212 ഗ്രാമിൽനിന്ന് 6.3 കിലോയിലേക്ക്; അതിജീവിച്ച് ലോകത്ത് പിറന്നതിൽ ഏറ്റവും ചെറിയ കുഞ്ഞ്

13 മാസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം ആരോഗ്യവതിയായി ക്വെക് യു ഷുവാന്‍ ആശുപത്രി വിട്ടു.

Update: 2021-08-10 05:21 GMT

അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും ലോകത്തെ ഞെട്ടിച്ച് ക്വെക് യു ഷുവാന്‍ എന്ന പിഞ്ചോമന. ലോകത്ത് പിറന്നതിൽ ഏറ്റവും ചെറിയ കുഞ്ഞാണ് കഴിഞ്ഞവർഷം ജൂൺ ഒമ്പതിന് സിങ്കപ്പൂരിലെ ദേശീയ സർവകലാശാല ആശുപത്രിയില്‍ ജനിച്ച ക്വെക്. 212 ഗ്രാമായിരുന്നു പിറന്നുവീഴുമ്പോള്‍ അവളുടെ ഭാരം. എന്നാല്‍, 13 മാസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം 6.3 കിലോഗ്രാം തൂക്കമുള്ള, ആരോഗ്യമുള്ള കുഞ്ഞായാണ് അവൾ വീട്ടിലേക്കു മടങ്ങുന്നത്. 

അമ്മയ്ക്ക് രക്തസമ്മർദം ഉയരുന്ന കടുത്ത രോഗമുണ്ടായതിനെ തുടർന്ന് ഗർഭത്തിന്റെ 25-ാം ആഴ്ചയിലാണ് ശസ്ത്രക്രിയയിലൂടെ ക്വെകിന്‍റെ ജനനം. 24 സെന്‍റിമീറ്റര്‍ മാത്രമായിരുന്നു അവളുടെ നീളം. 212 ഗ്രാം തൂക്കമെന്നാല്‍ കേവലമൊരു ആപ്പിളിന്‍റെ ഭാരം മാത്രമായിരുന്നു ക്വെകിനുണ്ടായിരുന്നത്. എന്നാല്‍, അതിവിദഗ്ധ ചികിത്സയിലൂടെ കുഞ്ഞിന്‍റെ ഭാരം 6.3 കിലോഗ്രാമിലെത്തിക്കാന്‍ ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചു.

Advertising
Advertising

ശ്വാസകോശ രോഗങ്ങളുള്ളതിനാൽ ക്വെക്കിന് വീട്ടിൽ ശ്വസനസഹായി വേണ്ടിവരുമെന്നും കാലക്രമേണ അവൾ പൂർണസുഖം പ്രാപിക്കുമെന്നുമാണ് അവളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇപ്പോള്‍, മാസം തികയാതെ പിറന്നിട്ടും അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണ് ക്വെക് യു ഷുവാന്‍. 2018ൽ യു.എസിൽ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും 245 ഗ്രാമായിരുന്നു ആ പെണ്‍കുഞ്ഞിന്‍റെ ഭാരം. 

''ജനനസമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാൻ ലോകത്തെ മുഴുവൻ പ്രേരിപ്പിക്കുന്നതാണ് ക്വെക്കിന്റെ അതിജീവനം. കോവിഡ് പ്രതിസന്ധികളിൽ പ്രതീക്ഷയുടെ കിരണം"- ആശുപത്രി പ്രസ്താവനയിൽ വിശേഷിപ്പിച്ചു. ക്വെക്കിന്‍റെ ചികിത്സയ്ക്കായി രണ്ടു കോടിയോളം രൂപ നാട്ടുകാര്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായിരുന്നു.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News