'വിയറ്റ്‌നാമിലെയും ഇറാഖിലെയും യുദ്ധ നുണകള്‍ക്ക് ശേഷം ഇപ്പോള്‍ ഇറാന്‍'; യുഎസ് ജനത യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ബേണി സാന്‍ഡേഴ്‌സ്
'ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയെന്ന നെതന്യാഹുവിൻ്റെ പതിറ്റാണ്ടുകള്‍ നീണ്ട ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അമേരിക്കക്കാരുടെ ജീവന്‍ ചൂതാടുകയാണ് ട്രംപ്'
വാഷിങ്ടണ്‍ ഡിസി: ട്രംപും നെതന്യാഹുവും തുടങ്ങിവെച്ച യുദ്ധം അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുതിര്‍ന്ന യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ്. മേഖലയിലെ ജനങ്ങളുടെയും യുഎസ് സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുകയാണ് യുദ്ധമെന്നും അദ്ദേഹം പറഞ്ഞു. 'ട്രംപും നെതന്യാഹുവും തുടങ്ങിവെച്ച യുദ്ധം ഭരണഘടനാ വിരുദ്ധവും അന്താരാഷ്ട്ര നിയമലംഘനവുമാണ്. മേഖലയിലെ ജനങ്ങളുടെയും യുഎസ് സൈനികരുടെയും ജീവന്‍ അപകടത്തിലാക്കുകയാണ് യുദ്ധം. വിയറ്റ്‌നാമിലെയും ഇറാഖിലെയും യുദ്ധ നുണകള്‍ നാം കണ്ടതാണ്. അവസാനമില്ലാത്ത യുദ്ധങ്ങള്‍ ഇനി വേണ്ട. എത്രയും വേഗം ഒരു യുദ്ധ അധികാര പ്രമേയം യുഎസ് കോണ്‍ഗ്രസ് പാസ്സാക്കണം' -സാന്‍ഡേഴ്‌സ് പറഞ്ഞു.
'പ്രസിഡന്റ് ട്രംപ് തന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷിയായ ബിന്യമിന്‍ നെതന്യാഹുവിനൊപ്പം ചേര്‍ന്ന് തുടങ്ങിവെച്ചത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത, ഭരണഘടനാവിരുദ്ധമായ ഒരു യുദ്ധമാണ്. ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കുകയെന്ന നെതന്യാഹുവിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അമേരിക്കക്കാരുടെ ജീവന്‍ ചൂതാടുകയാണ് ട്രംപ്. അമേരിക്കന്‍ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണ്. സെനറ്റ് എത്രയും വേഗം യുദ്ധ അധികാര പ്രമേയം പാസ്സാക്കണം. ഇറാനെതിരായ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. ഇപ്പോള്‍ തന്നെ സംഘര്‍ഷഭരിതമായ ഈ ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് ഈ യുദ്ധം. യുഎസും ഇസ്രായേലും ഒരു പരമാധികാര രാഷ്ട്രത്തെ ആക്രമിക്കുകയാണെങ്കില്‍ മറ്റേത് രാഷ്ട്രത്തിനും അത് ചെയ്യാമെന്ന സ്ഥിതി വരും. ശക്തിയുടെ പുറത്തുള്ള തീരുമാനങ്ങള്‍ ശരിയായിരിക്കില്ല. അത് ആഗോള അരാജകത്വത്തിനും മരണങ്ങള്‍ക്കും നാശത്തിനും മാനുഷിക ദുരിതങ്ങള്‍ക്കും കാരണമാകും.
വിയറ്റ്‌നാമിനെ കുറിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറഞ്ഞു. ഇറാഖിനെ കുറിച്ച് അമേരിക്കന്‍ ജനതയോട് കള്ളം പറഞ്ഞു. ഇന്ന് അമേരിക്കന്‍ ജനതയോട് ഒരിക്കല്‍ കൂടി കള്ളം പറയുകയാണ്. അതിന്റെ വില നല്‍കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. രാഷ്ട്രീയം ഏതുതന്നെയായിക്കോട്ടെ, യുഎസിലെ ജനങ്ങള്‍ അവസാനമില്ലാത്ത യുദ്ധം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് വേണ്ടത് മാന്യമായ വേതനം ലഭിക്കുന്ന ജോലിയും ആരോഗ്യസംരക്ഷണവും താങ്ങാവുന്ന താമസ സൗകര്യവുമാണ്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. മറ്റൊരു അര്‍ഥശൂന്യമായ യുദ്ധത്തിലേക്ക് നമ്മെ കൊണ്ടുപോകാന്‍ ട്രംപിനെ അനുവദിക്കരുത്. ഇറാനുമായി യുദ്ധം വേണ്ട' -ബേണി സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.