അയൺ ഡോമിനെ വെട്ടുമോ യുഎസിന്റെ 'സ്വർണകവചം'? എന്താണ് ഗോൾഡൻ ഡോം?
ബഹിരാകാശത്ത് നിന്ന് പോലും മിസൈലുകളെ തടുക്കാൻ ശേഷിയുള്ള അതിശക്തമായ ഒരു പ്രതിരോധ സംവിധാനമാണ് ഗോൾഡൻ ഡോം.. ഇതുവരെ മറ്റൊരു യുഎസ് സർക്കാരും ഇത്ര ചിലവേറിയ, ശക്തമായൊരു പ്രതിരോധസംവിധാനത്തിനായി ഇറങ്ങിത്തിരിച്ചിട്ടില്ല...
ബഹിരാകാശത്ത് നിന്ന് പോലും മിസൈലുകളെ തടുക്കാൻ ശേഷിയുള്ള അതിശക്തമായ ഒരു പ്രതിരോധ സംവിധാനം. യുഎസിന്റെ സ്വപ്‌നപദ്ധതിയായ ഗോൾഡൻ ഡോമിനെ ചുരുക്കത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. 175 ബില്യൺ ഡോളർ ചെലവിൽ യുഎസ് വികസിപ്പിക്കുന്ന ത്രിതല മിസൈൽ പ്രതിരോധ സംവിധാനമാണ് ഗോൾഡൻ ഡോം.
കഴിഞ്ഞ ദിവസം പദ്ധതിയുടെ രൂപരേഖ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ആഗോളതലത്തിൽ വലിയ ചർച്ചകളാണ് ഗോൾഡൻ ഡോമിനെ ചുറ്റിപ്പറ്റി നടക്കുന്നത്. ഇസ്രായേലിന്റെ അയൺ ഡോമിനേക്കാൾ ശക്തമാണോ ഗോൾഡൻ ഡോം എന്നും എത്തരത്തിലായിരിക്കും ഗോൾഡൻ ഡോമിന്റെ പ്രവർത്തനം എന്നുമൊക്കെ വിവിധ കോണുകളിൽ നിന്നായി ചോദ്യങ്ങളുമുയർന്നു.
മിസൈൽ പ്രതിരോധത്തിനായി അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് യുഎസ് വികസിപ്പിക്കുന്ന പ്രതിരോധസംവിധാനമാണ് ഗോൾഡൻ ഡോം. ഇതുവരെ മറ്റൊരു യുഎസ് സർക്കാരും ഇത്ര ചിലവേറിയ, ശക്തമായൊരു പ്രതിരോധസംവിധാനത്തിനായി ഇറങ്ങിത്തിരിച്ചിട്ടില്ല.
ഭൂമിയിലും ബഹിരാകാശത്തുമായി പ്രവർത്തനം കേന്ദ്രീകരിക്കുന്ന, അതിനൂതന സാങ്കേതികവിദ്യകളുപയോഗിച്ചാണ് യുഎസ് ഗോൾഡൻ ഡോം പടുത്തുയർത്തുന്നത്. ബഹിരാകാശത്തും കരയിലും കടലിലുമുള്ള ത്രിതല നിരീക്ഷണസംവിധാനങ്ങൾ ഗോൾഡൻ ഡോമിലുണ്ടാകും. ഹൈപ്പർസോണിക് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, അത്യാധുനിക ക്രൂസ് മിസൈലുകൾ എന്നിവയെ എല്ലാം, ധ്രുതഗതിയിൽ സെൻസർ ചെയ്ത് പ്രതിരോധിക്കാൻ ഗോൾഡൻ ഡോമിനാകും.
ലോകത്തിന്റെ ഏത് കോണിൽ നിന്ന് മിസൈലുകൾ അയച്ചാൽ പോലും പ്രതിരോധിക്കാൻ തക്ക ശേഷിയുണ്ട് ഗോൾഡൻ ഡോമിന്. അയയ്ക്കുന്നതിന് മുമ്പോ ബഹിരാകാശത്ത് എത്തിയ ഉടനോ അയച്ച് പാതിവഴിയിലോ ടാർഗറ്റ് എത്തുന്നതിന് തൊട്ട് മുമ്പോ ഒക്കെ പല സ്റ്റേജുകളിലായി എങ്ങനെ വേണമെങ്കിലും മിസൈലുകളെ തകർക്കാൻ ഗോൾഡൻ ഡോമിന് കഴിയും.
