ട്രംപിന്റെ വലംകൈ, മസ്‌കിന് തലവേദന; ആരാണ് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ?
ഇലോൺ മസ്‌ക് 'പാമ്പ്' എന്ന് പരസ്യമായി വിളിച്ചിട്ടുണ്ട് ഗോറിനെ.. ട്രംപുമായി മസ്‌ക് തെറ്റാൻ ഒരു പ്രധാന കാരണമായി ഗോറിനെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്..
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ സെർജിയോ ഗോർ ആണ്... ട്രംപ് തന്നെയാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ നിർദേശിക്കുന്നത്. ഗോറിനെ വാനോളം പുകഴ്ത്തിയ ഒരു നീണ്ട കുറിപ്പിലൂടെ ആയിരുന്നു അംബാസഡർ സ്ഥാനത്തേക്ക് ഗോറിനെ നിയമിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം. നയതന്ത്രപദവിയിലേക്ക് ഗോറിനോളം യോഗ്യനായ ഒരാൾ വേറെ ഇല്ല എന്നുവരെ പൊക്കിയടിച്ചു ട്രംപ്.
നിലവിൽ വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറാണ് സെർജിയോ ഗോർ. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ഇന്ത്യയുടെ അംബാസഡറായി ട്രംപ് പ്രഖ്യാപിക്കുന്നത്. ദക്ഷിണ മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെർജിയോ പ്രവർത്തിക്കും. നിയമനം ഔദ്യോഗികമാകും വരെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറായി ഗോർ തുടരുമെന്നാണ് വിവരം.
തന്റെ പ്രിയസുഹൃത്തും ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുമാണ് ഗോർ എന്ന് വിശേഷിപ്പിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്. റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരിൽ ഇന്ത്യയ്ക്ക് 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്റെ നിയമനം ഏറെ നിർണായകമാണ്.
ട്രംപിനെ പോലെ തന്നെ അടിസ്ഥാനപരമായി ബിസിനസുകാരനാണ് സെർജിയോ ഗോർ. 1986ൽ ഉസ്‌ബെക്കിസ്താനിൽ ജനിച്ച ഇദ്ദേഹം 1999ലാണ് യുഎസ് പൗരത്വം നേടുന്നത്. മാൾട്ടയിൽ നിന്നായിരുന്നു യുഎസിലേക്കുള്ള കുടിയേറ്റം. പൗരത്വം നേടിയതിന് പിന്നാലെ വളരെപ്പെട്ടെന്നാണ് യുഎസിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ ഗോർ ഒരു പരിചിതമുഖമാകുന്നത്. വലതുപക്ഷ നിയമജ്ഞരുടെ വക്താവായും റിപബ്ലിക്കൻ നാഷണൽ കമ്മിറ്റി അംഗമായുമൊക്കെ പിന്നീട് പദവികളൊരുപാട് നേടുന്നുണ്ട് ഗോർ. 2020ൽ ഡോണൾഡ് ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാംപെയ്‌നിൽ പങ്കെടുത്തതോടെയാണ് ട്രംപിനോട് ചേർത്ത് ഇദ്ദേഹത്തിന്റെ പേര് വാർത്തകളിലിടം പിടിക്കാൻ തുടങ്ങിയത്. അന്ന് ക്യാംപെയ്‌നിന്റെ ഫണ്ട് റെയ്‌സിങ് ചുമതലയടക്കം ഗോറിനായിരുന്നു. പിന്നീട് അവിടെ നിന്ന് 2024ൽ, പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസ് ഡയറക്ടറായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.
പിന്നീട് ട്രംപ് അധികാരത്തിലേറി കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഇലോൺ മസ്‌കിന്റെ 'പാമ്പ്' പരാമർശം വരുന്നത്. ന്യൂയോർക്ക് പോസ്റ്റിന്റെ ഒരു റിപ്പോർട്ട് ആയിരുന്നു ആധാരം. പ്രസിഡൻഷ്യൽ ഓഫീസിന്റെ ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം 4000ത്തോളം ഫെഡറൽ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു ഗോർ. എന്നാൽ ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് നിറവേറ്റിയ ഗോർ പക്ഷേ പെർമെനന്റ് സെക്യൂരിറ്റി ക്ലിയറൻസ് പൂർത്തിയാക്കിയിട്ടില്ല എന്നായിരുന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്. ഈ ആർട്ടിക്കിൾ മസ്‌ക് റീപോസ്റ്റ് ചെയ്തു. ആ പോസ്റ്റിൽ മസ്‌കിന്റെ ക്യാപ്ഷൻ ആയിരുന്നു 'ഹീ ഈസ് എ സ്‌നേക്ക്' എന്നത്.
