'ഭക്ഷണം കഴിക്കാൻ മടി കാണിച്ചു'; കുട്ടികളെ മുഖംമൂടി ധരിച്ച് ഭീഷണിപ്പെടുത്തി ഡേ കെയർ ജീവനക്കാരി, ദൃശ്യങ്ങൾ പുറത്ത്

മുഖംമൂടി ധരിച്ച് കുട്ടികളെ ഭയപ്പെടുത്തുകയും കുട്ടികൾ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്

Update: 2022-10-21 11:11 GMT
Advertising

ഭക്ഷണം കഴിക്കാൻ മടി കാണിച്ച കുട്ടികളെ ഭീതിപ്പെടുത്തുന്ന മുഖംമൂടി ധരിച്ച് ഭയപ്പെടുത്തുന്ന ഡേ കെയർ ജീവനക്കാരിയുടെ ദൃശ്യങ്ങൾ പുറത്ത്. മിസിസ്സിപ്പിയിലെ ലിറ്റിൽ ബ്ലെസിങ് ഡേ കെയറിലാണ്‌ സംഭവം. സംഭവത്തിൽ ഡേ കെയറിലെ അഞ്ചു ജീവനക്കാർക്കെതിരെ പൊലീസ്‌ കേസെടുത്തു.

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനെ തുടർന്നാണ്  ജീവനക്കാരി മുഖംമൂടി ധരിച്ചെത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മുഖംമൂടി ധരിച്ച് കുട്ടികളെ ഭയപ്പെടുത്തുകയും കുട്ടികൾ ഭയന്ന് നിലവിളിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംഭവത്തിൽ സിയേര മക്കാൻഡിൽസ്, ഓസ് അന്ന കിൽബേൺ, ഷീൻ ഷെൽട്ടൺ. ജെന്നിഫർ ന്യൂമാൻ, ട്രേസി ഹ്യൂസ്റ്റൺ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാല പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വരുന്നത്.

ഭക്ഷണം കഴിക്കുന്ന സമയത്ത് മടി കാണിച്ച കുട്ടികളെ അനുസരണ പഠിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ആരെയും വേദനിപ്പാക്കാനായിരുന്നില്ല നടപടിയെന്നും ജീവനക്കാരി പറഞ്ഞു. സഹപ്രവർത്തകനെ ഭയപ്പെടുത്താനായി വാങ്ങിയ മുഖം മൂടിയായിരുന്നു ഇത് എന്നും കുട്ടികളെ അനുസരിപ്പിക്കാൻ വേണ്ടി മാത്രമാണ് താൻ അങ്ങനെ ചെയ്തതെന്നും ജീവനക്കാരി പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News