ്രി ഷോൺ കിങ് ഇസ്‌ലാം മതം സ്വീകരിച്ചു. റമദാനിലെ ആദ്യ ദിനത്തിലായിരുന്നു ഭാര്യ റായ് കിങ്ങിനൊപ്പമുള്ള ഇസ്‌ലാമാശ്ലേഷം. അമേരിക്കയിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനും പ്രഭാഷകനുമായ ഒമർ സുലൈമാൻ ആണ് രണ്ടുപേർക്കും സാക്ഷ്യവാചകം(ശഹാദ) ചൊല്ലിക്കൊടുത്തത്.

അക്കാദമിക പണ്ഡിതനും ആക്ടിവിസ്റ്റുമായ ഖാലിദ് ബെയ്ദൂൻ ആണു മതംമാറ്റ വിവരം പുറത്തുവിട്ടത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഉൾപ്പെടെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയാണ് ഷോൺ കിങ്. ഗസ്സയിലെ ഇസ്രായേൽ നരഹത്യയ്‌ക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നുണ്ട് അദ്ദേഹം. ഫലസ്തീൻ അനുകൂല പോസ്റ്റുകളെ തുടർന്ന് 60 ലക്ഷത്തിലേറെ ഫോളോവർമാരുള്ള ഷോൺ കിങ്ങിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു.

1979ൽ കെന്റുക്കിയിൽ ജനിച്ച ഷോൺ അറ്റ്‌ലാന്റയിലെ മോർഹൗസ് കോളജിൽനിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. അരിസോണ സ്‌റ്റേറ്റ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് വൈദികവൃത്തിയിലേക്ക് മാറിയ അദ്ദേഹം 2008ൽ അറ്റ്‌ലാന്റയിൽ കറേജസ് ചർച്ച് എന്ന പേരിൽ ക്രിസ്ത്യൻ ദേവാലയവും സ്ഥാപിച്ചിരുന്നു. ജോർജിയയിലെ ഡികൽബ് കൗണ്ടിയിലുള്ള ടോട്ടൽ ഗ്രേസ് ക്രിസ്റ്റിയൻ സെന്ററിൽ ഉൾപ്പെടെ 15 വർഷത്തിലേറെക്കാലം വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡെയ്‌ലി കോസ്, ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ്, ദി യങ് ടർക്‌സ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റായിരുന്നു. റിയൽ ജസ്റ്റിസ് പാക്, ഗ്രാസ്‌റൂട്ട്‌സ് ലോ പ്രോജക്ട് എന്നിങ്ങനെ പൗരസാമൂഹിക കൂട്ടായ്മകൾക്കു രൂപനൽകിയ ഷോൺ ദി നോർത്ത് സ്റ്റാർ എന്ന പേരിൽ വെബ്‌സൈറ്റിനും തുടക്കമിട്ടിരുന്നു.

Summary: Renowned US activist and writer Shaun King and his wife his wife Rai King convert to Islam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News