ഇത് വലിയ വിവാദങ്ങൾക്ക് കാരണമായി. എന്നാൽ സെക്യൂരിറ്റി ക്ലിയറൻസ് പൂർത്തിയാക്കാത്തതിനല്ല, മസ്‌കിന്റെ 'പാമ്പ്' പ്രയോഗം എന്നാണ് നാനാഭാഗത്ത് നിന്നും നിരീക്ഷണങ്ങളുയർന്നത്. ക്യാബിനറ്റ് മീറ്റിംഗുകളിൽ പലപ്പോഴും ഗോറും മസ്‌കും തമ്മിൽ വാക്കേറ്റമുണ്ടായതായി ഈ കാലയളവിൽ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ട്രംപുമായി മസ്‌ക് അകലാൻ ഗോർ വലിയ സ്വാധീനം ചെലുത്തി എന്നായിരുന്നു ഈ റിപ്പോർട്ടുകളിലൊക്കെയും സൂചിപ്പിച്ചിരുന്നത്.. ഇതിനൊരു കാരണമായി പറയപ്പെടുന്നത്, മസ്‌കിന്റെ വിശ്വസ്തനായ ജാറഡ് ഐസക്മാനെതിരെ തിരിയാൻ ട്രംപിനെ ഗോർ പ്രേരിപ്പിച്ചു എന്ന ആരോപണമാണ്. ഐസക്മാൻ നേരത്തേ ഡെമോക്രാറ്റുകൾക്ക് പല സന്ദർഭങ്ങളിലായി സംഭാവനകൾ നൽകിയതിന്റെ തെളിവുകൾ ഗോർ ട്രംപിന് കൈമാറി എന്നായിരുന്നു ആരോപണം. നാസയുടെ തലപ്പത്തേക്കുള്ള നോമിനി ആയിരുന്നു ആ സമയത്ത് ഐസക്മാൻ.
ഈ ആരോപണങ്ങൾക്ക് പിന്നാലെ ഗോറും മസ്‌കും തമ്മിൽ അസ്വാരസ്യങ്ങൾ കനത്തു. മസ്‌ക് ഡോജിന്റെ തലപ്പത്തായിരുന്ന സമയം തന്നെ ഇത് മൂർധന്യാവസ്ഥയിലെത്തി. യുഎസ് സർക്കാരിന്റെ അധികച്ചെലവ് കുറയ്ക്കാൻ ഉദ്ദേശിച്ച് രൂപീകരിച്ച വിഭാഗമാണല്ലോ ഡോജ്. ഡോജിൽ തന്റെ സ്വാധീനമുപയോഗിച്ച് വൈറ്റ് ഹൗസിലെ പല മുതിർന്ന ഉദ്യോഗസ്ഥരെയും മസ്‌ക് തഴയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രധാനി ആയിരുന്നു ഗോർ.
ചെലവുചുരുക്കലിന് വിപരീതമായി 4000 ഫെഡറൽ ഉദ്യോഗസ്ഥരെ ഗോർ നിയമിച്ചത് മസ്‌കിനെ ചൊടിപ്പിച്ചു. ഗോറിനെ ലക്ഷ്യം വെച്ച് മസ്‌ക് ഡോജിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാനും തുടങ്ങി. എന്നാൽ ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനങ്ങളുമായി ഒരു വിഭാഗം നേതാക്കളെ വരുതിയിലാക്കിയത് മസ്‌കിന് തിരിച്ചടിയായി. ഗോർ ഈ അവസരം നന്നായി മുതലെടുത്തു. മസ്‌കിന്റെ ടീമിനൊരു മറുവിഭാഗം എന്ന പോലെ കുറച്ചുപേരെ സംഘടിപ്പിച്ച് ഗോറും പോരിനിറങ്ങി. ഇത് മസ്‌കും ട്രംപും തമ്മിലുള്ള അകലത്തിന് തുടക്കമിട്ടു.
