താലിബാനെ നിയന്ത്രിക്കുന്നത് ആരാണ്? അഫ്ഗാന്റെ ഭാവി തീരുമാനിക്കുന്ന നേതാക്കൾ ഇവർ

പഞ്ചതല അധികാരശ്രേണിയാണ് താലിബാനുള്ളത്

Update: 2022-09-02 06:41 GMT
Editor : abs | By : Web Desk
Advertising

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചിരിക്കുകയാണ് താലിബാൻ. യുഎസ് സേന രാജ്യത്തു നിന്ന് പിന്മാറാൻ തീരുമാനിച്ചതിന് പിന്നാലെ അപ്രതീക്ഷിത വേഗത്തിലാണ് ഒരിക്കൽ അധികാരത്തിലിരുന്ന താലിബാൻ രാജ്യം കീഴടക്കിയത്. ഔദ്യോഗിക സേനയുടെ ചെറുത്തുനിൽപ്പുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന കാബൂൾ പോലും താലിബാൻ അനാസായമായി നിയന്ത്രണത്തിലാക്കി. ആരാണ് ഈ സേനയെ നിയന്ത്രിക്കുന്നത്. പരിചയപ്പെടാം.

ഹിബത്തുല്ല അഖുന്ദ്സാദ

താലിബാന്റെ അമീറുൽ മുഅ്മിനീൻ (വിശ്വാസികളുടെ നേതാവ്) എന്നറിയപ്പെടുന്ന നേതാവാണ് ഹിബത്തുല്ല അഖുന്ദ്സാദ. താലിബാൻ സ്ഥാപകൻ മുല്ല ഉമറായിരുന്നു ആദ്യത്തെ അമീറുൽ മുഅമിനീൻ. മുല്ല ഉമറിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി ലഭ്യമല്ലെങ്കിൽ ഹിബത്തുല്ല അങ്ങനെയല്ല. പഷ്തൂൺ നേതാവായ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. കാണ്ഡഹാർ പ്രവിശ്യയിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം.

ഹിബത്തുല്ല അഖുൻദ്‌സാദ

മുല്ല ഉമർ ഹൊതക് സമുദായത്തിൽപ്പെട്ടയാളായിരുന്നു. ഹിബത്തുല്ല നൂർസായ് ഗോത്ര വിഭാഗക്കാരനും. രണ്ടാമത്തെ അമീറുൽ മുഅ്മിനീനായിരുന്ന മുല്ല മുഹമ്മദ് അഖ്തർ മൻസൂർ ഇസ്ഹാഖ്‌സായ് ഗോത്രവിഭാഗക്കാരനായിരുന്നു. 2016 മെയ് 25നാണ് ഹിബത്തുല്ല താലിബാന്റെ സുപ്രിം കമാൻഡറായി നിയമിതനായത്. ഇദ്ദേഹത്തിനു നേരെ രണ്ടു തവണ വധശ്രമം നടന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

റഹ്ബാരി ഷൂറ

റഹ്ബാരി ഷൂറ എന്നറിയപ്പെടുന്ന താലിബാൻ നേതൃസമിതിയുടെ (ലീഡര്‍ കൗണ്‍സില്‍) അധ്യക്ഷന്‍ ഹിബത്തുല്ലയാണ്. പാക് ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് കൗൺസിലിന്റെ ആസ്ഥാനം. ക്വറ്റ ഷൂറ എന്നും ഇതിന് പേരുണ്ട്. റഹ്ബാരി ഷൂറയിൽ ഹിബത്തുല്ലയ്ക്ക് മൂന്ന് ഡെപ്യൂട്ടിമാരുണ്ട്. മുല്ല അബ്ദുൽ ഗനി ബറാദർ, മുല്ല മുഹമ്മദ് യാഖൂബ്, സിറാജുദ്ദീൻ ഹഖ്ഖാനി എന്നിവർ.

റഹ്ബാരിക്ക് കീഴിൽ താലിബാൻ സർക്കാർ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാൻ 17 കമ്മിഷനുകളുണ്ട്. സാധാരണ ഗവൺമെന്റുകളിലെ മന്ത്രാലയത്തിന് സമാനമാണ് ഈ കമ്മിഷനുകൾ. സൈന്യം, സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ നയരൂപീകരണം നടത്തുന്നത് കൗൺസിലുകളാണ്.

മുല്ല ബറാദർ

താലിബാന്റെ രാഷ്ട്രീയ കമ്മിഷൻ മേധാവി. യുഎസുമായി ദോഹയിൽ നടത്തിയ ചര്‍ച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. യുഎസ്-താലിബാൻ ചർച്ചകൾക്ക് മുമ്പാണ് ഇദ്ദേഹം പാകിസ്താൻ ജയിലിൽ നിന്ന് മോചിതനായത്. എട്ടുവർഷമാണ് ജയിലിൽ കഴിഞ്ഞത്. 

