27 യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി

Update: 2026-03-01 05:50 GMT

തെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ യുഎസിന്റെ 27 സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു. യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐആര്‍ജിസി പറഞ്ഞു.

വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടത്തിയതെന്ന് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. യുഎസ് വ്യോമതാവളങ്ങള്‍ക്ക് പുറമേ ഇസ്രായേലിലെ തെല്‍ നോഫ് വ്യോമതാവളം, തെല്‍ അവിവിലെ ഇസ്രായേലി ആര്‍മി കമാന്‍ഡ് ആസ്ഥാനം, ഇവിടുത്തെ പ്രതിരോധ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് എന്നിവ ആക്രമിച്ചു. പകരംവീട്ടാനുള്ള എല്ലാ കടുത്ത നടപടികളും സ്വീകരിക്കുമെന്നും ശത്രുക്കള്‍ പശ്ചാത്തപിക്കുന്ന തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും ഐആര്‍ജിസി പറഞ്ഞു.

Advertising
Advertising

ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. പരമോന്നത നേതാവിന്റെ മരണത്തില്‍ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി പ്രഖ്യാപിച്ചിട്ടുണ്ട്. ''ഞങ്ങള്‍ക്ക് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാല്‍ ഖാംനഈ വരിച്ച രക്തസാക്ഷിത്വം, ഈ മഹാനായ നേതാവിന്റെ വിശ്വാസ്യതയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ സേവനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെയും അടയാളമാണ്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍ കൊലയാളികളെ വെറുതെ വിടില്ല''- ഐആര്‍ജിസി പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News