വൈറ്റ് ഹൗസ് വ്യവഹാരങ്ങളിൽ നിന്ന് മസ്‌കിനെ നീക്കാൻ മുൻകൈയെടുത്തും, ഡോജ് മുന്നോട്ട് വച്ച നിർദേശങ്ങൾ അവഗണിച്ചും, മസ്‌കിന്റെ വിശ്വസ്തതയിൽ പരസ്യമായി സംശയം പ്രകടിപ്പിച്ചുമൊക്കെയുള്ള ഗോറിന്റെ പ്രവൃത്തികൾ മസ്‌കിനും ട്രംപിനുമിടയിലുള്ള വിടവ് വലുതാക്കിയെന്നാണ് പരക്കെയുള്ള സംസാരം. ഇതൊടുവിൽ മസ്‌കിന്റെ രാജിയിൽ കലാശിച്ചു.
ഈ കാര്യങ്ങളൊക്കെ കൊണ്ടു തന്നെ ഗോറിനെതിരെ പറയാൻ കിട്ടുന്ന അവസരങ്ങളൊന്നും മസ്‌ക് വിട്ടുകളയാറില്ല. പാമ്പ് പരാമർശവും അത്തരത്തിലൊരു അവസരത്തിൽ ഉടലെടുത്തതാണ്.
പക്ഷേ മസ്‌കിന് ഗോറിനെ കുറിച്ചുള്ള അഭിപ്രായം അത്ര നല്ലതല്ലെങ്കിലും ഇന്ത്യയുടെ യുഎസ് അംബാസഡറായി ഗോർ എത്തുന്നതിന് പച്ചക്കൊട്ടി കാട്ടിയിട്ടുണ്ട് പല ഉദ്യോഗസ്ഥരും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്‌സിൽ കുറിച്ചത്, ഗോറിനോളം നല്ലൊരു നയതന്ത്രപ്രതിനിധി യുഎസിനുണ്ടാവില്ല എന്നാണ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആവട്ടെ, ഇന്ത്യയിൽ യുഎസിന്റെ ഏറ്റവും മികച്ച അംബാസഡറാവും ഗോർ എന്നും കുറിച്ചു.
തന്റെ ഏറ്റവുമടുത്ത, വിശ്വസ്തസുഹൃത്തിനെ നയതന്ത്രപ്രതിനിധിയായി നിയമിക്കുന്നതിലൂടെ, മോദിക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ് ട്രംപ് എന്നാണ് ഒരു വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് 'പൊളിറ്റികോ' റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള ക്രയവിക്രയങ്ങൾ അങ്ങേയറ്റം ഗൗരവമേറിയതാവണമെന്നും ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള ഏത് നീക്കത്തിലും പ്രസിഡന്റിന്റെ കൈകകടത്തലുണ്ടാവും എന്നുമുള്ള സിഗ്നലാണ് ഗോർ എന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഗോറിന്റെ നിയമനം ഒരു മുതല്ക്കൂട്ടായി ഇന്ത്യയ്ക്ക് വേണമെങ്കിൽ കണക്കിലാക്കാം. ട്രംപിനോട് അത്രയും അടുത്ത ഒരാൾ നയതന്ത്രപ്രതിനിധിയായി രാജ്യത്തുണ്ടാവുമ്പോൾ ട്രംപുമായുള്ള ആശയവിനിമയം കുറച്ചുകൂടി എളുപ്പത്തിലാവുമെന്നാണ് നിരീക്ഷണങ്ങൾ. താരിഫ് വിഷയത്തിലടക്കം ഇത് ഗുണമുണ്ടാക്കുമെന്ന് പ്രതീക്ഷയും ഉയരുന്നുണ്ട്. എന്തായാലും പുതിയ യുഎസ് പ്രതിനിധിയുടെ നിയമനത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ നയന്ത്രപരമായോ ഇന്ത്യയുമായോ കാര്യമായ പരിചയസമ്പത്തില്ലാത്ത ഒരാളെ പ്രതിനിധിയാക്കിയതിൽ ആശങ്ക സമൂഹമാധ്യമങ്ങളിൽ പലരും ഉയർത്തുന്നുണ്ട്.