റഷ്യൻ ഭൂകമ്പം യുഎസിനെ നടുക്കിയത് എങ്ങനെ? അപകടം പതിയിരിക്കുന്ന റിംഗ് ഓഫ് ഫയർ !
റഷ്യയിലുണ്ടായ സുനാമിയുടെ ഭീകരത വെളിപ്പെട്ടത്, പാഞ്ഞെത്തിയ തിരകൾ ജപ്പാൻ തീരവും കടന്നപ്പോഴാണ്...
ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട പ്രദേശത്ത് ഒരു വൻ ഭൂകമ്പമുണ്ടാകുക. അതിന്റെ പ്രതിധ്വനികൾ ആയിരക്കണക്കിന് മൈലുകൾ അപ്പുറം മറ്റ് രാജ്യങ്ങളിൽ വരെ അലയടിക്കുക... ദൂരദേശങ്ങളിൽ പോലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുക..
ബുധനാഴ്ച റഷ്യയുടെ കിഴക്കൻ പ്രദേശത്ത് ഉണ്ടായ ഒരു വൻ ഭൂകമ്പം, ജപ്പാൻ, യുഎസ് അടക്കമുള്ള രാജ്യങ്ങളെയെല്ലാം ഭീതിയിലാഴ്ത്തിയിരുന്നു..
റഷ്യയുടെ കിഴക്ക് ഭാഗത്ത്, 1250 കിലോമീറ്ററിലായി പരന്നു കിടക്കുന്ന ഒരു ഉപദ്വീപസമൂഹമാണ് കംചട്ക പെനിൻസുല. ഇവിടെയാണ് കഴിഞ്ഞ ദിവസം, റിക്ടർ സ്‌കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമുണ്ടായത്. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ആറാമത്തെ വലിയ ഭൂകമ്പമായിരുന്നു ഇത്.. ജപ്പാനിൽ 2011ലുണ്ടായ സുനാമിക്ക് വഴിവച്ച ഭൂചലനമാണ് ഭൂമിയിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലുത്. ആ ഭൂചലനത്തിൽ നിന്ന് നേരിയമാത്ര വ്യത്യാസത്തിലായിരുന്നു ഈ ഭൂചലനം.
യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രകാരം, 19.3 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ഭൂചലനം, പെട്രോപാവ്‌ലോസ്‌ക്-കാംചാട്‌സ്‌കി പ്രദേശത്ത് 119 കിലോമീറ്ററാകെ ദുരിതം വിതച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ കംചട്ക, അഗ്നിപർവതങ്ങളുടെ ബെൽറ്റ് എന്നറിയപ്പെടുന്ന റിംഗ് ഓഫ് ഫയറിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ഭൂമിയിലുള്ള അഗ്നിപർവതങ്ങളിൽ 75 ശതമാനവും ഇവിടെ ആയതിനാൽ ഭൂചലനങ്ങളിൽ 90 ശതമാനവും ഈ പ്രദേശത്ത് നിന്നാവും ഉണ്ടാവുക.
റിംഗോ ഓഫ് ഫയറിൽ പസഫിക് സമുദ്രത്തിന്റെ ഭാഗമായി വരുന്ന പ്രദേശത്താണ് കംചട്ക. തെക്കൻ ചിലിയിൽ തുടങ്ങി അലാസ്‌കൻ ദ്വീപുകൾ വഴി യുഎസിന്റെ വെസ്റ്റ് കോസ്റ്റ് വരെ പരന്ന് കിടക്കുന്ന ബെൽറ്റാണ് പസഫിക് റിംഗ് ഓഫ് ഫയർ. ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും ഈ ബെൽറ്റിൽ ഉൾപ്പെടും. ജപ്പാനിലൊക്കെ സദാ ഭൂകമ്പവും സുനാമിയുമൊക്കെ ഉണ്ടാകുന്നത്, ജപ്പാൻ ഈ റിംഗ് ഓഫ് ഫയർ ബെൽറ്റിൽ ആയതുകൊണ്ടാണ്.
ഭൂമിയുടെ 40,000 കിലോമീറ്ററിൽ ഒരു മോതിരവളയം കണക്കെ കിടക്കുന്ന പ്രദേശമായത് കൊണ്ടാണ് ഇതിന് റിംഗ് ഓഫ് ഫയർ എന്ന പേരുവന്നത്. ഭൂപ്രതലം നിർമിച്ചിരിക്കുന്ന ടെക്ടോണിക് പ്ലേറ്റുകളിൽ ഏറ്റവും വലുതായ പസഫിക് പ്ലേറ്റിൽ തുടങ്ങി, ഫിലിപ്പിൻ സീ പ്ലേറ്റ്, കോക്കോസ്, നാസ്‌കോ പ്ലേറ്റുകളിലായി വ്യാപിച്ച് പസഫിക് സമുദ്രത്തിൽ അവസാനിക്കും വിധമാണ് ഈ ഏരിയ ഉള്ളത്. അതുകൊണ്ട് തന്നെ, ഈ മേഖലയിലെ ഏത് രാജ്യത്ത് ഭൂകമ്പം ഉണ്ടായാലും മറ്റ് രാജ്യങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കാം..
