'ട്രംപിന്റെ സത്യപ്രതിജ്ഞ കാണേണ്ട..'; വാഷിംഗ്ടൺ ഡി.സിയിലെ വീടുകൾ കാലി, പ്രതിഷേധം ശക്തം !

ഇത്രയും വൃത്തികെട്ട സ്ഥലം അമേരിക്കയുടെ ഭരണസിരാകേന്ദ്രമായി വച്ചുപൊറുപ്പിക്കില്ലെന്നും കൂടി പറഞ്ഞു ട്രംപ്...

Update: 2025-01-20 09:14 GMT

'ഒരു കറുത്ത വംശജയായി അമേരിക്കയിൽ ജീവിക്കേണ്ടി വരിക ഇനിയങ്ങോട്ട് എത്ര ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്കൂഹിക്കാം... അമേരിക്കയുടെ, ആളുകൾ കാണാൻ ആഗ്രഹിക്കാത്ത ഒരു മുഖമാണത്...'- ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ത് എന്ന ചോദ്യത്തിന് വാഷിംഗ്ടൺ ഡിസി സ്വദേശിയായ അലക്‌സാണ്ട്ര വിറ്റ്‌നി പങ്കുവച്ച മറുപടിയാണിത്. ട്രംപിന്റെ പ്രസിഡൻഷ്യൽ പദവിയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ ഒരാഴ്ച യാതൊരു വിധ ടെക്‌നോളജിയുമില്ലാതെ ഒരു ക്യാബിനിൽ കഴിച്ചുകൂട്ടാനാണ് അലക്‌സാണ്ട്രയുടെ പ്ലാൻ.

ട്രംപിന്റെ അധികാരത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന അനേകം ആളുകളിൽ ഒരാൾ മാത്രമാണ് അലക്‌സാണ്ട്ര. അമേരിക്കൻ ജനതയുടെ വലിയൊരു വിഭാഗം ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോഴും അലക്‌സാണ്ട്ര ചെയ്യുന്നത് പോലെ അക്രമരഹിതമായ പ്രതിഷേധങ്ങളും അമേരിക്കയിൽ കാണാം. 2021ലെ തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടപ്പോഴുണ്ടായ ക്യാപിറ്റോൾ കലാപം തന്റെയുള്ളിൽ നിന്ന് മായില്ലെന്നാണ് അലക്‌സാണ്ട്ര പറയുന്നത്.

Advertising
Advertising

ക്യാപിറ്റോളിലെ ലൈബ്രറി ജീവനക്കാരിയായിരുന്ന അലക്‌സാണ്ട്രയുടെ അമ്മ അക്രമികളുടെ കയ്യിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത് പകൽ പോലെ ഓർക്കുന്നുണ്ട് ഈ യുവതി. ട്രംപിന്റെ അധികാരത്തിന് എന്താ കുഴപ്പം എന്ന് ചോദിച്ചാൽ കുഴപ്പങ്ങളല്ലേ ഉള്ളൂ എന്ന് അലക്‌സാണ്ട്ര മറുപടി പറയും.. ഈ തെരഞ്ഞെടുപ്പിൽ മറ്റൊരു ഫലമായിരുന്നു തന്റെ പ്രതീക്ഷയെന്ന് നെടുവീർപ്പിടും...

ട്രംപിനോടുള്ള വിയോജിപ്പിനെ കുറിച്ച് അലക്‌സാണ്ട്ര പറയുന്നതിങ്ങനെയാണ്...

'ഈ രാജ്യത്ത് ഒരു കറുത്ത വംശജയായി ഇനി ജീവിക്കേണ്ടി വരുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് എനിക്കറിയാം. ഹാരിസിന്റെ വിജയം അത്രമേൽ ആഗ്രഹിക്കുമ്പോഴും ഈ രാജ്യം അതിന്റെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വനിതാ പ്രസിഡന്റിനെ വരവേൽക്കാൻ സജ്ജമായിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ട്രംപ് ആരാധകരുടെ വലിയ നിരയ്‌ക്കൊപ്പം അവർക്കോടിയെത്താൻ കഴിയില്ലെന്ന് എനിക്കൂഹിക്കാമായിരുന്നു.