മുല്ല ബറാദർ

പഷ്തൂൺ നേതാവായ ബറാദർ സദോസായ് ഗോത്രവിഭാഗത്തിൽ നിന്ന് വരുന്നയാളാണ്. അബ്ദുൽ ഗനി അഖുന്ദ് എന്നായിരുന്നു ആദ്യത്തെ പേര്. മുല്ല ഉമറാണ് ബറാദർ എന്ന പേരു നൽകിയത്. താലിബാൻ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പുതിയ അഫ്ഗാൻ സർക്കാർ ബറാദറിന് കീഴിലാകും എന്നാണ് കരുതപ്പെടുന്നത്.

മുല്ല മുഹമ്മദ് യാഖൂബ്

മുല്ല ഉമറിന്റെ മകനാണ് മുല്ല യാഖൂബ്. 30-31 വയസ്സു മാത്രമുള്ള ഇദ്ദേഹം താലിബാന്റെ അടുത്ത നേതാവായി പരിഗണിക്കപ്പെടുന്നു. താലിബാന്റെ സൈനിക കമാൻഡറാണ്. യുഎസുമായുള്ള ദോഹ ചർച്ചയിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

Also Read:മുല്ലാ ഉമറിന്റെ വലംകൈ, താലിബാൻ രാഷ്ട്രീയകാര്യ മേധാവി; അഫ്ഗാന്റെ 'പുതിയ പ്രസിഡന്റ്' മുല്ലാ ബറാദർ ആരാണ്?

സിറാജുദ്ദീൻ ഹഖ്ഖാനി

വിവിധ അന്താരാഷ്ട്ര ഏജൻസികൾ ഭീകരപ്പട്ടികയിൽപ്പെടുത്തിയ ഹഖ്ഖാനി ശൃംഖലയുടെ മേധാവിയാണ് സിറാജുദ്ദീൻ ഹഖ്ഖാനി. ഇദ്ദേഹത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് മില്യൺ യുഎസ് ഡോളർ യുഎസ് ഗവൺമെന്റ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 

സിറാജുദ്ദീൻ ഹഖ്ഖാനി

പാകിസ്താനിൽ ബാല്യകാലം ചെലവഴിച്ച ഇദ്ദേഹം പഷ്തൂൺ വിഭാഗക്കാരനാണ്. ആഭ്യന്തര സംഘർഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് സിറാജുദ്ദീൻ നേതൃത്വം നൽകുന്നത്.

മുല്ല അബ്ദുൽ ഹകീം ഇസ്ഹാഖ്‌സായ്

താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. അധികാരത്തിലിരുന്ന കാലത്ത് ചീഫ് ജസ്റ്റിസായിരുന്നു. യുഎസുമായുള്ള ദോഹ ചർച്ചയിലെ അംഗമായിരുന്നു. കാണ്ഡഹാർ പ്രവിശ്യയിൽ നിന്നുള്ള പഷ്തൂൺ വംശജനാണ്. പാകിസ്താനിലെ ഖൈബർ പഖ്തൂൺ വാല പ്രവിശ്യയിലായിരുന്നു പഠനം.

താലിബാന്റെ ന്യായാധിപ സംവിധാനത്തിന്റെ നേതൃത്വമാണ് ഇദ്ദേഹത്തിനുള്ളത്.

പഷ്തൂൺ ഇതര താലിബാൻ

നേതാക്കളിൽ മിക്കവരും പഷ്തൂൺ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ് എങ്കിലും ഇതിന് പുറത്തുള്ളവരും താലിബാൻ നേതൃനിരയിലുണ്ട്. അഫ്ഗാന്റെ തെക്കുഭാഗത്തും പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും വസിക്കുന്ന ജനവിഭാഗമാണ് പഷ്തൂണുകൾ. 

യുഎസ് - താലിബാന്‍ ചര്‍ച്ചയില്‍ നിന്ന് 

ഖാരി ദീൻ മുഹമ്മദ്, അബ്ദുൽ സലാം ഹനഫി എന്നിവരാണ് ഇതിൽ പ്രധാനപ്പെട്ടവർ. യഥാക്രമം താജിക്, ഉസ്‌ബെക് ഗോത്രങ്ങളിൽനിന്നുള്ളവരാണ് ഇവർ. മുൻ താലിബാൻ സർക്കാറിൽ ഗവർണർമാരായിരുന്നു. ഇവരും ദോഹ ചർച്ചയിൽ അംഗങ്ങളായിരുന്നു.

ചുരുക്കത്തിൽ പഞ്ചതല അധികാരശ്രേണിയാണ് താലിബാനുള്ളത്. പരമോന്നത നേതാവ്, അദ്ദേഹത്തിന്റെ ഡെപ്യൂട്ടികൾ, ലീഡർഷിപ്പ് കൗൺസിൽ, കമ്മിഷൻ, ഭരണവിഭാഗം, ഏറ്റവും താഴെ ഗവർണർമാരും പ്രാദേശിക സൈനിക കമാൻഡർമാരും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News