ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുല:സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് യുഎസ്

ഫ്രാൻസും സൗദിയും സംയുക്തമായാണ് സമ്മേളനം വിളിച്ചിരിക്കുന്നത്

Update: 2025-06-12 06:30 GMT

റിയാദ്: ഫലസ്തീൻ-ഇസ്രയേൽ ദ്വിരാഷ്ട്ര ഫോർമുല ചർച്ച ചെയ്യാൻ അടുത്തയാഴ്ച ചേരുന്ന സമ്മേളനത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് യുഎസ് വിവിധ രാഷ്ട്രങ്ങൾക്ക് സന്ദേശമയച്ചു. ജൂൺ 17 മുതൽ 20 വരെയാണ് ന്യൂയോർക്കിൽ ദ്വിരാഷ്ട്ര ഫോർമുലയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനം. സൗദിയും-ഫ്രാൻസും സംയുക്തമായാണ് ഇതിൽ അധ്യക്ഷത വഹിക്കുക. ഫ്രാൻസ് ഫലസ്തീനെ അംഗീകരിക്കാൻ സന്നദ്ധമായാൽ സൗദി കിരീടാവകാശിയും സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുഎൻ അംഗരാജ്യങ്ങളെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഫ്രാൻസ് ഈ സമ്മേളനത്തിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ അങ്ങിനെ ചെയ്യാതിരിക്കാൻ ട്രംപിന്റെ യുഎസ് ഭരണകൂടം ഫ്രാൻസിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണ്. അത്തരമൊരു നീക്കം നടന്നാൽ, ഒക്ടോബർ ഏഴിനുള്ള ഹമാസ് ആക്രമണത്തിന്റെ വിജയമായിരിക്കും അതെന്ന് ഇസ്രായേലും ഫ്രാൻസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം സന്ദേശം അയച്ചിട്ടുണ്ട്.

Advertising
Advertising

ജി സെവൻ ഉച്ചകോടി അടുത്തയാഴ്ചയാണ്. അതിൽ പങ്കെടുക്കാൻ സൗദി കിരിടാവകാശിയെത്തും. അതവസാനിക്കുന്ന ദിനമാണ് യുഎന്നിലെ ദ്വിരാഷ്ട്ര ഫോർമുല സമ്മേളനം. സൗദി കിരീടാവകാശി യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നതിൽ സ്ഥിരീകരണമില്ല. പങ്കെടുക്കുകയാണെങ്കിൽ ഫ്രാൻസിന്റെ ഫലസ്തീൻ അനുകൂല പ്രഖ്യാപനമുണ്ടായേക്കുമെന്ന് ഇസ്രായേൽ, യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൗദി കിരീടാവകാശി പങ്കെടുക്കുകയാണെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുൾപ്പെടെ രാഷ്ട്ര നേതാക്കൾ ഈ സമ്മേളനത്തിലേക്കെത്തും. ഇത് യുഎസ് പരമാവധി തടയാനാണ് സാധ്യത. ഇസ്രായേലിനും ഫലസ്തീനും സ്വതന്ത്ര രാഷ്ട്രമില്ലാതെ വിഷയത്തിൽ പരിഹാരമുണ്ടാകില്ലെന്നാണ് സൗദി നിലപാട്. ഒക്ടോബർ ഏഴിന് ശേഷം കൂടുതൽ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചിരുന്നു. യൂറോപ്പിലെ സുപ്രധാന ശക്തിയായി ഫ്രാൻസ് കൂടി ഫലസ്തീനെ അംഗീകരിച്ചാൽ സൗദിക്കും ഫലസ്തീനും അത് നേട്ടമാകും. എന്നാൽ ഇതിനു മുന്നേ എന്തെല്ലാം നീക്കം ട്രംപ് നടത്തുമെന്നതാണ് ലോകം നോക്കുന്നത്.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News