യുഎസിൽ ജഡ്ജിയാകുന്ന ആദ്യ തെലുങ്ക് വനിത; ഇത് ജയ ബാഡിഗ കുറിച്ച ചരിത്രം !

നിയമന ഉത്തരവ് ഏറ്റുവാങ്ങി തെലുങ്കിൽ ജയ നടത്തിയ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

Update: 2024-05-25 06:43 GMT

യുഎസിൽ ജഡ്ജിയാകുന്ന ആദ്യ തെലുങ്ക് വനിതയായി ചരിത്രം കുറിച്ചിരിക്കുകയാണ് വിജയവാഡയിൽ ജനിച്ച ജയ ബാഡിഗ. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിൽ പ്രധാന ജഡ്ജ് ആണ് ഇനിമുതൽ ജയ. 2022 മുതൽ ഇതേ കോടതിയിൽ കമ്മിഷണറുമായിരുന്നു ഇവർ.

കലിഫോർണിയൻ ഗവർണർ ഗാവിൻ ന്യൂസമിൽ നിന്നും നിയമന ഉത്തരവ് ഏറ്റുവാങ്ങിക്കൊണ്ട് ജയ നടത്തിയ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ മാതൃഭാഷയായ തെലുങ്കിൽ പ്രസംഗം ആരംഭിച്ച ജയ, തെറ്റിൽ നിന്നും ശരിയിലേക്ക് തനിക്ക് വഴികാട്ടൂ എന്നർഥം വരുന്ന, അസതോ മാ സദ്ഗമയ ചൊല്ലി പ്രസംഗം അവസാനിപ്പിച്ചു. അന്യ നാട്ടിൽ അത്യുന്നതമായ നിലയിലെത്തിയിട്ടും തന്റെ പാരമ്പര്യവും സംസ്‌കാരവും മൂല്യങ്ങളും ചേർത്തു പിടിച്ച ജയയ്ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

Advertising
Advertising

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ജനിച്ച ജയ, യുഎസിലെ അറിയപ്പെടുന്ന ഫാമിലി ലോ സ്‌പെഷ്യലിസ്റ്റാണ്. പത്ത് വർഷത്തിലധികമായി ഈ മേഖലയിലാണ് ജയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും. 2022 മുതൽ സാക്രമെന്റോ കോടതിയിൽ ജയയുടെ സേവനമുണ്ട്. ജഡ്ജ് റോബർട്ട് എസ്.ലാഫം വിരമിച്ചതോടെയാണ് ഈ സ്ഥാനത്തേക്ക് ജയ നിയമിതയായത്. സാന്റാ ക്ലാര യൂണിവേഴ്‌സിറ്റി ഓഫ് ലോയിൽ നിന്നും ജൂറിസ് ഡോക്ടേഴ്‌സ് ഡിഗ്രിയും ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതാണ് ജയയുടെ അക്കാഡമിക് ചരിത്രം.

കലിഫോർണിയ ഡിപാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് കെയർ സർവീസിൽ അറ്റോർണിയായും കലിഫോർണിയ ഗവർണേഴ്‌സ് ഓഫീസിലെ എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചും സമൂഹസേവനത്തിലും ജയ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി അംഗം കൂടിയാണിവർ.

വിജയവാഡ സ്വദേശി ബഡിഗ രാമകൃഷ്ണന്റെ 4 മക്കളിൽ മൂന്നാമത്തെ ആളാണ് ജയ. ഹൈദരാബിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയ, യുഎസിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് യുഎസിലേക്ക് താമസം മാറി.

2009ൽ കലിഫോർണിയയുടെ ബാർ എക്‌സാമിൽ മികച്ച വിജയം കരസ്ഥമാക്കിയതാണ് ജയയുടെ കരിയറിറിലെ വലിയ വഴിത്തിരിവ്. തുടർന്ന് യുഎസിലെ തന്നെ മികച്ച നിയമജ്ഞരിൽ ഒരാളായി ജയ മാറുകയായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News