അമേരിക്കയ്ക്ക് നിലവിലുള്ള പാട്രിയോട്ട് മിസൈൽ ബാറ്ററികൾ, താഡ്, ഏജിസ് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റം, ഗ്രൗണ്ട് ബേസ്ഡ് മിഡ്‌കോഴ്‌സ് ഡിഫൻസ് എന്നിവയിൽ നിന്നുള്ള ഘടകവസ്തുക്കളും ഗോൾഡൻ ഡോമിലുണ്ടാകും. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ ഈ സംവിധാനങ്ങൾ ചെലുത്തിയ പങ്ക് ചെറുതല്ലെന്ന് കണ്ടാണ് ഈ നീക്കം. മാൻഹാട്ടൻ പ്രോജക്ട് സ്‌കെയിൽ മിഷൻ എന്നാണ് ഈ കൂട്ടിച്ചേർക്കലിനെ ഗോൾഡൻ ഡോമിന്റെ ലീഡ് കോൺട്രാക്ടർ വിശദീകരിക്കുന്നത്.
ബഹിരാകാശത്ത് സ്ഥാപിക്കുന്ന ഇന്റർസെപ്റ്ററുകളും സെൻസറുകളുമാണ് ഡോമിന്റെ പ്രധാന ഹൈലൈറ്റ്. ഭൗമാന്തരീക്ഷത്തിന്റെ പല ഭ്രമണപഥങ്ങളിലായി നിലയുറപ്പിക്കുന്ന, ലേസറുകൾ അടക്കമുള്ള ഉപകരണങ്ങളാണിവ. കൃത്രിമഉപഗ്രഹങ്ങൾ, റഡാർ സെൻസറുകൾ, കൈനറ്റിക് ഇന്റർസെപ്റ്ററുകൾ എന്നിവയൊക്കെ സംവിധാനത്തിന്റെ ഭാഗമായുണ്ടാകും. ലോകത്ത് എവിടെ നിന്നും ഒരു മിസൈൽ വിക്ഷേപിക്കപ്പെട്ട് കഴിഞ്ഞാൽ ഗോൾഡൻ ഡോമിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹങ്ങൾ ഇവയെ നിരീക്ഷിക്കാൻ ആരംഭിക്കും. യുഎസിന് ഭീഷണി എന്ന് കണ്ടെത്തിയാൽ അവ ഭൂമിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നശിപ്പിച്ച് കളയും.
ഇനി പേര് സൂചിപ്പിക്കുന്നത് പോലെ ഇസ്രായേലിന്റെ അയൺ ഡോമുമായി ഗോൾഡൻ ഡോമിന് സാമ്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. അയൺ ഡോമിനേക്കാൾ സാങ്കേതികപരമായി വളരെയേറെ അഡ്വാൻസ്ഡ് ആയ പ്രതിരോധ സംവിധാനം ആകും ഗോൾഡൻ ഡോം. അയൺ ഡോം ഒരു ഹ്രസ്വ റേഞ്ചിലുള്ള, ഗ്രൗണ്ട് ബേസ്ഡ് ഏരിയൽ ഡിഫൻസ് സിസ്റ്റം ആണെന്നിരിക്കെ, മിസൈൽ പ്രതിരോധത്തിന് കൃത്രിമ ഉപഗ്രഹങ്ങളെ അത് ഒരു തരത്തിലും ആശ്രയിക്കുന്നില്ല. ശത്രുമിസൈലുകളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനുമൊക്കെ റഡാറുകളെയാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്. ഗോൾഡൻ ഡോമിലും ഈ സംവിധാനം ഉണ്ടാകുമെങ്കിലും സ്‌പേസ് കേന്ദ്രീകരിച്ചുള്ള ഉപകരണങ്ങളെയാണ് മിസൈൽ ട്രാക്കിങിന് ഇത് കൂടുതലും ആശ്രയിക്കുക.
