ത്രെഡ്‌സിൽ ജാക്ക് ഡോർസിക്ക് ഫോളോ റിക്വസ്റ്റ് അയച്ച് സക്കർ ബർഗ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഫോളോ റിക്വസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് ജാക്ക് ഡോർസി ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു
ഇലോൺ മസ്‌ക്കിന്റെ ട്വിറ്ററിന് വെല്ലുവിളിയുയർത്തി മെറ്റ അടുത്തിടെ പുറത്തിറക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ത്രഡ്‌സ്. ഇതിനോടകം 150 മില്ല്യൺ ഡൗൺലോഡുകൾ നേടിയ ഈ ആപ്പ് ഒരു മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമാണ്. ഇപ്പോഴിതാ മെറ്റയുടെ അമരക്കാരനായ മാർക്ക് സക്കർ ബർഗ് ട്വിറ്റർ സ്ഥാപകനായ ജാക്ക ഡോർസിക്ക് ത്രഡ്‌സിൽ ഫോളോ റിക്വസ്റ്റ് അയച്ചിരിക്കുകയാണ്. ഇക്കാര്യം ട്വിറ്ററിലുടെ ജാക്ക് ഡോർസി പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ അതേറ്റെടുത്തിരിക്കുകയാണ്. ജാക്ക് ഡോർസിയുടെ പോസ്റ്റിന് ഇതിനോടകം ഒരു മില്ല്യണിലധികം വ്യൂസും പതിനെട്ടായിരം ലൈക്കും ലഭിച്ചു.
സക്കർ ബർഗിനെ ബ്ലോക്ക് ചെയ്യാനാണ് ഒരു ഫോളോവർ ഡോർസിയുടെ പോസ്റ്റിന് കമന്റിട്ടത്. ഇലോൺ മസ്‌ക്കിന് തന്റെ സ്വന്തം പ്ലാറ്റ്‌ഫോമിൽ നിന്ന് 148 മില്ല്യൺ ഫോളോവേഴ്‌സ് ലഭിച്ചപ്പോൾ സക്കർ ബർഗിന് സ്വന്തം പ്ലാറ്റ് ഫോമായ ത്രഡ്്‌സിൽ മൂന്ന് മില്ല്യൺ ഫോളോവേഴ്‌സിനെയാണ് ലഭിച്ചതെന്ന് മറ്റൊരു ഫോളോവറും കമന്റ് ചെയ്തു.
നേരത്തെ ത്രഡ്‌സ് ആവി ആവശ്യത്തിലധികം വിവരങ്ങൾ ചോർത്തുന്നുവെന്ന് ജാക്ക് ഡോർസി ആരോപിച്ചിരുന്നു. കൂടാതെ 'നിങ്ങളുടെ ത്രെഡ്സ് എല്ലാം ഞങ്ങളുടേതാണ്' എന്ന പരിഹാസ കുറിപ്പോടെ ജാക്ക് ഡോർസി ത്രെഡ്സ് ആപ്പ് ഉപയോക്താക്കളുടെ എന്തെല്ലാം വിവരങ്ങൾ ശേഖരിക്കുമെന്ന് വ്യക്തമാകുന്ന ഡാറ്റാകളക്ഷൻ നോട്ടീസിന്റെ സ്‌ക്രീൻ ഷോട്ട് ട്വിറ്ററിലൂടെ പങ്ക് വെക്കുകയും ചെയ്തിരുന്നു.