ടെക്ടോണിക് പ്ലേറ്റുകളിൽ കാലങ്ങൾ കൊണ്ടുണ്ടായ സ്ഥാനചലനങ്ങളാണ് റിംഗ് ഓഫ് ഫയർ രൂപപ്പെടാനുണ്ടായ കാരണം. ടെക്ടോണിക് പ്ലേറ്റുകൾ സദാ ചലിച്ചുകൊണ്ടിരിക്കും, അങ്ങനെയാണ് ഭൂചലനമുണ്ടാകുന്നത്.. ഭൂചലനത്തിന്റെ ഭാഗമാണ് സുനാമി എന്നൊക്കെ നമ്മൾ നേരത്തേ തന്നെ കേട്ടിട്ടുണ്ടാവും.. ഇതാണ് ഇപ്പോൾ റഷ്യയിൽ സംഭവിച്ചിരിക്കുന്ന ഭൂകമ്പത്തിനും കാരണം.
കംചട്കയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ റഷ്യ സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായി സുനാമിത്തിരകൾ ആഞ്ഞടിച്ചു. ഈ സുനാമിയുടെ ഭീകരത വെളിപ്പെട്ടത്, പാഞ്ഞെത്തിയ തിരകൾ ജപ്പാൻ തീരവും കടന്നപ്പോഴാണ്. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ലെ സുനാമിയിൽ അപ്പാടെ തകർന്ന ആണവകേന്ദ്രമാണിത്. കാര്യമായ നാശനഷ്ടം രേഖപ്പെടുത്തിയില്ലെങ്കിലും സുരക്ഷ മുൻനിർത്തി 20 ലക്ഷം ആളുകളെ ജപ്പാനിൽ മാറ്റിപ്പാർപ്പിരുന്നു...
ജപ്പാനെ കൂടാതെ, റഷ്യൻ സുനാമിയിൽ മുന്നറിയിപ്പ് നൽകിയ മറ്റൊരു തീരമായിരുന്നു യുഎസിന്റെ വെസ്റ്റ് കോസ്റ്റ്. ഇവിടെ തീരപ്രദേശങ്ങളിലെല്ലാം ഒഴിപ്പിക്കൽ നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായി. ഇവിടെയൊക്കെ നിലവിൽ ജാഗ്രതാ നിർദേശങ്ങൾ പിൻവലിച്ചെങ്കിലും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും അലർട്ടുകൾ നിലവിലുണ്ട്. ഇതിൽ ചിലി ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തീരമേഖലയിലെ ആളുകളെ മുഴുവൻ ഒഴിപ്പിച്ചു. കൊളംബിയയിലും ഇക്വഡോറിലും സമാന സാഹചര്യം നിലനിൽക്കുന്നുണ്ട്.
ന്യൂസിലാൻഡിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇവിടെ 4 മീറ്ററോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കും എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ തീവ്രത കുറഞ്ഞ തിരമാലകളാണ് ഇവിടെ ഉണ്ടായത്. ചൈനയുടെ തീരപ്രദേശങ്ങളിലും സുനാമിത്തിരകളെത്താൻ സാധ്യത പ്രവചിച്ചതിനാൽ ഇവിടെയും ജാഗ്രതാ നിർദേശമുണ്ടായിരുന്നു.
ഇത്രയും രാജ്യങ്ങളിൽ ആശങ്ക പടർത്തിയ ഭൂകമ്പത്തിൽ റഷ്യയിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. കംചട്കയിൽ ചിലയിടത്ത് 15 മീറ്റർ വരെ തിരമാല ഉയർന്നു.. ആറ് മീറ്ററിൽ കുറഞ്ഞ ഒരു തിരമാലയും ഉണ്ടായില്ലെന്നാണ് റഷ്യൻ ഓഷ്യാനോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. 1.65 ലക്ഷം പേരാണ് കംചട്സ്‌കി നഗരത്തിൽ താമസം. ഇവിടെ കെട്ടിടങ്ങൾ തകർന്ന് ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തീരപ്രദേശം അപ്പാടെ മുങ്ങിയിരിക്കുകയാണ്.