ഇനി അയൺ ഡോം ഇസ്രായേലിന് ചുറ്റും പ്രതിരോധം തീർക്കുന്ന സംവിധാനമാണെങ്കിൽ ഗോൾഡൻ ഡോം ഭൂമി മുഴുവൻ വ്യാപിക്കുന്ന പ്രതിരോധ ശൃംഖലയാണ്. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് നിന്ന് പോലുമുള്ള ഹൈപ്പർസോണിക് ഭീഷണികൾ ചെറുക്കാൻ ഇവയ്ക്ക് കഴിയും. ഇസ്രായേലിനേക്കാൾ ഏകദേശം 400 മടങ്ങ് വലിപ്പമുണ്ട് അമേരിക്കയ്ക്ക്. കൂടുതലും നിരപ്പായ സ്ഥലങ്ങളാണ് ഇസ്രായേലിൽ എന്നത് കൊണ്ട് തന്നെ ഹ്രസ്വ റേഞ്ചിലുള്ള ഇന്റർസെപ്റ്ററുകൾ തന്നെ പ്രതിരോധത്തിന് ധാരാളമാണ്. തന്നെയല്ല, വ്യോമപ്രതിരോധം യുഎസിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതുമാകും.
പക്ഷേ ബഹിരാകാശത്ത് നിന്ന് പോലും തൊടുക്കുന്ന മിസൈൽ പ്രതിരോധിക്കേണ്ട ജോലിയുണ്ട് ഗോൾഡൻ ഡോമിന്. അതുകൊണ്ടു തന്നെ സ്‌പേസ് ടെക്‌നോളജിയുടെ സാധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയാകും ഇത് നിർമിക്കുക. നിലവിൽ ചൈനയ്ക്കും റഷ്യയ്ക്കും കൈവശമുള്ള ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് യുഎസിന്റെ പ്രധാന ഭീഷണി. പതിനായിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത് നിന്നു പോലും വിക്ഷേപിക്കാൻ കഴിയുന്ന ഇവയുടെ സഞ്ചാരപാത ബഹിരാകാശത്തേക്കും നീളുന്നുണ്ട്. പ്രധാനമായും ഇവയെ ട്രാക്ക് ചെയ്യാനാണ് സാറ്റലൈറ്റിന്റെ ആവശ്യമുണ്ടാവുക.
തന്റെ നിലവിലെ ടേം അവസാനിക്കുന്നതിന് മുമ്പായി പദ്ധതി പൂർത്തിയാക്കുമെന്നാണ് ട്രംപിന്റെ ഉറപ്പ്. അതായത് 2029ന് മുമ്പ്. എന്നാൽ വെറും വീരവാദങ്ങൾക്ക് പുറമെ, ഗോൾഡൻ ഡോം നിർമാണം അതിന്റെ പ്രാരംഭഘട്ടത്തിൽ എത്തിയിട്ടേ ഉള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ രൂപരേഖ മാത്രമാണ് തയ്യാറായിട്ടുള്ളതെന്നും പദ്ധതിക്കായുള്ള പണം ഇതുവരെ വകയിരുത്തിയിട്ടില്ലെന്നും എയർ ഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയ്ൻക് കഴിഞ്ഞ ദിവസം സെനറ്റിൽ അറിയിച്ചിരുന്നു. സംവിധാനത്തിനായി ട്രംപ് കണക്കാക്കുന്ന നിർമാണച്ചെലവും സമയവും മതിയാകില്ലെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് വിദഗ്ധർ.
എന്തായാലും ഗോൾഡൻ ഡോം നിർമാണം പൂർത്തിയായാൽ ലോകത്ത് ഇന്നേവരെ വികസിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ മിസൈൽ പ്രതിരോധ സംവിധാനം തന്നെയാകും അത്. ബഹിരാകാശത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നതിനാൽ ഭാവിയിൽ ഈ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരങ്ങൾക്ക് അത് ആക്കം കൂട്ടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബഹിരാകാശത്തെ ആയുധവത്കരിക്കുന്ന നീക്കം നടത്തുന്ന ആദ്യ രാജ്യമായി അമേരിക്ക മാറാനും ഗോൾഡൻ ഡോം കാരണമാകും.