വാതിൽ തുറന്നപ്പോൾ ഞെട്ടി, 30 പെട്ടി കോലുമിഠായികൾ; അമ്മയുടെ ഫോൺ ഉപയോഗിച്ച് എട്ടുവയസുകാരൻ ഓർഡർ ചെയ്തത് 70,000 കോലുമിഠായികൾ
എന്ത് ചെയ്യണമെന്ന് ഫേസ്ബുക്ക് കമ്യൂണിറ്റിയോട് അഭിപ്രായം തേടി അമ്മ പോസ്റ്റിട്ടിതോടെയാണ് സംഭവം പുറത്തറിയുന്നത്
ലെക്‌സിൻടൺ: വാതിൽ തുറന്നപ്പോൾ വീടിന് മുന്നിൽ 30 പെട്ടികൾ നിരത്തിവെച്ചിരിക്കുന്നത് കണ്ട് ഹോളി ലാഫേവേർസ് ഞെട്ടി. 70,000ത്തോളം കോലുമിഠായികൾ അടങ്ങുന്ന പെട്ടികൾ എങ്ങനെ വീടിന് മുന്നിലെത്തിയെന്നായി പിന്നീട് ചിന്ത.
കെൻക്കിയിലെ ലെക്‌സിൻടൺ സ്വദേശിയായ ലാഫേവേർസിന്റെ എട്ടുവയസുകാരനായ മകൻ ലിയാം അമ്മയുടെ ഫോണുപയോഗിച്ച് ആമസോണിൽ നിന്നും ഓർഡർ ചെയ്തതാണ് 4200 ഡോളർ വിലവരുന്ന 70,000 കോലുമിഠായികൾ. ഏകദേശം 3,55,795 രൂപയോളം വരും ഇത്. നാഡിവളർച്ചയെ ബാധിക്കുന്ന വൈകല്യമുള്ള എട്ടുവയസുകാരൻ തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി കാർണിവൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിൽ സമ്മാനമായി നൽകാനാണ് കോലുമിഠായികൾ വാങ്ങിയത്.
ആമസോൺ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും ഡെലിവറി റിജക്ട് ചെയ്യാനാണ് പറഞ്ഞതെന്നും എന്നാൽ 22 പെട്ടികൾ ഇപ്പോഴും വീടിനുമുമ്പിലിരിക്കുകയാണെന്നും ലാഫേവേർസ് പറയുന്നു. തന്റെ ഫേസ്ബുക്ക് കമ്യൂണിറ്റിയോട് എന്ത് ചെയ്യണമെന്ന് അഭിപ്രായം തേടി പോസ്റ്റിട്ടിതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോസ്റ്റ് കണ്ട് അയൽവാസികളും, സുഹൃത്തുക്കളും, പ്രാദേശിക ബിസിനസ് ഉടമകളുമടക്കം നിരവധി പേർ കോലുമിഠായികൾ വാങ്ങി സഹായിക്കാനെത്തിയിരുന്നു. എന്നാൽ വാർത്താമാധ്യമങ്ങൾ കൂടി പോസ്റ്റ് പങ്കുവെച്ചതോടെ പണം തിരിച്ചുനൽകാമെന്ന് ആമസോൺ അറിയിച്ചു. ആമസോൺ ഡെലിവറി നടത്താനെത്തിയ വ്യക്തി ഫോൺ ചെയ്യുകയോ ബെല്ലടിക്കുകയോ ചെയ്യാത്തതിനാൽ ഡെലിവറി റിജക്ട് ചെയ്യാൻ ലാഫേവേർസിന് സാധിക്കാതെ വരികയായിരുന്നു.
എന്താണെങ്കിലും നിരവധിയാളുകൾ വാങ്ങിയും പ്രദേശത്തെ ചർച്ചിലും സ്‌കൂളിലുമായി സംഭാവന ചെയ്തും കോലുമിഠായികളിലധികവും തീർക്കാനായി. സംഭവിച്ച അബദ്ധം നല്ല രീതിയിൽ അവസാനിച്ചതിൽ ആമസോണും സംതൃപ്തി അറിയിച്ചിട്ടുണ്ട്.