Editor - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
വാഷിംഗ്‌ടൺ: അമേരിക്കൻ വലതുപക്ഷ ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെതുപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ 'മഹത്വവൽക്കരിക്കുന്ന' കുടിയേറ്റക്കാരുടെ യുഎസ് വിസ ട്രംപ് ഭരണകൂടം റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
'അമേരിക്കയിലേക്ക് വന്ന് വധശിക്ഷ, കൊലപാതകം എന്നിവ ആഘോഷിക്കുന്ന ആളുകൾക്ക് വിസ നൽകരുത്. അവർ ഇതിനകം ഇവിടെയുണ്ടെങ്കിൽ അവരുടെ വിസ റദ്ദാക്കണം.' ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ റൂബിയോ പറഞ്ഞു.
കിർക്കിന്റെ കൊലപാതകത്തിന് ശേഷം ആക്രമണത്തെ മഹത്വവൽക്കരിക്കുന്നവരുടെ വാക്കുകൾ ട്രംപ് ഭരണകൂടം നിരീക്ഷിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി വിസ അന്വേഷകർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെള്ളിയാഴ്ച അയച്ച സന്ദേശത്തിന് പിന്നാലെയാണ് റൂബിയോയുടെ പ്രസ്താവന.
യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ചാർളി കിർക്ക്. ട്രംപിന്റെ അടുത്ത അനുയായിയും ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.
ജനുവരിയിൽ ട്രംപ് രണ്ടാം ടേമിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ഇതിനകം 6,000-ത്തിലധികം വിദ്യാർഥി വിസകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കിയിട്ടുണ്ട്. അവയിൽ മദ്യപിച്ച് വാഹനമോടിക്കൽ, മോഷണം തുടങ്ങിയ ചെറിയ ക്രിമിനൽ റെക്കോർഡുകളും ഉൾപ്പെടുന്നു. ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന്റെ പേരിലാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദ്യാർഥി വിസകൾ ഈ കാലയളവിൽ റദ്ദ് ചെയ്തത്.