കോവിഡിനെ തുടർന്ന് രുചിയും മണവും നഷ്ടമായി; രണ്ടുവർഷത്തിന് ശേഷം കാപ്പിയുടെ മണം തിരിച്ചറിഞ്ഞ് യുവതി- വൈറൽ വീഡിയോ

നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ വീഡിയോക്ക് താഴെ കമന്‍റ് ചെയ്തത്

Update: 2023-04-09 14:54 GMT
Editor : Lissy P | By : Web Desk
Advertising

കൊറോണ വൈറസ് ലോകത്താകെയുള്ള മനുഷ്യരുടെ ജീവിതത്തെ കീഴ്‌മേൽ മറിച്ചിരുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരുടെ വരെ ജീവിതത്തെ അത് മാറ്റി മറിച്ചു. ചിലർക്ക് രോഗം ബാധിച്ചെങ്കിലും അത് വേഗത്തിൽ മാറി. എന്നാൽ മറ്റ് ചിലർക്ക് കോവിഡ് മാറിയിട്ടുംഅതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങൾ മാറാനായി ആഴ്ചകളും മാസങ്ങളും വർഷങ്ങളുമെടുത്തു .

ഇപ്പോഴിതാ, കൊവിഡുമായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷം ആദ്യമായി കാപ്പിയുടെ മണവും രുചിയും അനുഭവിച്ച ഒരു സ്ത്രീയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ക്ലീവ്ലാൻഡ് ക്ലിനിക്കാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ യുവതി ഒരു കപ്പ് കാപ്പി മൂക്കിന് നേരെ ഉയർത്തുന്നതും മണക്കുന്നതും കാണാം. അതിന് ശേഷം അവൾ പൊട്ടിക്കരയുകയാണ്. വിറയ്ക്കുന്ന ശബ്ദത്തോടെയും കണ്ണുനീരോടെയും അവൾ പറഞ്ഞു: 'അതെ എനിക്ക് മണക്കാൻ കഴിയുന്നുണ്ട്..'

ജെന്നിഫർ ഹെൻഡേഴ്സൺ 54 കാരിക്ക് 2021 ജനുവരിയിലാണ് രോഗം ബാധിച്ചതെന്ന് 'യുഎസ്എ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു. രോഗം മാറിയിട്ടും ജെന്നിഫറിന് ഗന്ധം നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കുന്നത് പോലും അറിയാതെയായി. പിന്നീട് നീണ്ട ചികിത്സയുടെ ഭാഗമായാണ് ജെന്നിഫറിന് മണക്കാനുള്ള കഴിവ് തിരിച്ചുകിട്ടിയത്. ഏതായാലും വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ വീഡിയോക്ക് താഴെ കമന്റായി നൽകിയത്. മൂന്ന് വർഷത്തോളമായി ഇപ്പോഴും എനിക്ക് പഴയതുപോലെ രുചിയും മണവും അറിയില്ലെന്ന് ഒരാൾ കമന്റ് ചെയ്തു. മണത്തോടൊപ്പം രുചിയും നഷ്ടമായിരുന്നു. ഈ ഇന്ദ്രിയങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്. അത് നമ്മുടെ മാനസികാരോഗ്യത്തെ പോലും ബാധിക്കും..മറ്റൊരാൾ കമന്റ് ചെയ്തു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News