എന്നിരുന്നാലും വെറുതെ എങ്കിലും ട്രംപ് പരാജയപ്പെടും എന്ന് ഞാൻ പ്രതീക്ഷിച്ചു. ക്യാപിറ്റോൾ കലാപത്തിൽ നിന്ന് അമേരിക്കക്കാർ പാഠം പഠിക്കുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ എന്റെ ധാരണ തെറ്റായിപ്പോയി. ഒരു കലാപത്തിനും ട്രംപിനെ തോൽപ്പിക്കാനായില്ല. ആ കലാപവും ട്രംപിന്റെ ആദ്യ ഭരണവും നൽകിയ പേടി വിട്ടുമാറാത്ത കാലത്തോളം ട്രംപിനോടെനിക്ക് യോജിക്കാനാവില്ല. ട്രംപിന്റെ ഭരണകാലം അമേരിക്ക മറക്കുമെന്ന എന്റെ വിശ്വാസം തെറ്റി...'

അലക്‌സാണ്ട്രയുടെ അതേ അഭിപ്രായമാണ് ഡിസിയിലെ മറ്റൊരു താമസക്കാരിയായ ടിയ ബട്‌ലറും പങ്ക് വയ്ക്കുന്നത്. ക്യാപിറ്റോൾ കലാപത്തിന്റെ നടുക്കുന്ന ഓർമകൾ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തന്നെ നിർബന്ധിക്കുകയാണെന്ന് അവർ പറയുന്നു. ഒരു വനിതയേക്കാൾ ഒരു ക്രിമിനൽ രാജ്യം ഭരിക്കുന്നതാണ് നല്ലത് എന്ന ചിന്താഗതിയുള്ളവരോട് തനിക്ക് യോജിക്കാനാവില്ലെന്ന് കൂട്ടിച്ചേർക്കുകയാണ് ടിയ.

വാഷിംഗ്ടൺ ഡിസിയിലെ ജനങ്ങൾ ട്രംപിന്റെ സത്യപ്രതിജ്ഞയോട് തലതിരിക്കുന്നതിന് ട്രംപിന്റെ തന്നെ ഒരു പ്രസ്താവനയും വലിയ കാരണമാണ്. വാഷിംട്ൺ ഡി.സിയെ പോലൊരു സ്ഥലം അമേരിക്കയ്ക്കാകെ നാണക്കേടാണെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഡി.സി ക്രിമിനലുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇത്രയും വൃത്തികെട്ട സ്ഥലം അമേരിക്കയുടെ ഭരണസിരാകേന്ദ്രമായി താൻ വച്ചുപൊറുപ്പിക്കില്ലെന്നും കൂടി പറഞ്ഞു ട്രംപ്. വലിയ വലിയ പദ്ധതികൾ കൊണ്ടുവന്ന് ഡി.സി പുനർനിർമിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇക്കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെയാണ് പലരും വീടൊഴിഞ്ഞും സ്ഥലത്തുള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കാതെയുമൊക്കെ ട്രംപിനോടുള്ള എതിർപ്പ് രേഖപ്പെടുത്തുന്നത്. ട്രംപിന്റെ സ്ത്രീവിരുദ്ധ, ട്രാൻസ് വിരുദ്ധ നിലപാടുകളും വലിയൊരു വിഭാഗത്തിന്റെ എതിർപ്പുകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30യ്ക്ക് സത്യപ്രതിജ്ഞ നടക്കാനിരിക്കെ അവസാനശ്രമമെന്നോണം വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങളും അമേരിക്കയിൽ നടക്കുന്നുണ്ട്. സ്ത്രീകളാണ് മിക്ക പ്രതിഷേധങ്ങളുടെയും മുൻ നിരയിലുള്ളത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News