വാഗ്ദാനം ചെയ്ത സിഇഒ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ ജോലി രാജിവെച്ചു; വർഷങ്ങൾക്ക് ശേഷം കമ്പനി സ്വന്തമാക്കി പഴയബോസിനെ പുറത്താക്കി മധുര പ്രതികാരം

ആപ്പിൾ ബീസ് എന്ന കമ്പനിയാണ് ജൂലിയ സ്റ്റുവർട്ട് സ്വന്തമാക്കിയത്

Update: 2025-09-01 10:31 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിങ്ടൺ: ജോലിയിൽ അർഹിച്ച പ്രമോഷൻ നിഷേധിക്കുന്നതും അവസരങ്ങൾ ഇല്ലാതാക്കുന്നതും പുതിയ സംഭവമല്ല. ഇതിന്റെ പേരിൽ രാജിവെച്ച് മറ്റൊരു ജോലി തേടി പോകുന്നതും സ്വാഭാവികമാണ്. വർഷങ്ങൾക്ക് ശേഷം അതേ കമ്പനിയിൽ തിരിച്ചെത്തി 'എട്ടിന്റെ പണി' തന്ന ബോസിനെ പുറത്താക്കാൻ സാധിച്ചാലോ. അതൊക്കെ വെറുമൊരു സ്വപ്നം മാത്രമാണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഇത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സംരംഭകയും റെസ്റ്റോറന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ ജൂലിയ സ്റ്റുവർട്ട്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സിഇഒ സ്ഥാനം അവകാശപ്പെട്ടതായിരുന്നിട്ടും നിഷേധിക്കപ്പെട്ടു. വര്‍ഷങ്ങൾക്ക് ശേഷം മധുരപ്രതികാരം പൂര്‍ത്തിയാക്കി കമ്പനി അവര്‍ സ്വന്തമാക്കി. പിന്നാലെ അന്നത്തെ ബോസിനെ പുറത്താക്കുകയും ചെയ്തു. താൻ ജോലി ചെയ്തിരുന്ന ആപ്പിൾ ബീസ് എന്ന കമ്പനിയാണ് ജൂലിയ സ്റ്റുവർട്ട് സ്വന്തമാക്കിയത്.

Advertising
Advertising

1990കളുടെ അവസാനം ആപ്പിൾബീസിൻ്റെ പ്രസിഡന്റായിരുന്ന ജൂലിയയോട് കമ്പനിയെ ലാഭത്തിലാക്കിയാൽ സിഇഒ സ്ഥാനം നൽകാമെന്ന് അന്നത്തെ മേധാവി വാഗ്ദാനം ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത അവർ ഒരു പുതിയ ടീമിനെ രൂപീകരിക്കുകയും മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയെ വിജയകരമായി ലാഭത്തിലാക്കുകയും ഓഹരി വില ഇരട്ടിയാക്കുകയും ചെയ്തു.

ഈ നേട്ടങ്ങളുടെ ആത്മവിശ്വാസത്തിൽ വാഗ്ദാനം ചെയ്ത പ്രൊമോഷനെക്കുറിച്ച് ജൂലിയ തൻ്റെ ബോസിനോട് സംസാരിച്ചു. എന്നാൽ 'നോ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്ത്കൊണ്ടെന്ന് ചോദിച്ചപ്പോൾ 'എനിക്ക് അതിന് ഉത്തരം നൽകേണ്ട കാര്യമില്ല' എന്നും അദ്ദേഹം പറഞ്ഞതായും ജൂലിയ പറഞ്ഞു.

പിന്നീട് ജൂലിയ കമ്പനി വിട്ട് ഐഎച്ച്ഒപിയിൽ ചേർന്നു. അഞ്ച് വർഷം കൊണ്ട് ഐഎച്ച്ഒപിയെ ഒരു വിജയകരമായ ബ്രാൻഡാക്കി മാറ്റിയ ശേഷം ജൂലിയ ഡയറക്ടർ ബോർഡിനോട് മറ്റൊരു ബ്രാൻഡ് കൂടി ഏറ്റെടുക്കാൻ നിർദേശിച്ചു. തുടർന്നുള്ള പഠനത്തിൽ ആപ്പിൾബീസ് ഏറ്റെടുക്കുന്നത് മികച്ച നീക്കമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ 2.3 ബില്യൺ ഡോളറിന് ആപ്പിൾബീസിനെ ഐഎച്ച്ഒപി സ്വന്തമാക്കുകയായിരുന്നു.

കമ്പനി ഏറ്റെടുത്തതിന് ശേഷം ജൂലിയ തൻ്റെ പഴയ ബോസിനെ വിളിക്കുകയും രണ്ട് കമ്പനികളും ഒന്നായതോടെ രണ്ട് സിഇഒമാരുടെ ആവശ്യമില്ലെന്നും പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ജൂലിയ അറിയിച്ചു. 70 വയസിലും സജീവമായി പ്രവർത്തിക്കുന്ന അവർ നിലവിൽ ബോജാങ്കിൾസിൻ്റെ ബോർഡ് അംഗവും ഒരു വെൽനസ് ആപ്പിൻ്റെ സ്ഥാപകയുമാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News